ഡിഫ്റ്റീരിയയും പ്രതിരോധവും

ജലദോഷം പോലെ തുടങ്ങുന്നു ഡിഫ്റ്റീരിയ രോഗം. തൊണ്ടയിലൂടെ വിഴുങ്ങുന്നതിന് തടസ്സം തോന്നിക്കുകയോ കഴുത്തില്‍ നീര് വെക്കുന്നത് പോലെ തോന്നുകയോ ശ്വസിക്കുന്നതിന് തടസ്സം നേരിടുകയോ നെഞ്ചില്‍ വേദനയും ക്ഷീണവും തോന്നുകയോ ആണെങ്കില്‍ ഡിഫ്റ്റീരിയ രോഗമാണോ എന്നറിയാന്‍ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. ഡിഫ്റ്റീരിയ രോഗികളെ സന്ദര്‍ശിച്ച ശേഷമാണ് ഈ ലക്ഷണങ്ങളെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. രോഗപ്രതിരോധ കുത്തിവെപ്പാണ് രോഗം വരാതിരിക്കാനുള്ള ഏറ്റവും പ്രധാന നടപടി.
Posted on: July 12, 2016 9:12 am | Last updated: July 12, 2016 at 9:16 am
SHARE

DIFTHERIAക്ഷയം, മസൂരി, പോളിയോ തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതുപോലെ ഡിഫ്റ്റീരിയക്കെതിരെയും പ്രതിരോധം അത്യന്താപേക്ഷിതമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് ഡിഫ്റ്റീരിയ/ തൊണ്ടമുള്ള് രോഗം ബാധിച്ച് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിച്ചുവരുന്നത്. ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. 14 വയസ്സുകാരന്‍ ഇതിനകം രോഗം ബാധിച്ച് മരിച്ചു.

കോറിനേ ബാക്ടീരിയം ഡിഫ്റ്റീരിയെ എന്ന ബാക്ടീരിയ മൂലമാണ് ഈ രോഗമുണ്ടാകുന്നത്. മനുഷ്യശരീരത്തിലെത്തുന്ന ഈ ബാക്ടീരിയ ഉണ്ടാക്കുന്ന മാരകമായ വിഷാംശമാണ് രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നത്. ബാക്ടീരിയ, വിഷം ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്നത് അവയെ ഒരു പ്രത്യേകതരം വൈറസുകള്‍ ആക്രമിക്കുന്നതിനെതിരെ പ്രതിരോധിക്കുമ്പോഴാണ്. അതുകൊണ്ട് തൊണ്ടമുള്ള് രോഗം ഉണ്ടാക്കുന്ന ബാക്ടീരിയകളെ വൈറസ് രോഗം ബാധിച്ചിരിക്കാം എന്നാണ് നിഗമനം. കോറിനേ ബാക്ടീരിയം ഡിഫ്റ്റീരിയെ എന്ന ബാക്ടീരിയത്തിന്റെ മൂന്ന് ഇനങ്ങള്‍ അതായത് ഗ്രാവിഡ്, ഇന്റര്‍മീഡിയസ്, മിററിസ് എന്നിവക്കെല്ലാം തൊണ്ടമുള്ളിന് കാരണമാകുന്ന മാരക വിഷവസ്തുക്കളെ ശരീരത്തില്‍ സൃഷ്ടിക്കാനുള്ള കഴിവുള്ളവയാണ്. മൂന്ന് ഇനങ്ങളും ഒരേ തരം വിഷമാണ് നിര്‍മിക്കുകയെന്ന പ്രത്യേകത കൂടിയുണ്ട്.

കഴുത്തില്‍ തൊണ്ടയുടെ പുറകിലായി ഒരു പ്രത്യേകതരം പാടപോലുള്ള ആവരണം ഉണ്ടാകുന്നതാണ് തൊണ്ടമുള്ളിന്റെ പ്രധാന ലക്ഷണം. ഇതോടെ ശരീരം ചെറിയ തോതില്‍ പനിക്കാന്‍ തുടങ്ങും. വായക്കകത്തും തൊണ്ടയിലും ഉള്ള ഭാഗങ്ങളില്‍ വിറങ്ങലിച്ച അവസ്ഥയും ശക്തമായ ശ്വാസതടസ്സവും അനുഭവപ്പെടും. ഈ രോഗം കൂടുതലായും കുട്ടികളിലാണ് കാണപ്പെടുന്നത് എങ്കിലും എല്ലാ തരക്കാര്‍ക്കും രോഗം പിടിപെടാവുന്നതാണ്. എല്ലാ വര്‍ഷവും ഡിഫ്റ്റീരിയ ബാധിച്ച് ലോകത്ത് മരണമടയുന്നത് ആയിരങ്ങളാണ്. ഈ രോഗം തൊണ്ടയെ ബാധിക്കുന്നതോടൊപ്പം ടോണ്‍സിലുകളെയും ബാധിക്കും. രോഗി സംസാരിക്കുമ്പോള്‍ ഇടറിയ പരുപരുത്ത ശബ്ദവുമായിരിക്കും.

ഭക്ഷണത്തിനുള്ള താത്പര്യം കുറയുന്നതും തൊണ്ടയിലെ പാട പോലുള്ള ആവരണം പൊട്ടി രക്തം വരുന്നതും രോഗലക്ഷണങ്ങളാണ്. തൊണ്ടയില്‍ ടോണ്‍സിലിനോട് ചേര്‍ന്ന് രൂപപ്പെടുന്ന ആവരണം തുടക്കത്തില്‍ നീല കലര്‍ന്ന വെള്ളയോ ചാരനിറമോ ആയിരിക്കും. എന്നാല്‍ പൊട്ടിക്കഴിഞ്ഞാല്‍ തൊണ്ടയിലെ ആവരണത്തിന്റെ നിറം ചാരം കലര്‍ന്ന പച്ചയോ കറുപ്പോ ആയി മാറും. ഡിഫ്റ്റീരിയ ഈ ഘട്ടത്തിലെത്തിയാല്‍ ആറ് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളില്‍ രോഗി മരിക്കുമെന്ന് ഉറപ്പിക്കാം. രോഗത്തിന്റെ ഒരു ഘട്ടത്തിലും കടുത്ത പനി അനുഭവപ്പെടാറില്ല മറിച്ച് ശ്വാസതടസ്സവും തൊണ്ടവീക്കവും ഉണ്ടാകും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ഹൃദയമിടിപ്പ് അസാധാരണമാകുകയും ഹൃദയ ധമനികളിലും വാല്‍വുകളിലും വീക്കം പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇത് ഹൃദയമിടിപ്പ് നിന്നുപോകുന്നതിന് കാരണമാകാറുണ്ട്.

രോഗം ബാധിച്ച് മരണത്തോടടുക്കുമ്പോള്‍ രൂക്ഷമായ ശ്വാസതടസ്സവും തുടര്‍ന്ന് ഹൃദയമിടിപ്പ് നിന്നുപോകുന്നതുമാണ് സംഭവിക്കുന്നത്. ഇത് ഒരു ബാക്ടീരിയല്‍ രോഗമായതുകൊണ്ട് രോഗിയുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും സമ്പര്‍ക്കത്തിലുള്ളവര്‍ക്കും മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള ദ്രവങ്ങള്‍ വഴിയും രോഗിയുടെ വസ്ത്രങ്ങള്‍ വഴിയും രോഗം പകരാന്‍ സാധ്യത ഏറെയാണ്. രോഗികള്‍ ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയും രോഗം പകരാവുന്നതാണ്. നമ്മുടെ മൂക്കിലൂടെയും വായിലൂടെയും രോഗാണു ശരീരത്തില്‍ കടക്കാം. ആന്റി ടോക്‌സിനും ആന്റിബയോട്ടിക്കുകളുമാണ് ഡിഫ്റ്റീരിയ തടയുവാനുള്ള മരുന്നുകള്‍. എരിത്രോ മൈസിനോ, പെന്‍സിലിനോ ഉപയോഗിച്ചാണ് രോഗം തടയുന്നത്.

രോഗപ്രതിരോധ കുത്തിവെപ്പാണ് രോഗം വരാതിരിക്കാനുള്ള ഏറ്റവും പ്രധാന നടപടി. ഡിഫ്റ്റീരിയ ടോക്‌സോയിഡ് എന്ന വാക്‌സിനാണ് പ്രധാനമായും രോഗപ്രതിരോധ കുത്തിവെപ്പായി നല്‍കുന്നത്. ഡിഫ്റ്റീരിയ ടോക്‌സോയിഡില്‍ ടെറ്റനസ് ടോക്‌സോയിഡും പെര്‍ട്ടൂസിസ് വാക്‌സിനും ചേര്‍ന്നതാണ്. അതുകൊണ്ട് ഈ വാക്‌സിന്‍ ഡി ടി പി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. ഡിഫ്റ്റീരിയ രോഗം വളരെ പെട്ടെന്ന് പൊട്ടിപ്പുറപ്പെടാവുന്ന രോഗമാണ്. ഈ രോഗം ആരംഭത്തില്‍ മൂക്കിനെയും തൊണ്ടയേയുമാണ് പ്രധാനമായും ആക്രമിക്കുന്നത്.

രോഗം വരാനുള്ള സാധ്യത പ്രധാനമായും അഞ്ച് വയസ്സില്‍ താഴെയുള്ളവരിലും 60 വയസ്സിന് മുകളിലുള്ളവരിലുമാണ്. എന്നാല്‍, കേരളത്തില്‍ രോഗം വന്ന് മരണമടഞ്ഞ ആണ്‍കുട്ടിക്ക് വയസ്സ് 14 ആയിരുന്നു. രോഗം ബാധിക്കുന്നവരില്‍ 40 മുതല്‍ 50 ശതമാനം വരെ ആളുകളെ ചികിത്സിച്ചാലും മരണം സംഭവിക്കാറാണ് പതിവ്.
രോഗത്തിന്റെ മറ്റൊരു പ്രത്യേകത രോഗി ഒരാളെ രണ്ടായി കാണും എന്നതാണ്. ചിലരില്‍ തൊലി വിളറിയതായും തണുത്തിരിക്കുന്നതായും കാണപ്പെടുന്നു. 1930കളിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്.

തൊണ്ട, നാസാരന്ത്രങ്ങള്‍, തൊലി എന്നീ ഭാഗങ്ങളെയാണ് രോഗം പ്രധാനമായും ബാധിച്ചിരുന്നത്. അന്നൊക്കെ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ നാഢീ വ്യവസ്ഥയെ ബാധിക്കുകയും രോഗിയെ തളര്‍ച്ചയിലേക്ക് നയിക്കുകയും പതിവുണ്ട്. രോഗികളില്‍ നിന്നും വായയിലൂടെയും മൂക്കിലൂടെയും ബാക്ടീരിയ ശരീരത്തിലെത്താറുണ്ട്. അതുകൊണ്ടാണ് രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കണമെന്നും രോഗി ചുമയ്ക്കുമ്പോഴും ചിരിക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും രോഗമില്ലാത്തവര്‍ മാറി നില്‍ക്കണമെന്നും നിര്‍ബന്ധിക്കുന്നത്. രോഗിയുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കുകയാണ് രോഗം വരാതിരിക്കാന്‍ ചെയ്യേണ്ടത്.

ബാക്ടീരിയ രോഗമില്ലാത്തവരില്‍ എത്തിയാല്‍ ഡിഫ്റ്റീരിയ രോഗത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ കാണാന്‍ രണ്ട് മുതല്‍ നാല് ദിവസം വരെ എടുക്കും. ഡി ടി എ പി വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി ഒരു വയസ്സാകുന്നതിന് മുമ്പ് തന്നെ ട്രിപ്പിള്‍ വാക്‌സിന്‍ നല്‍കാറുണ്ട്. 2, 4,6 മാസങ്ങളിലായി മൂന്ന് ഡോസുകളും 15 മുതല്‍ 18 മാസത്തിനുള്ളില്‍ നാലാമത്തെ ഡോസും 4 മുതല്‍ 6 വയസ്സിനിടയില്‍ അഞ്ചാമത്തെ ഡോസും 11 മുതല്‍ 12 വയസ്സിനുള്ളില്‍ ബൂസ്റ്റര്‍ ഡോസും നല്‍കാറുണ്ട്.

രോഗം ബാധിച്ചവരില്‍ ബാക്ടീരിയ ഉത്പാദിപ്പിച്ച വിഷവസ്തുക്കള്‍ നേര്‍പ്പിച്ചില്ലാതാക്കാന്‍ ആന്റി ടോക്‌സിനുകളും ബാക്ടീരിയയെ കൊന്ന് രോഗം വ്യാപിക്കുന്നത് തടയാന്‍ പെനിസിലിന്‍, എരിത്രോ മൈസിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളും ഉപയോഗിച്ചുവരുന്നു. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കുന്നതാണല്ലോ നല്ലത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം. രോഗം വരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്കും രോഗിയെ ശ്രുശ്രൂഷിക്കുന്നവരും ആന്റിബയോട്ടിക്കുകളും രോഗത്തിനെതിരെ ബൂസ്റ്റര്‍ ഡോസ് വാക്‌സിനും ഉപയോഗിക്കണം.

വാക്‌സിന്‍ ഉപയോഗം മൂലം മറ്റു അസുഖങ്ങളോ പാര്‍ശ്വഫലങ്ങളോ ഉണ്ടാക്കുന്നില്ലെന്നതിനാല്‍ ഡിഫ്റ്റീരിയ ഒഴിവാക്കാന്‍ രോഗപ്രതിരോധ മാര്‍ഗങ്ങളില്‍ വിശ്വസിക്കുക. ഇന്ന് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഡിഫ്റ്റീരിയക്കെതിരെ വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കാറുണ്ട്. ഹജ്ജ് തീര്‍ഥാടകര്‍ ഈ വാക്‌സിന്‍ എടുക്കാന്‍ സഊദി സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കാറുണ്ട്.
ജലദോഷം പോലെ തുടങ്ങുന്നു ഈ രോഗം.

രോഗികള്‍ക്ക് തൊണ്ടയിലൂടെ വിഴുങ്ങുന്നതിന് തടസ്സം തോന്നിക്കുകയോ കഴുത്തില്‍ നീര് വെക്കുന്നത് പോലെ തോന്നുകയോ ശ്വസിക്കുന്നതിന് തടസ്സം നേരിടുകയോ നെഞ്ചില്‍ വേദനയും ക്ഷീണവും തോന്നുകയോ ആണെങ്കില്‍ ഡിഫ്റ്റീരിയ രോഗമാണോ എന്നറിയാന്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. ഡിഫ്റ്റീരിയ രോഗികളെ സന്ദര്‍ശിച്ച ശേഷമാണ് ഈ ലക്ഷണങ്ങളെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.