Connect with us

Malappuram

പച്ചത്തേങ്ങ സംഭരണ നിയന്ത്രണം; കര്‍ഷകര്‍ക്ക് വിനയാകുന്നു

Published

|

Last Updated

കോട്ടക്കല്‍: നാളികേര സംഭരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ നടപടി കര്‍ഷകര്‍ക്ക് വിനയാകുന്നു. പച്ചത്തേങ്ങ സംഭരണത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.
ഒരേക്കറില്‍ 70 തെങ്ങ് കണക്കാക്കിയാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. ഒരു തെങ്ങില്‍ നിന്നും പത്ത് വീതം തേങ്ങയാണ് വാങ്ങുന്നത്. ശേഷിക്കുന്ന തേങ്ങ പൊതുവിപണിയില്‍ വിറ്റഴിക്കേണ്ട അവസ്ഥയാണ് ഇത് മൂലം ഉണ്ടാകുന്നത്. ഇതാവട്ടെ വില ലഭിക്കാതിരിക്കാനും കാരണമാകുന്നു. തേങ്ങ ഒന്നിന് 25 രൂപയാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. പൊതു വിപണിയില്‍ 14 രൂപ വരെ ലഭിക്കുന്നൊള്ളൂ. ചെറുകിടക്കാരെയാണ് ഇത് ഏറെ ബാധിക്കുന്നത്.
ഒരു വര്‍ഷത്തില്‍ ആറ് തവണയാണ് ഇത്തരത്തില്‍ പച്ചത്തേങ്ങ സംഭരിക്കുക. ഇത് കേവലം വിളവിന്റെ ചെറിയ ശതമാനം മാത്രമാണ്. ഇത്തരത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ബാക്കി വരുന്ന തേങ്ങക്ക് തുച്ചമായ വില മാത്രമെ ലഭിക്കൂ എന്ന അവസ്ഥയുമുണ്ട്. അതോടൊപ്പം തന്നെ സംഭരിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ എല്ലാ കൃഷി ഭവനുകളിലും ഇല്ലാത്തതിനാല്‍ സംഭരണ കേന്ദ്രത്തിലെത്തിക്കുന്നതിനുള്ള ചെലവും കൂടുന്നുണ്ട്. പൊതുവിപണിയില്‍ തേങ്ങക്ക് വിലകൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതെങ്കിലും ഇത് ചെറുകിട കര്‍ഷകര്‍ക്ക് വിനയായിരിക്കുകയാണിപ്പോള്‍. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നെല്ല് സംഭരണത്തിന് എര്‍പ്പെടുത്തിയ രീതി പച്ചത്തേങ്ങ സംഭരണത്തിലും ഏര്‍പ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Latest