ആന്‍ഡ്രിയ ലീഡ്‌സണ്‍ പിന്‍മാറി; തെരേസ മേയ് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

Posted on: July 11, 2016 7:51 pm | Last updated: July 12, 2016 at 10:16 am
SHARE
തെരേസ മേയ്
തെരേസ മേയ്

ലണ്ടന്‍: ബ്രിട്ടീഷ് ഊര്‍ജ മന്ത്രി ആന്‍ഡ്രിയ ലീഡ്‌സണ്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറിയതോടെ ആഭ്യന്തര സെക്രട്ടറി തെരേസ മേയ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദം ഉറപ്പിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തലപ്പത്ത് വരുന്നവരായിരിക്കും അടുത്ത പ്രധാനമന്ത്രി. ലീഡ്‌സണ്‍ പിന്‍മാറിയതോടെ തെരേസ ഈ സ്ഥാനത്തേക്ക് ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെടും. പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ബുധനാഴ്ച രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ തെരേസ അധികാരമേൽക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തനിക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണയിലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് ലീഡ്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ശക്തനായ ഒരു പ്രധാനമന്ത്രി ഉടന്‍ അധികാരമേല്‍ക്കണമെന്നാണ് ബ്രിട്ടീഷ് ജനത ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ നേതൃ പദവിയിലേക്കുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറി ഇത് വേഗത്തിലാക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നത്. തെരേസക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ട്ടി നേതൃപദവിയിലേക്കുള്ള മത്സരം നടന്നാല്‍ സെപ്തംബറില്‍ മാത്രമേ ഫലപ്രഖ്യാപനം ഉണ്ടാകുകയുള്ളൂ. ഇത് പ്രധാനമന്ത്രി സ്ഥാനത്ത് പുതിയ ആള്‍ എത്തുന്നത് വൈകാന്‍ കാരണമാകുന്ന സ്ഥിതിയുണ്ടായിരുന്നു. ലീഡ്‌സണ്‍ പിന്‍മാറിയതോടെ തെരേസ മെയിയെ വിജയിയായി പ്രഖ്യാപിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനായി.

തെരേസ മേയ്ക്ക് എതിരെ ലീഡ്‌സണ്‍ നടത്തിയ ടിവി പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവരുടെ പിന്‍മാറ്റമെന്നതും ശ്രദ്ധേയമാണ്. താന്‍ ഒരു മാതാവാണെന്നും തെരേസക് കുട്ടികളില്ലെന്നും അതിനാല്‍ പാര്‍ട്ടി നേതൃസ്ഥാനത്തും പ്രധാനമന്ത്രി പദത്തിലും എത്തിച്ചേരാന്‍ തെരേസയേക്കാള്‍ യോഗ്യ താനാണെന്നും ലീഡ്‌സണ്‍ ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞതാണ് വിവാദത്തിന് കാരണമായത്. ഇതിനെതിരെ ലീഡ്ണനെ അനുകൂലിക്കുന്നവര്‍ തന്നെ രംഗത്ത് വന്നിരുന്നു.