രോഗമെന്തെന്ന് പിടികിട്ടാതെ ഡോക്ടര്‍മാര്‍; കുടുംബനാഥന്റെ ജീവിതം ദുരിതക്കയത്തില്‍

Posted on: July 11, 2016 10:32 am | Last updated: July 11, 2016 at 10:32 am
SHARE

ഫറോക്ക്: ചികില്‍സിക്കുന്ന ഡോക്ടര്‍മാക്ക് രോഗമെന്തെന്ന് കണ്ട് പിടിക്കാനാകാതെ ജീവിതം ദുരിത കയത്തിലായിരിക്കുകയാണ് ഫറോക്ക് പെരുമുഖം പുല്ലി കടവിന് സമീപം താമസിക്കുന്ന തെക്കുംപുറം അബ്ദുല്‍ഹമീദ്. സ്വന്തം ശരീരത്തില്‍ കൊതുക് കടിച്ചാല്‍ പോലും ആട്ടിയോടിക്കാനാകാതെ ശരീരം തളര്‍ന്ന് കിടക്കുകയാണ് ഈ കടുംബനാഥന്‍. തന്റെ മുപ്പത്തിരണ്ടാം വയസ്സില്‍ വന്ന ഒരു പനിയാണ് അബ്ദുല്‍ ഹമീദിനെ എന്നന്നേക്കുമായി രോഗ കിടക്കിയിലാക്കിയത്.
അലോപ്പതി, ആയുര്‍വേദം, ഹോമിയോ, എന്നിങ്ങനെ വിവിധ ചികിത്സാ രീതികള്‍ പരീക്ഷിച്ചെങ്കിലും ഹമീദിന് ഇന്നും കിടക്കയില്‍ നിന്ന് മോചനമായിട്ടില്ല. 26 വര്‍ഷമായി ശരീരം തളര്‍ന്ന് സംസാരിക്കാന്‍ പോലുമാകാതെ ഇദ്ദേഹം ദുരിതത്തിലായിരിക്കുകയാണ്. 26 വര്‍ഷത്തെ ചികിത്സക്ക് ഇടയിലും ബാധിച്ച അസുഖം എന്താണന്ന് കണ്ട് പിടിക്കാന്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് പോലും കഴിഞ്ഞിട്ടില്ല.
പനി വന്നയുടനെ നാട്ടിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു. ബേധമാകാത്തതിനെ തുടര്‍ന്ന് ഒന്നര മാസത്തോളം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സിച്ചു. എലിപ്പനിയോ, മറ്റ് പകര്‍ച്ചവ്യാധിയോ ആയിരിക്കാമെന്ന ധാരണയിലായിരുന്നു ബന്ധുക്കള്‍. അവിടെയുള്ള ചികിത്സ മാസങ്ങള്‍ നീണ്ടെങ്കിലും അസുഖം മാറാത്തതിനെ തുടര്‍ന്ന് നിരാശ മാത്രം ബാക്കിയാക്കി അബ്ദുല്‍ ഹമീദിനെയുമായി വീട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. ഇന്ന് ഭക്ഷണം കഴിക്കണമെങ്കിലും മറ്റു ആവശ്യങ്ങള്‍ക്കെല്ലാം ഭാര്യ സുലൈഖ മാത്രമാണ് ഏക ആശ്രയം. നല്ലവരായ നാട്ടുകാര്‍ മുടങ്ങാതെ സഹായം എത്തിക്കുന്നത് കൊണ്ടാണ് ചികിത്സ തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ട് പോവുന്നത്. ശരീരം തളര്‍ന്നതിനൊപ്പം ഒരു കൈയും താടിയും അസാധാരണമായി ബലം പ്രയോഗിക്കുകയും വായ ഏത് നേരവും തുറന്നിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ്. ശരീരം തളര്‍ന്നെങ്കിലും മറ്റുള്ളവര്‍ പറയുന്നതെല്ലാം മനസ്സിലാക്കാനും അതിന് തന്നെ കൊണ്ടാവും വിധം ആഗ്യത്തിലൂടെ മറുപടി പറയാന്‍ അബ്ദുല്‍ ഹമീദ് ശ്രമിക്കുന്നത് അസുഖം ബേധമാകുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട്. പക്ഷേ, തുടര്‍ന്നുള്ള വിദഗ്ധ ചികിത്സക്ക് പണം കണ്ടെത്താനാകാതെ വിശമിക്കുകയാണ് ഭാര്യ സുലൈഖയും സഹായഹസ്തവുമായെത്തുന്ന നാട്ടുകാരും.
അബ്ദുല്‍ ഹമീദിന്റെ ശാരീരിക വിശമതകളും പ്രത്യേകതകള്‍കൊണ്ടും ഇദ്ദേഹത്തിനിപ്പോള്‍ തുടര്‍ ചികിത്സ നല്‍കാനും ഡോക്ടര്‍മാര്‍ മടിക്കുകയാണ്. പുഴയില്‍ മത്സ്യതൊഴിലാളിയായിരുന്ന അബ്ദുല്‍ഹമീദ് അസുഖ ബാധിതനായി കിടപ്പിലായതോടെ കുടുംബത്തിന്റെ ഏക വരുമാനവും നിലച്ചതിനാല്‍ കുടുംബത്തിന്റെ നിത്യ ചിലവിനു പോലും ഏറെ പ്രയാസപ്പെടുകയാണ്. നാട്ടുകാര്‍ നല്‍കുന്ന ചെറിയ സഹായങ്ങളും വികലാംഗ പെന്‍ഷനുമാണ് നിലവിലെ ഏക ആശ്രയം.