എം.കെ.ദാമോദരന്‍ സര്‍ക്കാരിന്റെ അഭിഭാഷകനല്ലെന്നും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് മാത്രമെന്നും കോടിയേരി

Posted on: July 12, 2016 1:12 pm | Last updated: July 12, 2016 at 1:12 pm
SHARE

KODIYERIതിരുവനന്തപുരം:എം.കെ.ദാമോദരന്‍ സര്‍ക്കാരിന്റെ അഭിഭാഷകനല്ലെന്നും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് മാത്രമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ദാമോദരന്‍ ഹാജരായത് സംസ്ഥാന സര്‍ക്കാരിനെതിരായ കേസിലല്ലെന്നും കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസിലാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ഏതൊക്കെ കേസുകളില്‍ ഹാജരാവണം എന്നത് സംബന്ധിച്ച് സ്വതന്ത്ര തീരുമാനം എടുക്കാന്‍ ദാമോദരന് അവകാശമുണ്ട്. കേസുകളില്‍ ഹാജരാവുന്നത് സംബന്ധിച്ച് വിവേചനം കാട്ടേണ്ടത് അദ്ദേഹം തന്നെയാണെന്നും കോടിയേരി പറഞ്ഞു. ഐ.എന്‍.ടി.യു.സി നേതാവ് ആര്‍. ചന്ദ്രശേഖരനെതിരായ കശുവണ്ടി കേസില്‍ എം.കെ ദാമോരന്‍ ഹാജരായ വിഷയത്തില്‍ വിശദാംശങ്ങള്‍ പരിശോധിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ കേസില്‍ കെ.എം.മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന വിജിലന്‍സിന്റെ തീരുമാനത്തെ കുറിച്ച് വിജലന്‍സ് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.ശബരിമലയിലെന്നല്ല എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് സി.പി.എം നിലപാട്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളിലേയും തീവ്രവാദത്തെ എതിര്‍ക്കുന്ന നിലപാടാണ് സി.പി.എമ്മിന്റേത്. ഐസിസ് വിഷയം ഏതെങ്കിലുമൊരു മത വിഭാഗത്തിനെതിരായ പ്രചാരവേലയാക്കാന്‍ അുവദിക്കില്ല. മുസ്ലീം വിഭാഗത്തിലുള്ളവരെല്ലാം തീവ്രവാദികളാണെന്ന പ്രചരണം ചില കേന്ദ്രങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. വിവാദ മതപണ്ഡിതന്‍ സാക്കിര്‍ നായിക്കിനെ മുസ്ലീംലീഗിലെ ചിലര്‍ ന്യായീകരിക്കുന്നുണ്ട്. ഇത് ലീഗിന്റെ മൊത്തം അഭിപ്രായമാണോയെന്ന് വ്യക്തമാക്കണം. സാക്കിര്‍ നായിക്കിനെ കുറിച്ച് കൂടുതല്‍ പരിശോധിക്കാതെ പ്രതികരിക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.