Connect with us

Qatar

സിദ്‌റയില്‍ പകല്‍ സമയ ശസ്ത്രക്രിയ ഒക്‌ടോബറില്‍ ആരംഭിക്കും

Published

|

Last Updated

ദോഹ: ഘട്ടംഘട്ടമായി പ്രവര്‍ത്തനം ആരംഭിക്കുന്ന രാജ്യത്തെ വന്‍കിട ചികിത്സാ ഗവേഷണ സ്ഥാപനമായ സിദ്‌റ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പകല്‍ സമയ ശസ്ത്രക്രിയാ സേവനം ഒക്‌ടോബറില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.
പകല്‍സമയത്തെ പീഡിയാട്രിക് ശസ്ത്രക്രിയകള്‍ക്ക് തുടക്കം കുറിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സിദ്‌റ സി ഇ ഒ പീറ്റര്‍ മോറിസ് പറഞ്ഞതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയതക്ക് വിധേയരാകുന്ന പീഡിയാട്രിക് രോഗികളെ സിദ്‌റ ഔട്ട് പേഷ്യന്റ് ക്ലിനിക്കില്‍ പ്രവേശിപ്പിക്കുന്നതിന് സൗകര്യമൊരുക്കും. ചെറിയ ശസ്ത്രക്രിയകളാണ് ആദ്യഘട്ടത്തില്‍ നടത്തുക. കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുന്ന ശസ്ത്രക്രിയകളാണ് പരിഗണിക്കുന്നത്. രോഗികള്‍ക്ക് അന്നു തന്നെ വീട്ടിലേക്കു മടങ്ങാനും സാധിക്കും. ബയോപ്‌സികള്‍, ഗാള്‍ ബ്ലാഡര്‍ നീക്കം ചെയ്യല്‍, ചേലാകര്‍മം തുടങ്ങിയവയാണ് ലഭ്യമാമാക്കുക. സിദ്‌റയിലെ പ്രീ അസസ്‌മെന്റ് ക്ലിനിക്ക് ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്കുള്ള മെഡിക്കല്‍ ഹിസ്റ്ററി പരോശോധന, സര്‍ജന്റെയും അനസ്‌തേഷ്യോളജിസ്റ്റിന്റെയും നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം ഇതിലൂടെ പൂര്‍ത്തിയാക്കാന്‍ പറ്റും. ഒക്‌ടോബറില്‍ ഡേ ടൈം സര്‍ജറികള്‍ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി പീഡിയാട്രിക് ഇ എന്‍ ടി വിഭാഗം മേധാവി ഡോ. പാട്രിക് ശീഹാനും പറഞ്ഞു. ചെവി, മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവിടങ്ങളിലെ ശസ്ത്രക്രിയകളാണ് ഔട്ട് പേഷ്യന്റ് ക്ലിനിക്കല്‍ നടത്തുക. പൊതുവായി ഇ എന്‍ ടി ചികിത്സകള്‍ക്കു വിധേയമാക്കുന്ന കുട്ടികളെയും ഈ സംഘം തന്നെ ചികിത്സിക്കുമെന്നും കുട്ടികള്‍ക്കു മാത്രമായി പീഡിയാട്രിക് അനസ്‌തേഷ്യസ്റ്റ് സിദ്‌റയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ എല്ലാ ശിശുരോഗ ശസ്ത്രക്രിയകളും ഹമദ് ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് ചെയ്യുന്നത്. സിദ്‌റയിലെ തുടക്കം ഇതിനു മാറ്റം വരുത്തും. സമ്പൂര്‍ണമായ പീഡിയാട്രി ഔട്ട് പേഷ്യന്റ് ക്ലിനിക്ക് അടുത്ത ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സി ഇ ഒ അറിയിച്ചു. മേയ് ഒന്നിനാണ് സിദ്‌റയില്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമരംഭിച്ചത്. സമ്പൂര്‍ണമായി പ്രവര്‍ത്തനമാരംഭിക്കുന്നതു വരെ ഘട്ടംഘട്ടമായി ഓരോ വിഭാഗങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുക എന്ന നയമാണ് സിദ്‌റ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പീഡിയാട്രി മൈനര്‍ സര്‍ജറികള്‍ നടത്തുന്നത്. ജൂണില്‍ ഏതാനും ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.
2017ലാണ് പൂര്‍ണമായ പ്രവര്‍ത്തനാരംഭം പ്രതീക്ഷിക്കുന്നത്. കിടത്തി ചികിത്സ വൈകാതെ ആരംഭിക്കുന്നതിന് പദ്ധതിയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പ്രധാന ആശുപത്രിയില്‍ സ്ത്രീകള്‍ക്ക കുട്ടികള്‍ക്കുമായുള്ള സേവനമാണ് ആലോചിക്കുന്നത്. പ്രധാന ആശുപത്രി കെട്ടിടത്തില്‍ റേഡിയോളജി, പാത്തോളജി തുടങ്ങിയ സേവനങ്ങള്‍ ഔട്ട് പേഷ്യന്റ് രോഗികള്‍ക്കായി ആരംഭിച്ചിരുന്നു.

Latest