ബ്രെക്‌സിറ്റും ഇന്ത്യന്‍ ഐ ടി രംഗവും

താത്കാലികമായി സംഭവിക്കുന്ന നഷ്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബ്രിട്ടന്‍ കറന്‍സിയായ പൗണ്ടിന് സംഭവിച്ച തകര്‍ച്ചയിലൂടെയാണ്. ഇതുവഴി നിലവില്‍ ഇന്ത്യന്‍ ഐ ടി കമ്പനികളുമായുള്ള പല കരാറുകളും നഷ്ടത്തിലാകും. പൗണ്ടിന് ഉയര്‍ന്ന വിലയുള്ളപ്പോള്‍ ഏര്‍പ്പെട്ട കരാറുകള്‍ പ്രകാരമുള്ള ബിസിനസുകളെയായിരിക്കും ഇത് ബാധിക്കുക. മറ്റൊന്ന് യൂറോപ്യന്‍ യൂനിയനിലേക്കുള്ള 'ഗേറ്റ് വേ' ആയി വര്‍ത്തിക്കുന്ന ബ്രിട്ടനില്‍ നിന്നും ഇന്ത്യന്‍ കമ്പനികളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സുകള്‍ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വരുന്നത് മൂലമുള്ള ചെലവുകളാണ്. നിലവില്‍ 800 ഓളം ഇന്ത്യന്‍ കമ്പനികളിലായി ഒരു ലക്ഷത്തിലധികം പേര്‍ അവിടെ ജോലി ചെയ്യുന്നുണ്ടെന്ന് അറിയുമ്പോഴാണ് ഐ ടി കമ്പനികള്‍ക്ക് ബ്രിട്ടനിലുള്ള കമ്പോളത്തിന്റെ വില മനസ്സിലാകുന്നത്. ഒരു രാജ്യത്തെ ബിസിനസിനു വേണ്ടി മാത്രം ഇത്രയധികം തൊഴിലാളികള്‍ ആവശ്യമായി വരില്ല. ഇവരെ മാറ്റി സ്ഥാപിക്കുക എന്നതും കമ്പനികള്‍ അടിയന്തരമായി നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ്.
Posted on: July 13, 2016 6:00 am | Last updated: July 12, 2016 at 11:50 pm
SHARE

internship_program_developmentബ്രെക്‌സിറ്റിന് അഥവാ യൂറോപ്യന്‍ യൂനിയനില്‍ നിന്നു വേര്‍പിരിയുന്നതിന് ബ്രിട്ടന്‍ പച്ചക്കൊടി കാട്ടിയതോടെ ഇന്ത്യന്‍ ഐ ടി കമ്പനികള്‍ ഭാവിയെക്കുറിച്ച് ആശങ്കയും അതേസമയം പ്രതീക്ഷകളും വെച്ചുപുലര്‍ത്തുകയാണ്. വാണിജ്യ – സാമ്പത്തിക രംഗങ്ങളില്‍ ബ്രിട്ടനുമായി വളരെ മെച്ചപ്പെട്ട ബന്ധം പുലര്‍ത്തിപ്പോരുന്ന ഇന്ത്യയെ വിവരസാങ്കേതിക രംഗത്ത് ഈ വേര്‍പിരിയല്‍ എങ്ങനെയെല്ലാം ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും സമീപഭാവിയില്‍ രാജ്യത്തെ ഐ ടി കമ്പനികള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് തന്നെയാണ് ഇന്ത്യന്‍ ഐ ടി ഇന്റഡസ്ട്രിയല്‍ ബോഡിയായ നാസ്‌കോം (നാഷനല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ്) പറയുന്നത്. ഐ ടി കമ്പനികള്‍ക്ക് താത്കാലികമായെങ്കിലും ചില നഷ്ടങ്ങള്‍ വരുത്തുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ബ്രെക്‌സിറ്റ് നേട്ടമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താത്കാലികമായി സംഭവിക്കുന്ന നഷ്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബ്രിട്ടന്‍ കറന്‍സിയായ പൗണ്ടിന് സംഭവിച്ച തകര്‍ച്ചയിലൂടെയാണ്. ഇതുവഴി നിലവില്‍ ഇന്ത്യന്‍ ഐ ടി കമ്പനികളുമായുള്ള പല കരാറുകളും നഷ്ടത്തിലാകും. പൗണ്ടിന് ഉയര്‍ന്ന വിലയുള്ളപ്പോള്‍ ഏര്‍പ്പെട്ട കരാറുകള്‍ പ്രകാരമുള്ള ബിസിനസുകളെയായിരിക്കും ഇത് ബാധിക്കുക. അതുപോലെ യൂറോപ്യന്‍ യൂനിയനിലേക്കുള്ള ‘ഗേറ്റ് വേ’ ആയി വര്‍ത്തിക്കുന്ന ബ്രിട്ടനില്‍ നിന്നും ഇന്ത്യന്‍ കമ്പനികളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സുകള്‍ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വരുന്നത് മൂലമുള്ള ചെലവുകളാണ്. നിലവില്‍ 800 ഓളം ഇന്ത്യന്‍ കമ്പനികളിലായി ഒരു ലക്ഷത്തിലധികം പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിയുമ്പോഴാണ് ഐ ടി കമ്പനികള്‍ക്ക് ബ്രിട്ടനിലുള്ള കമ്പോളത്തിന്റെ വില മനസ്സിലാകുന്നത്. ഒരു രാജ്യത്തെ ബിസിനസിനു വേണ്ടി മാത്രം ഇത്രയധികം തൊഴിലാളികള്‍ ആവശ്യമായി വരില്ല. ഇവരെ മാറ്റി സ്ഥാപിക്കുക എന്നതും കമ്പനികള്‍ക്ക് അടിയന്തരമായി നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ്. ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നും വേര്‍പിരിയുന്നതിന് ഭൂരിപക്ഷം ലഭിച്ചതോടെ വാണിജ്യ രംഗത്ത് ബ്രിട്ടന് സംഭവിച്ചേക്കാവുന്ന തകര്‍ച്ച നേരിടുന്നത് രാജ്യം പല ഇളവുകളും ഇന്ത്യക്കായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് ഐ ടി കമ്പനികള്‍ക്കുള്ളത്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഫലം ചെയ്യുമെന്നതാണ് ബ്രെക്‌സിറ്റ് നല്‍കിയേക്കാവുന്ന നേട്ടം. ഇതിന്റെ ഭാഗമായി വാണിജ്യ വിസകള്‍ കുറഞ്ഞവിലക്ക് ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ബ്രിട്ടന്‍ ആലോചിക്കുന്നുണ്ട്.
ഐ ടി രംഗത്ത് മാത്രമല്ല ഇന്ത്യയുടെ വിദേശനിക്ഷേപം, വാണിജ്യ-വ്യാപാരരംഗം, തൊഴിലവസരം, രാഷ്ട്രീയ ബന്ധം തുടങ്ങി വിവിധ മേഖലകള്‍ ബ്രെക്‌സിറ്റിനെ തുടര്‍ന്ന് ഭാവിയെന്താകുമെന്ന ചിന്തയിലാണ്. അടിസ്ഥാനഘടകങ്ങള്‍ ശക്തമായതിനാല്‍ ബ്രെക്‌സിറ്റ് മൂലം സംഭവിച്ചേക്കാവുന്ന എന്തിനേയും നേരിടാന്‍ ഇന്ത്യന്‍ സാമ്പത്തിക – വാണിജ്യരംഗം ശക്തമാണെന്നാണ് ഇതുസംബന്ധിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിക്കുന്നത്.
ഇന്ത്യന്‍ ഐ ടി വ്യവസായ വരുമാനത്തിന്റെ 85-90 ശതമാനവും രാജ്യത്തിനു പുറത്തുനിന്നാണ്. ഐ ടി ബിസിനസില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിദേശ മാര്‍ക്കറ്റാണ് യൂറോപ്പ്. 110 ബില്യന്‍ ഡോളര്‍ വിദേശ വരുമാനത്തില്‍ 62 ശതമാനം അമേരിക്കയും 30 ശതമാനത്തിനടുത്ത ബ്രിട്ടന്‍ ഉള്‍ക്കൊണ്ടിരുന്ന യൂറോപ്പുമായിരുന്നു. ഇതില്‍ 17 ശതമാനവും ബ്രിട്ടനില്‍ നിന്നാണ്. പൗണ്ടിന് സംഭവിച്ച തകര്‍ച്ച മൂലം ഇന്ത്യന്‍ ഐ ടി കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം മറികടക്കണമെങ്കില്‍ ഈ കമ്പനികളുമായുള്ള കരാറുകള്‍ പുതുക്കേണ്ടി വരും. ഇത് എത്രത്തോളം സാധ്യമാകുമെന്നത് കമ്പനികള്‍ ആശങ്കോടെയാണ് കാണുന്നത്.
ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ, ടി സി എസ്, മിന്‍ഡ്ട്രീ തുടങ്ങി ഇന്ത്യന്‍ ഐ ടി ഭീമന്മാരെല്ലാം ബ്രിട്ടനെ വലിയ കമ്പോളമായി ഉപയോഗിക്കുന്നവരാണ്. ഏതായാലും ഇവരെല്ലാം ഇപ്പോഴുള്ള അവസ്ഥയെക്കുറിച്ച് പറയുന്നത് കാത്തിരുന്നു കാണാം എന്നു തന്നെയാണ്. കാരണം വേര്‍പിരിയലിന് ശേഷം ബ്രിട്ടന്റെ നയങ്ങളിലും ഭരണതലത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട് എന്നത് കൊണ്ടാണിത്. ബ്രെക്‌സിറ്റിന് അനുകൂലമായി വിധിയെഴുത്തുണ്ടായ ജൂണ്‍ 23ന് ഇന്ത്യന്‍ ഐ ടി ഭീമന്മാരുടെ ഓഹരികള്‍ക്ക് ഒന്നു മുതല്‍ നാലു ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ വലിയ ഐ ടി കമ്പനിയായ വിപ്രോയുടെ ബ്രിട്ടനിലെ ഓഫീസുകളില്‍ 4,000ത്തോളം ജീവനക്കാര്‍ ജോലിയെടുക്കുന്നുണ്ട്. 2016 മാര്‍ച്ച് വരെയുള്ള വിപ്രോയുടെ വരുമാനത്തിന്റെ 25 ശതമാനത്തിലധികവും ഇന്‍ഫോസിസിന്റെ 23 ശതമാനത്തിലധികവും യൂറോപ്പില്‍ നിന്നായിരുന്നു.
ഇപ്പോള്‍ ഇന്ത്യന്‍ വാണിജ്യ സമൂഹം ബ്രിട്ടനുമായി നടത്തുന്ന ഇടപാടുകള്‍ നിലനിര്‍ത്തിപ്പോരണമെങ്കില്‍ പല ഇളവുകളും പദ്ധതികളും പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണ് ബ്രിട്ടനുള്ളതെന്നതാണ് ബ്രെക്‌സിറ്റ് ഇന്ത്യന്‍ സംരംഭകര്‍ക്ക് നല്‍കുന്ന പ്രതീക്ഷ. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പിന്മാറിയതോടെ ഇന്ത്യന്‍ വാണിജ്യ- ഐ ടി കമ്പനികളുടെ ‘ഗേറ്റ് വേ’ എന്ന പദവി നഷ്ടപ്പെടുന്നുവെന്നതിനാല്‍’ബ്രിട്ടനില്‍ നിന്ന് യൂറോപ്യന്‍ രാഷ്ട്രങ്ങളുമായി സ്വതന്ത്ര വ്യാപാരം അസാധ്യമാകുന്നതോടെ മറ്റേതെങ്കിലും യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഓഫീസുകളും ഹെഡ്ക്വാര്‍ട്ടേഴ്‌സുകളും തുറക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാണ്.’വാണിജ്യ, ടൂറിസം രംഗങ്ങളിലടക്കം ഇന്ത്യക്കാര്‍ക്കുള്ള വിസാ നിയമങ്ങളില്‍ അയവ് വരുത്താനുള്ള തീരുമാനം ബ്രിട്ടന്‍ സ്വീകരിക്കുന്നുവെന്നത് ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്താന്‍ രാജ്യം ശ്രമിക്കുന്നു എന്നതിന് തെളിവാണ്. കുറഞ്ഞ ചെലവില്‍ ദീര്‍ഘകാല വിസകള്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നല്‍കാനുള്ള പദ്ധതികള്‍ക്കാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഭാവിയില്‍ വാണിജ്യരംഗത്ത് തകര്‍ച്ചയുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുള്ള നടപടികള്‍ക്കാണ് ബ്രിട്ടന്‍ ഇപ്പോള്‍ മുന്‍തൂക്കം കൊടുക്കുന്നത്. നിലവില്‍ ചൈനക്കാര്‍ക്ക് നല്‍കിവരുന്ന പല ഇളവുകളും ഇന്ത്യക്കാര്‍ക്കും ബാധകമാക്കാനാണ് ബ്രിട്ടനിലെ സര്‍ക്കാര്‍ ശ്രമങ്ങള്‍. രണ്ട് വര്‍ഷത്തേക്ക് ഇന്ത്യക്കാര്‍ക്ക് 330 പൗണ്ടാണ് ഇപ്പോഴത്തെ വിസാ ഫീസെങ്കില്‍ ചൈനക്ക് നല്‍കുന്ന 87 പൗണ്ടിന് തന്നെ ഇന്ത്യക്കാര്‍ക്കും വിസ ലഭ്യമാക്കും.
2015ലെ തിരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നല്‍കിയ വാഗ്ദാനമാണ് ഹിതപരിശോധനയെങ്കിലും യൂറോപ്യന്‍ യൂനിയന്‍ വിടാന്‍ തീരുമാനിച്ചാല്‍ ഭാവി സംബന്ധിച്ച് എന്തെല്ലാം നടപടികളെടുക്കണം എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല എന്നത് തന്നെയാണ് ഈ വേര്‍പിരിയലിന് പിന്നിലെ ഏറ്റവും വലിയ അപകടം. വാണിജ്യാവശ്യങ്ങള്‍ക്കായി യൂറോപ്യന്‍ യൂനിയനിലെ മറ്റ് രാഷ്ട്രങ്ങളുടെ മാര്‍ക്കറ്റ് ഉപയോഗിക്കുക, ലോകരാഷ്ട്രങ്ങള്‍ക്ക് ബ്രിട്ടനിലൂടെ യൂറോപ്യന്‍ യൂനിയനുമായി ബന്ധപ്പെടുക എന്നതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ല. ഇന്ത്യ ഇപ്പോള്‍ തന്നെ നെതര്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുമായി വാണിജ്യ ഇടപാടുകള്‍ നടത്തിവരുന്നുണ്ട്. ഇതിലേതെങ്കിലും രാജ്യത്തെ യൂറോപ്യന്‍ യൂനിയനിലേക്കുള്ള ‘ഗേറ്റ് വേ’ ആയി രൂപപ്പെടുത്തേണ്ടതായി വരും. ഇപ്പോള്‍ തന്നെ വിദേശ നിക്ഷേപ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃദ് രാജ്യങ്ങളിലൊന്നാണെന്നത് നെതര്‍ലാന്‍ഡ് ‘ഐ ടി ഹബ്’ ആയി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വിധിയുണ്ടായതോടെ ഡേവിഡ് കാമറൂണ്‍ രാജി വെക്കുകയാണ്. പകരം പ്രധാനമന്ത്രിയായി നിലവില്‍ കാമറൂണ്‍ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയുമായ തെരേസ് മെയ് അധികാരമേല്‍ക്കും. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണം എന്ന പക്ഷക്കാരിയായിരുന്നുവെങ്കിലും പ്രധാനമന്ത്രിയായാല്‍ ഹിത പരിശോധനാ ഫലം നടപ്പാക്കുമെന്നാണ് തെരേസയുടെ നിലപാട്. യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന നിലപാടുകാരിയും ഊര്‍ജമന്ത്രിയുമായ ആന്‍ഡ്രിയ ലിസ്ഡം പിന്മാറിയതോടെയാണ് തെരേസക്ക് പ്രധാനമന്ത്രിപദത്തിലേക്ക് വഴിതുറന്നത്. ബ്രിട്ടന്റെ ചരിത്രത്തിലെ രണ്ടാത്തെ വനിതാ പ്രധാനമന്ത്രിയായി തെരേസ വരുന്നതോടെ ഉണ്ടാകുന്ന രാഷ്ട്രീയ നിലപാടുകളും ബ്രിട്ടനും യൂറോപ്യന്‍ യൂനിയനുമായുള്ള വാണിജ്യ ബന്ധങ്ങളും ഇന്ത്യയുടെ ഐ ടി കമ്പനികളുടെ ഭാവി നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുണ്ടായിരിക്കും. ഏതായാലും യൂറോപ്യന്‍ യൂനിയനില്‍നിന്ന് വേര്‍പിരിയലിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യം ഒരു നയത്തില്‍ കീഴില്‍വരാന്‍ ഏതാണ്ട് രണ്ടുവര്‍ഷത്തോളം എടുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുവരെയുള്ള സംഭവവികാസങ്ങള്‍ ‘കാത്തിരുന്ന് കാണുക’ തന്നെയാകും ഇന്ത്യന്‍ ഐ ടി കമ്പനികളുടെ മുമ്പിലുള്ള വഴി.