Connect with us

Gulf

നെറ്റ്‌വര്‍ക്കില്‍ അറബ് രാഷ്ട്രങ്ങളില്‍ രണ്ടാമത് ഖത്വര്‍

Published

|

Last Updated

ദോഹ: നെറ്റ്‌വര്‍ക്കില്‍ മുന്നിട്ട് നില്‍ക്കുന്ന അറബ് രാഷ്ട്രങ്ങളില്‍ ഖത്വര്‍ രണ്ടാമത്. ഈ വര്‍ഷത്തെ ആഗോള വിവര സാങ്കേതികവിദ്യ റിപ്പോര്‍ട്ടിലെ നെറ്റ്‌വര്‍ക്ക്ഡ് റെഡിനസ്സ് ഇന്‍ഡക്‌സില്‍ (എന്‍ ആര്‍ ഐ) ലോകാടിസ്ഥാനത്തില്‍ 27 ാം സ്ഥാനവും ഖത്വറിനുണ്ട്. 139 രാഷ്ട്രങ്ങളെയാണ് റിപ്പോര്‍ട്ട് പഠനവിധേയമാക്കിയത്.
ഇന്‍സീഡിന്റെയും കോര്‍ണല്‍ യൂനിവേഴ്‌സിറ്റിയുടെയും സഹകരണത്തോടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് ലോക സാമ്പത്തിക ഫോറമാണ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിലും ഖത്വറിന് സമാന സ്ഥാനമുണ്ടായിരുന്നു. അറബ് ലോകത്ത് ഖത്വറിന് മുന്നിലുള്ള യു എ ഇ മാത്രമാണ്. ബഹ്‌റൈന്‍ 28ഉം സഊദി അറേബ്യ 33ഉം ഒമാന്‍ 52ഉം കുവൈത്ത് 61ഉം സ്ഥാനങ്ങളിലാണ്. ലോകത്ത് ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്. 2014ല്‍ ഒന്നാമതുണ്ടായിരുന്ന ഫിന്‍ലാന്‍ഡ് കഴിഞ്ഞ വര്‍ഷത്തേത് പോലെ രണ്ടാം സ്ഥാനത്താണ്. സ്വീഡന്‍ മൂന്നാമതും നോര്‍വേ നാലാമതും അമേരിക്ക അഞ്ചാമതുമാണ്. ഈ സൂചിക മാനദണ്ഡമാക്കിയാണ് ലോകത്തെ ഐ സി ടി (ഇന്‍ഫര്‍മേഷന്‍, കമ്യൂനിക്കേഷന്‍, ടെക്‌നോളജി) വിപ്ലവം അളക്കുന്നത്. 53 സൂചകങ്ങള്‍ പരിശോധിച്ചാണ് ഒരു രാജ്യത്തിന്റെ നെറ്റ്‌വര്‍ക്കിംഗ് വിലയിരുത്തുന്നത്. നാലാം വ്യവസായിക വിപ്ലവത്തിന്റെ പ്രധാന ഉത്തോലകമായി കണക്കാക്കുന്നത് ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെയാണെന് ലോക സാമ്പത്തിക ഫോറം മാനേജിംഗ് ബോര്‍ഡംഗവും ഗ്ലോബല്‍ അജന്‍ഡ സെന്റര്‍ മേധാവിയുമായ റിച്ചാര്‍ഡ് സാമാന്‍സ് പറയുന്നു. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥക്ക് സാമ്പത്തിക, സാമൂഹിക ഫലങ്ങള്‍ സംഭാവന ചെയ്യേണ്ടതുണ്ട്. സാങ്കേതികവിദ്യയുമായി മാത്രം ബന്ധപ്പെട്ടതല്ല ഡിജിറ്റല്‍. അത് ഒരു മാനസികാവസ്ഥയും പുതിയ വ്യവസായ മാതൃകകളുടെ സ്രോതസ്സുമാണെന്നും അദ്ദേഹം പറഞ്ഞു.

Latest