പന്നിയങ്കര മേല്‍പാലം: പണി ഇഴയുന്നു; ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Posted on: July 11, 2016 10:33 am | Last updated: July 11, 2016 at 10:33 am
SHARE

കോഴിക്കോട്: പന്നിയങ്കര മേല്‍പ്പാലം പണി നടക്കുന്നതിനിടെ ദേശീയപാതയിലെ ഗതാഗത കുരുക്ക് രൂക്ഷമായി. മേല്‍പ്പാലത്തിന്റെ പണി നടക്കുന്നതോടൊപ്പം റോഡില്‍ കുഴികള്‍ രൂപപ്പെട്ടതാണ് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ തടസമാകുന്നത്. മഴക്കാലമായതോടെ കുഴിയില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതും യാത്രക്കാരെ പ്രയാസത്തിലാക്കുന്നു. റോഡിന്റെ കിഴക്ക് ഭാഗമാണ് പൂര്‍ണമായും തകര്‍ന്ന് യാത്ര ദുഷ്‌കരമായിരിക്കുന്നത്. ഈ ഭാഗത്തെ റോഡിന്റെ ടാറിംഗ് പൂര്‍ണമായും അടര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. വലിയ വാഹനങ്ങള്‍ കുഴിയില്‍ പതിക്കുമ്പോള്‍ ആടിയുലയുന്നതും പതിവ് കാഴ്ച്ചയാണ്.
ചെളിവെള്ളം നിറഞ്ഞ കുഴിയില്‍ പതിച്ച് വലിയ വാഹനങ്ങള്‍ മറിയാന്‍ സാധ്യതയുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഇതിനാല്‍, വലിയ വാഹനങ്ങള്‍ അതീവ ജാഗ്രതയോടെയാണ് ഈ റൂട്ടിലൂയ കടന്ന് പോകുന്നതെന്ന് ബസ് ഡ്രൈവര്‍മാര്‍ പറയുന്നു. രാവിലെയും വൈകുന്നേരവും പന്നിയങ്കരയില്‍ രൂക്ഷമായ ഗതാഗതക്കുരിക്കാണ് അനുഭവപ്പെടാറുള്ളത്. മണിക്കൂറുകള്‍ കാത്തുന്നിന്നാണ് ഇതുവഴി കടന്നുപോകാന്‍ സാധിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ദേശീയപാതയുടെ വലിയൊരു ഭാഗം വളച്ചുക്കെട്ടിയാണ് മേല്‍പ്പാലത്തിന്റെ പണി പുരോഗമിക്കുന്നത്. പണി നടക്കുന്ന റോഡിന്റെ ഇരുവശത്തുമുള്ള ഭാഗമാണിപ്പോള്‍ ഗതാഗതത്തിനായി ഉപയോഗിക്കുന്നത്. കുഴികളും ചെളിയും റോഡിന്റെ വീതിക്കുറവുമാണ് പന്നിയങ്കരയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണം. മണിക്കൂറുകള്‍ നീളുന്ന കുരുക്ക് യാത്രക്കാര്‍ക്ക് സമയത്ത് ലക്ഷ്യസ്ഥാനത്തേക്കെത്താനും തടസമാകുന്നുണ്ട്. നിലവില്‍ ദേശീയപാതയുടെ ഇരുവശത്തേക്കും നീണ്ടുകിടക്കുന്ന മേല്‍പ്പാലത്തിന്റെ പണി മന്ദഗതിയിലാണ് നീങ്ങുന്നത്.
മഴ ശക്തമായതും പകല്‍ സമയങ്ങളിലെ വാഹന പ്രവാഹവും കാരണം നിലവില്‍ രാത്രിയിലാണ് മേല്‍പ്പാലത്തിന്റെ പണി കാര്യമായി നടക്കുന്നത്. ഡല്‍ഹി മെട്രോ റെയില്‍വേ കോര്‍പറേഷന്‍(ഡി എം ആര്‍ സി) ആണ് മേല്‍പ്പാലത്തിന്റെ പണി നടത്തുന്നത്. മോണോ റെയില്‍ പദ്ധതിയുടെ ഭാഗമായാണ് പന്നിയങ്കര മേല്‍പ്പാലം ഡി എംആര്‍ സി ഏറ്റെടുക്കുന്നത്. മേല്‍പ്പാലത്തിന്റെ രൂപരേഖ തയാറാക്കിയതും ഡി എം ആര്‍ സി തന്നെയാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പണി പൂര്‍ത്തിയാക്കാനായിരുന്നു ഡി എം ആര്‍ സി പദ്ധതിയിട്ടത്. എന്നാല്‍, മേല്‍പ്പാലത്തിന്റെ പണി അവസാന ഘട്ടത്തിലേക്കെത്തിയതായി അധികൃതര്‍ അറിയിച്ചു. മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയാകുന്നതോടെ റോഡ് ഡാറിംഗ് പ്രവൃത്തി തുടങ്ങാന്‍ സാധിക്കുമെന്ന് കൗണ്‍സിലര്‍ കെ നിര്‍മല അറിയിച്ചു.