Connect with us

Kerala

മലബാര്‍ സിമന്റ്‌സ്: മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

Published

|

Last Updated

പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ പുതുതായി മൂന്ന് കേസുകള്‍ കൂടി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് കേസുകളിലും എം ഡി പത്മകുമാര്‍ മുഖ്യപ്രതിയാണ്.

2014-15 കാലയളവില്‍ കമ്പനിയുടെ ചേര്‍ത്തല പ്ലാന്റിന്റെ ആവശ്യത്തിലേക്കെന്ന് പറഞ്ഞ് അധിക വിലക്ക് ക്ലിങ്കര്‍ ഇറക്കുമതി ചെയ്ത് വാളയാര്‍ പ്ലാന്റിന്റെ സിമന്റ് ഉത്പാദനത്തിനായി ഉപയോഗിച്ച് അതുവഴി കമ്പനിക്ക് 5.49 കോടി രൂപയുടെ നഷ്ടമുണ്ടാക്കി, 2013-14 കാലയളവില്‍ പബ്ലിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മറികടന്ന് കേരള സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ സമിന്റ് സൂക്ഷിച്ചതില്‍ കമ്പനിക്ക് 2.03 കോടി രൂപയുടെ നഷ്ടമുണ്ടാക്കി, 2010-2015 കാലയളവില്‍ ഫ്‌ളൈ ആഷ് അധിക വിലക്ക് വാങ്ങിയതിലും കെ വാറ്റ് നികുതി സമയത്തിന് അടക്കാതെയും മറ്റുമായി 18.77 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നിങ്ങനെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആദ്യത്തെ രണ്ട് കേസുകളും പൊതുമേഖല സംരക്ഷണസമിതി സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് വിജിലന്‍സ് അന്വേഷണം നടത്തി 2015ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിനെ തുടര്‍ന്ന് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നാമത്തെ കേസ് മലബാര്‍ സിമന്റസ് ജീവനക്കാരനായിരുന്ന ശശിധരന്‍ നല്‍കിയ പരാതിയിക്ക് മേല്‍ 2015ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസ് വീണ്ടും വിജിലന്‍സ് ഡയറക്ടറിന്റെ ഉത്തരവ് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.
എഫ് ഐ ആറുകള്‍ തൃശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ സമര്‍പ്പിച്ച കേസിലെ പ്രതിപ്പട്ടികയില്‍ യഥാക്രമം എം ഡി പത്മകുമാര്‍, ഡെപ്യൂട്ടി മെറ്റരീയില്‍ മാനേജര്‍ നമശിവായം, ഫിനാന്‍സ് ഇന്‍ചാര്‍ജ്ജ് മാനേജര്‍ കെ നരേന്ദ്രനാഥ്, ഡെപ്യൂട്ടിമാനേജര്‍ എന്‍ജിനീയറിംഗ് വിഭാഗം മുരളിധരന്‍, ഡെപ്യുട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ ജി വേണുഗോപാല്‍, മുന്‍ മാനേജിംഗ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തി എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Latest