Connect with us

Kerala

എസ് ബി ടിയിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു

Published

|

Last Updated

തിരുവനന്തപുരം: എസ് ബ ിടിയിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദേശം. എസ് ബി ടി മാനവ വിഭവശേഷി വകുപ്പാണ് മാനേജ്‌മെന്റ് തീരുമാനപ്രകാരം എല്ലാ ബ്രാഞ്ചുകള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്. ബാങ്കുകളില്‍ താത്കാലിക ജീവനക്കാര്‍ ആരും ജോലിചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും അങ്ങനെ ഏതെങ്കിലും ശാഖയില്‍ ഉണ്ടെങ്കില്‍ പിരിച്ചുവിടണമെന്നുമാണ് നിര്‍ദേശം. പുതുതായി താത്കാലിക ജീവനക്കാരെ എടുക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. എസ് ബി ടിയിലെ ആയിരത്തോളം ജീവനക്കാരെയാണ് തീരുമാനം ബാധിക്കുക. പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളിലാണ് താത്കാലിക ജീവനക്കാരുള്ളത്.

എസ് ബി ഐയില്‍ ലയിക്കുന്നതിന് മുന്നോടിയായാണ് ഇത്തരം നടപടിയെന്നാണ് സൂചന. ഇതിനെതിരെ ബേങ്ക് എംപ്ലോയീസ് യൂനിയനടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ബേങ്ക് ലയന തീരുമാനത്തിനെതിരായി ഇന്നും നാളെയും അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടത്താന്‍ സംഘടനകള്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഓള്‍ ഇന്ത്യ ബേങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബേങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.

എസ് ബി ടി അടക്കം ആറ് ബാങ്കുകളെ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ(എ സ് ബി ഐ)യില്‍ ലയിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്. അസോസിയേറ്റ് ബേങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ് ബി ടി), സ്റ്റേറ്റ് ബേങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബേങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബേങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബേങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും ഭാരതീയ മഹിളാ ബേങ്കുമാണ് ലയിപ്പിക്കുക.

Latest