Connect with us

Business

യു എ ഇ എണ്ണയിതര വിദേശ വ്യാപാരം 27,000 കോടി ദിര്‍ഹം

Published

|

Last Updated

ഈ വര്‍ഷം ആദ്യപാദത്തില്‍ യു എ ഇയുടെ എണ്ണയിതര വിദേശ വ്യാപാരം 269.5 ബില്യണ്‍ ദിര്‍ഹം. കഴിഞ്ഞ വര്‍ഷം ഇതേ നിലയിലായിരുന്നുവെന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി (എഫ് സി എ) അറിയിച്ചു. എണ്ണയിതര വിദേശ വ്യാപാരത്തിന്റെ പകുതിയും ഇറക്കുമതിയാണ്. 16,610 കോടി ദിര്‍ഹത്തിന്റെ ഇറക്കുമതിയാണ് നടത്തിയത്. 4,680 കോടിയുടെ കയറ്റുമതിയും 5,660 കോടിയുടെ പുനര്‍ കയറ്റുമതിയും നടത്തി. ഭാരത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ 484 ലക്ഷം ടണ്ണാണ് എണ്ണയിതര വസ്തുക്കളുടെ വ്യാപാരം. 180 ലക്ഷം ടണ്‍ ഇറക്കുമതി ചെയ്തു. കയറ്റുമതി 282 ലക്ഷം ടണ്ണും പുനര്‍കയറ്റുമതി 22 ലക്ഷം ടണ്ണുമാണ്. ഏഷ്യാ-ആസ്‌ത്രേലിയ വന്‍കരകളിലെ രാജ്യങ്ങളുമായാണ് ഈ വര്‍ഷം ആദ്യപാദത്തില്‍ യു എ ഇ എണ്ണയിതര വസ്തുക്കളുടെ വ്യാപാരം കൂടുതല്‍ നടത്തിയത്. യു എ ഇയുടെ തന്ത്രപ്രധാനമായ പങ്കാളി രാജ്യങ്ങളില്‍ കുറയുന്ന കയറ്റിറക്കുമതി മന്ദഗതിയിലാകുന്നത് വകവെക്കാതെ ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ സ്ഥിരത കാണിച്ചതായി എഫ് സി എ ചെയര്‍മാന്‍ അലി മാജിദ് അല്‍ മന്‍സൂരി വ്യക്തമാക്കി. അബുദാബി പ്രാദേശിക സമ്പദ് വ്യവസ്ഥ കഴിഞ്ഞ വര്‍ഷം നാലാം പാദത്തെ അപേക്ഷിച്ച് എണ്ണയിതര മേഖലകളില്‍ ശക്തമായ വളര്‍ച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ആദ്യപാദത്തില്‍ ടൂറിസം അതോറിറ്റിയുടെ കണക്ക് പ്രകാരം സാമ്പത്തിക വിപണിയില്‍ പുരോഗതി കൈവരിച്ചതായാണ് റിപ്പോര്‍ട്ട്. ഏഷ്യ, ആസ്‌ത്രേലിയ, പസഫിക് രാജ്യങ്ങളില്‍ എണ്ണയിതര വ്യാപാരത്തില്‍ യു എ ഇ ഒന്നാം റാങ്ക് നിലനിര്‍ത്തി. ഈ വര്‍ഷം 108.3 ബില്യണ്‍ ദിര്‍ഹമിന്റെ വ്യാപാരം നടത്തി 42 ശതമാനം വളര്‍ച്ച കൈവരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ 6.7 ബില്യണ്‍ ദിര്‍ഹമിന്റെ വ്യാപാരം നടത്തി 25 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു. എം ഇ എന്‍ എ റീജ്യണല്‍ 42.7 ബില്യണ്‍ ദിര്‍ഹം വ്യാപാരം നടത്തി 16ശതമാനത്തിന്റെ വളര്‍ച്ചയും അമേരിക്ക കരീബിയന്‍ രാജ്യങ്ങളില്‍ 27.4 ബില്യണ്‍ ദിര്‍ഹമിന്റെ വ്യാപാരം വഴി 10 ശതമാനത്തിന്റെയും വെസ്റ്റ് ആന്റ് സെന്‍ട്രല്‍ ആഫ്രിക്കയില്‍ 9.4 ബില്യണ്‍ ദിര്‍ഹമിന്റെ വ്യാപാരം നടത്തി നാല് ശതമാനത്തിന്റെയും ഈസ്റ്റ് ആന്റ് സൗത്ത് ആഫ്രിക്കയില്‍ 7.4 ബില്യണ്‍ ദിര്‍ഹമിന്റെ വ്യാപാരത്തിലൂടെ മൂന്ന് ശതമാനത്തിന്റെയും വളര്‍ച്ച കൈവരിച്ചു.
8.7 ബില്യണ്‍ വ്യാപാരത്തിലൂടെ സഊദി അറേബ്യയാണ് പശ്ചിമേഷ്യയിലെ യു എ ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. തൊട്ടടുത്ത് ഒമാന്‍ 6.4 ബില്യണ്‍ ദിര്‍ഹം (26.3 ശതമാനം), ഖത്തര്‍ 4.2 ബില്യണ്‍ (17.5 ശതമാനം), ബഹ്‌റൈന്‍, കുവൈത്ത് 2.4 ബില്യണ്‍ ദിര്‍ഹം എന്നിങ്ങനെയാണ് യു എ ഇയുടെ പങ്കാളിത്ത രാജ്യങ്ങളുമായുള്ള വ്യാപാരം.