ഡിഫ്തീരിയ രോഗപ്രതിരോധ ബോധവത്കരണവുമായി വിദ്യാര്‍ഥികള്‍

Posted on: July 11, 2016 10:36 am | Last updated: July 11, 2016 at 10:36 am
SHARE

മലപ്പുറം: പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരെ ബോധവത്ക്കരിക്കുന്നതിനായി ചെമ്മന്‍കടവ് പി എം എസ് എ എം എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ രംഗത്ത്. ഗൃഹ സന്ദര്‍ശന പരിപാടിയുമായിട്ടാണ് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയത്. ഡിഫ്തീരിയ രോഗം ബാധിച്ച് മലപ്പുറം ജില്ലയില്‍ കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് ബോധവത്ക്കരണം.
ആരോഗ്യ വകുപ്പ് ജീവനക്കാര്‍, അങ്കണ്‍വാടി, ആശ വര്‍ക്കര്‍മാര്‍ എന്നിവരുടെ സഹകരണത്തിലാണ് ഗൃഹ സന്ദര്‍ശനം. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ നേരില്‍ കണ്ട് ബോധവത്ക്കരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം വീടുകളില്‍ നല്‍കുന്നതിനായി ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് മച്ചിങ്ങല്‍ എഴുതി തയ്യാറാക്കി പ്രിന്റ് ചെയ്തു നല്‍കിയ മലപ്പുറത്തിന് എപ്ലസ് എന്ന ലഘുലേഖയുടെ വിതരണവും കൂടെ നടത്തുന്നുണ്ട്. ഗൃഹ സന്ദര്‍ശന പരിപാടി ഒറ്റത്തറയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം മച്ചിങ്ങല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ജി പ്രസാദ്, മുന്‍ അധ്യാപകന്‍ കെ എന്‍ എ ഹമീദ്, ആരോഗ്യ വകുപ്പിലെ ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ പി രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി ഭാസ്‌ക്കരന്‍, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി ഹബീബ് റഹ്മാന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എന്‍ കെ ഹഫ്‌സല്‍ റഹ്മാന്‍, ജെ പി എച്ച് എന്‍. പി എം നന്ദിനി, വര്‍ക്കര്‍ എ ജുമൈലത്ത്, ആശ വര്‍ക്കര്‍മാരായ പി ഗീത, കെ സുലൈഖ സംസാരിച്ചു. എന്‍ എസ് എസ് വളണ്ടിയര്‍ ലീഡര്‍മാരായ പി ഹംറാസ് മുഹമ്മദ്, എം ടി നസീബ തസ്‌നീം ഗൃഹ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.