Connect with us

Kerala

സാമൂഹിക സുരക്ഷാ പെന്‍ഷന്‍; അര്‍ഹരെ ഒഴിവാക്കിയെന്ന് സി എ ജി റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നതില്‍ നിന്ന് അര്‍ഹരായവരെ ഒഴിവാക്കിയെന്നും അനര്‍ഹരെ ഉള്‍പ്പെടുത്തിയെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ അത്യധികം ആവശ്യമുളള സമൂഹത്തിലെ വളരെയധികം ഇടത്തര വിഭാഗങ്ങളെയും അവശ വിഭാഗങ്ങളെയും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതികളില്‍ നിന്നും തുടര്‍ച്ചയായി ഒഴിവാക്കപ്പെട്ടിരുന്നു. അര്‍ഹരല്ലാത്ത വളരെയധികം ഗുണഭോക്താക്കളെ തെറ്റായി ഉള്‍പ്പെടുത്തിയിരുന്നുവെന്നും പ്രവര്‍ത്തനക്ഷമതാ ഓഡിറ്റില്‍ സി എ ജി കണ്ടെത്തി. ഏറ്റവും കൂടുതല്‍ ഒഴിവാക്കല്‍ നിരക്ക് വാര്‍ധക്യകാല പെന്‍ഷനിലും വിധവാ പെന്‍ഷനിലുമായിരുന്നുവെന്നും സി എ ജി കണ്ടെത്തി.

വാര്‍ധക്യകാല, വിധവ പെന്‍ഷനുകളുടെ കാര്യത്തില്‍ ബിപിഎല്‍ വിഭാഗത്തിലുളള വ്യക്തികളുടെ ഒഴിവാക്കല്‍ അര്‍ഹരായ ദാരിദ്ര്യ രേഖയ്ക്ക് മുകളിലുളള( എപിഎല്‍) വിഭാഗത്തിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലായിരുന്നു. അര്‍ഹരായ 15 ശതമാനം പേര്‍ സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. അര്‍ഹതാ മാനദണ്ഡങ്ങള്‍ ഇല്ലാതെ വളരെയധികം ആളുകളെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതികളില്‍ തെറ്റായി ഉള്‍പ്പെടുത്തിയിരിക്കുന്നു. അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും താമസിക്കുന്ന നിരാലംബരെയും ഒഴിവാക്കി. വളരെയധികം കര്‍ഷക തൊഴിലാളികളെ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ നിന്നും ഒഴിവാക്കി.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതികളുടെ യോഗ്യതാ മാനദണ്ഡങ്ങളില്‍ തുടര്‍ച്ചയായി വരുത്തുന്ന ഭേദഗതികള്‍ പദ്ധതി രൂപരേഖയിലെ സങ്കീര്‍ണതകളെ കൂടുതല്‍ സങ്കീര്‍ണമാക്കി. ആറ് വര്‍ഷം മുമ്പ് നല്‍കിയ റേഷന്‍ കാര്‍ഡുകളില്‍ സൂചിപ്പിച്ചിരിക്കുന്ന കുടുംബവരുമാനമാണ് സാധാരണയായി പെന്‍ഷന്‍ നല്‍കാനുളള അടിസ്ഥാനമായി എടുത്തിരിക്കുന്നത്.

അതിനാല്‍ ഭൂരിപക്ഷം കേസുകളിലും വരുമാനം കുറച്ചുകാണിക്കുകയാണ് ചെയ്തിരിക്കുന്നത്. അപേക്ഷകന്റെ സാമ്പത്തിക സ്ഥിതി തെറ്റായി തെറ്റായി പ്രതിഫലിക്കപ്പെടുകയും ചെയ്തു. റേഷന്‍ കാര്‍ഡുകളില്‍ സൂചിപ്പിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ നിലയും രേഷന്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുടുംബവരുമാനവും പരസ്പര വിരുദ്ധമാണ്. സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ അനുവദിക്കുന്നതില്‍ കാലതാമസം വരുന്നുവെന്നും സി എ ജി കണ്ടെത്തി.

Latest