ഭീമ ജ്വല്ലറിക്ക് ഭൂമി നല്‍കിയ തീരുമാനം റദ്ദാക്കും: മന്ത്രി ഇ പി ജയരാജന്‍

Posted on: July 12, 2016 12:20 am | Last updated: July 12, 2016 at 9:22 am
SHARE

തിരുവനന്തപുരം: എറണാകുളം കടവന്ത്രയില്‍ കോടികള്‍ മതിക്കുന്ന 5.13 ഏക്കര്‍ ഭൂമി സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായി ഭീമ ജ്വല്ലറിക്ക് കൈമാറാന്‍ സിഡ്‌കോ കൈക്കൊണ്ട തീരുമാനം റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ഇ പി ജയരാജന്‍ നിയമസഭയില്‍ അറിയിച്ചു. ഇതേകുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് മടിയില്ലന്നും വി എസ് അച്യുതാനന്ദന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

ഭൂമി കൈമാറ്റ നീക്കത്തെപ്പറ്റി വ്യവസായ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും. ഭൂമികൈമാറ്റത്തില്‍ ക്രമക്കേടും പൊതുമുതല്‍ ദുരുപയോഗവും വ്യക്തമാണ്. കരാറുകാരനെ സഹായിക്കുന്നതിന് മുന്‍കൂറായി വാങ്ങിയ 50 ലക്ഷം രൂപ തിരിച്ചുകൊടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്‍സ്ട്രുമെന്റേഷന്‍ ഹബ് നിര്‍മിക്കുന്നതിനാണ് ഭീമാ ജൂവലിറിക്ക് 5.13 ഏക്കര്‍ ഭൂമി കൈമാറാന്‍ തീരുമാനിച്ചത്. ഇതില്‍ ഗുരുതരമായ പിശകുണ്ടെന്ന് സി എ ജി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പദ്ധതി അംഗീകരിക്കുന്നതിന് മാനദണ്ഡപ്രകാരമുളള സര്‍ക്കാര്‍ സാങ്കേതിക സമിതിയും രൂപവത്കരിച്ചിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.