കാശ്മീരില്‍ സംഘര്‍ഷം തുടരുന്നു;മരണം 29 ആയി

Posted on: July 12, 2016 10:15 am | Last updated: July 12, 2016 at 2:26 pm
SHARE

kashmirശ്രീനഗര്‍: ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസാഫര്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് കാശ്മീര്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷം മൂന്നാം ദിവസവും തുടരുന്നു. മരിച്ചവരുടെ എണ്ണം 29 ആയി. കാശ്മീര്‍ താഴ്‌വരയിലെ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമാനമായ സ്ഥിതിവിശേഷവും വിഘടനവാദി നേതാക്കള്‍ ആഹ്വാനം ചെയ്ത ബന്ദും സാധാരണ ജനജീവിതത്തെ ബാധിച്ചു. സോപോറില്‍ ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടു. സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ എണ്ണൂറ് അര്‍ധ സൈനികരെ കൂടി സംസ്ഥാനത്ത് വിന്യസിച്ചു. പ്രശ്‌നപരിഹാരത്തിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍ കെനിയയില്‍ നിന്ന് അടിയന്തരമായി തിരിച്ചെത്തി.

പുല്‍വാമയിലെ കോയിലിലുള്ള വ്യോമസേനാ വിമാനത്താവളത്തിനു നേരെയും ആക്രമണമുണ്ടായി. വിമാനത്താവളത്തിനു നേരെ കല്ലേറ് നടത്തുകയും എയര്‍പോര്‍ട്ട് കോംപ്ലക്‌സിലുള്ള പുല്ലിന് തീയിടുകയും ചെയ്തു. വടക്കന്‍ കാശ്മീരിലെ സോപോര്‍, ഹന്ദ്വാര, ബന്ദിപോറ, ബാരാമുല്ല എന്നിവിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സോപോറിലെ പോലീസ് സ്റ്റേഷന് തീയിട്ടെങ്കിലും ആയുധങ്ങളും റെക്കോര്‍ഡുകളും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആഫ്രിക്കന്‍ രാഷ്ട്ര സന്ദര്‍ശനത്തിലായിരുന്ന അജിത് ധോവല്‍ യാത്ര വെട്ടിച്ചുരുക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എന്നിവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തി.

പോലീസും സൈന്യവും ഉള്‍പ്പെട്ട സംഘം വെള്ളിയാഴ്ച കൊകേര്‍നാഗ് പ്രദേശത്ത് നടത്തിയ ഏറ്റുമുട്ടലിലാണ് ഹിസ്ബുല്‍ കമാന്‍ഡറായ ബുര്‍ഹാന്‍ മുസാഫര്‍ വാനി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. വാനിയുടെ ഖബറടക്ക ചടങ്ങിനു പിന്നാലെയാണ് അക്രമങ്ങള്‍ക്ക് തുടക്കമായത്.