നിയമം ലംഘിച്ച് പഴയ എ സികള്‍ വില്‍പ്പന നടത്തുന്നതായി റിപ്പോര്‍ട്ട്‌

Posted on: July 12, 2016 7:59 pm | Last updated: July 13, 2016 at 6:44 pm
SHARE

acദോഹ: ഊര്‍ജക്ഷമതയില്ലാത്ത പഴയ തരം എ സികള്‍ നിരോധിച്ച് പതിനൊന്ന് ദിവസം പിന്നിട്ടെങ്കിലും ചിലയിടങ്ങളില്‍ അത് ഇപ്പോഴും വില്‍പ്പനക്ക് വെച്ചതായി റിപ്പോര്‍ട്ട്. പഴയ സ്റ്റോക്ക് തീര്‍ക്കുന്നതിന് ഓഫറോടുകൂടിയാണ് പഴയതരം എ സികളുടെ വില്‍പ്പനയെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
ഐന്‍ ഖാലിദിലെ പ്രമുഖ ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒരു ചില്ലറവില്‍പ്പന ശാലയിലാണ് പഴയതരം വിന്‍ഡോ എ സി വാങ്ങിയാല്‍ 350 ഖത്വര്‍ റിയാലിന്റെ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുന്നത്. സ്പ്ലിറ്റ് എ സികള്‍ക്കൊപ്പം 300 ഖത്വര്‍ റിയാലിന്റെ ഗിഫ്റ്റ് വൗച്ചറാണ് ലഭിക്കുന്നത്. സ്റ്റാര്‍ റേറ്റിംഗും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് സ്‌പെസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ഇല്ലാത്ത രണ്ട് ബ്രാന്‍ഡുകളുടെ ഗ്രീന്‍ എ സികളാണ് ഈ ഷോപ്പില്‍ വില്‍പ്പനക്ക് വെച്ചത്. മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച സ്റ്റിക്കര്‍ പതിക്കാന്‍ വിട്ടുപോയതാണെന്നാണ് ഷോപ്പിലെ സെയില്‍സ്മാന്റെ വിശദീകരണം.
പ്രമുഖ ബ്രാന്‍ഡിന്റെ ത്രീസ്റ്റാര്‍ ഗ്രീന്‍ വിന്‍ഡോ എ സി 1529 റിയാലിനാണ് ഈ ഷോപ്പില്‍ വില്‍ക്കുന്നത്. ഇതേ ബ്രാന്‍ഡിന്റെ ഊര്‍ജക്ഷമതയില്ലാത്ത എ സി നിരോധമുണ്ടെങ്കിലും 1099 റിയാലിനാണ് വില്‍ക്കുന്നത്. എന്നാല്‍ ഗ്രീന്‍ എ സി വില്‍പ്പനക്ക് വെച്ചിട്ടില്ലെന്നും അത് സ്റ്റോറിലാണെന്നും സെയില്‍സ്മാന്‍ പറയുന്നു.
വിപണിയില്‍ പ്രമുഖ എ സി ബ്രാന്‍ഡുകളൊന്നും ലഭ്യമല്ല. ഈ ബ്രാന്‍ഡുകളുടെ ഗ്രീന്‍ എ സികള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഡീലര്‍മാര്‍ കാലതാമസം വരുത്തുകയാണെന്ന് ആക്ഷേപമുണ്ട്. ജൂലൈ ഒന്ന് മുതല്‍ ഖത്വരി മാനദണ്ഡം പ്രകാരമുള്ള എ സികള്‍ മാത്രമേ ഇറക്കുമതി ചെയ്യാനും സംഭരിക്കാനും പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും പാടുള്ളൂവെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം കഴിഞ്ഞ ഡിസംബറില്‍ അറിയിച്ചിരുന്നു.
ഇതുപ്രകാരം കഴിഞ്ഞ ഒന്നാം തീയതി മുതല്‍ ഊര്‍ജക്ഷമതയില്ലാത്ത പഴയ തരം എ സികള്‍ക്ക് രാജ്യത്ത് ഇറക്കുമതി ചെയ്യാനോ വില്‍ക്കാനോ വില്‍പ്പനക്ക് വെക്കാനോ പാടില്ല. നിയമലംഘനം കണ്ടുപിടിക്കാന്‍ കര്‍ശന പരിശോധന നടത്തുമെന്ന് മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.