പത്രസമ്മേളനം റദ്ദാക്കി; സാക്കിര്‍ നായിക്ക് ഉടന്‍ ഇന്ത്യയിലേക്കില്ല

Posted on: July 11, 2016 6:45 pm | Last updated: July 11, 2016 at 9:16 pm
SHARE

zakir-naik-7592മുംബൈ: തീവ്രവാദബന്ധം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് വിവാദത്തില്‍ അകപ്പെട്ട പ്രാസംഗികന്‍ സാക്കിര്‍ നായിക്ക് ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങില്ല. സഊദിയിലുള്ള അദ്ദേഹം അവിടെ നിന്നും ആഫ്രിക്കയിലേക്ക് പോകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സാക്കിര്‍ നായിക്ക് ചൊവ്വാഴ്ച മുംബൈയില്‍ പത്രസമ്മേളനം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത് റദ്ദാക്കിയിട്ടുണ്ട്. സ്‌കൈപ്പിലൂടെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന് സാക്കിര്‍ നായിക്കിന്റെ സഹായി അറിയിച്ചു.

അതേസമയം സാക്കിര്‍ നായിക്കിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മുംബൈയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. നായിക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങള്‍ നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. സാക്കിര്‍ നായിക്കിനെ ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗ്ലാദേശ് ഭീകരര്‍ക്ക് പുറമെ കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പുറപ്പെട്ടുവെന്ന് കരുതപ്പെടുന്നവര്‍ക്കും സാക്കിര്‍ നായിക്കുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.