കാസര്‍കോട് കാണാതായവരില്‍ ഒരാള്‍ മുംബൈയില്‍ പിടിയില്‍

Posted on: July 11, 2016 10:03 am | Last updated: July 11, 2016 at 6:52 pm
SHARE

crime2മുംബൈ: കാസര്‍കോട് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായവരില്‍ ഒരാള്‍ മുംബൈയില്‍ പിടിയിലായി. ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനാണ് സെന്‍ട്രല്‍ ഇന്റലിജന്‍സിന്റെ പിടിയിലായത്.

അന്വേഷണം സംഘം ഇയാളുടെ വീട്ടുകാരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിനും ഒടുവിലാണ് ഫിറോസ് ഖാനെ കണ്ടെത്തിയത്. ഞായറാഴ്ച്ച രാത്രിയാണ് ഇയാള്‍ പിടിയിലായത്.

പത്ത് ദിവസം മുമ്പ് ഇയാള്‍ വിട്ടിലേക്ക് വിളിച്ചിരുന്നുവെന്നാണ് സൂചന. താന്‍ മുംബൈയിലുണ്ടെന്നും ഒപ്പമുണ്ടായിരുന്നവര്‍ സിറിയയിലേക്ക് പോയെന്നുമായിരുന്നു ഇയാള്‍ വീട്ടുകാരോട് പറഞ്ഞത്. ഇക്കാര്യം പുറത്ത് പറയരുതെന്നും ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നെത്രെ.

അതിനിടെ, കാസര്‍കോട് നിന്ന് കാണാതായ 15 അംഗ സംഘത്തിലെ 12 പേര്‍ തെഹ്‌റാനിലെത്തിയതായാണ് സൂചന. ബെംഗളൂരൂ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നായാണ് സംഘം തെഹ്‌റാനിലേക്ക് കടന്നത്. പടന്നയിലെ ഡോ. ഇജാസിന്റെ കുടുംബവും ഹഫീസുദ്ദീനുമടങ്ങുന്ന സംഘമാണ് തെഹ്‌റാനിലുള്ളത്. കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജന്‍സി വഴിയാണ് ഇവര്‍ യാത്രാരേഖകള്‍ ശരിയാക്കിയത്.

തെഹ്‌റാന്‍ ഒരു ഇസില്‍ മേഖലയല്ല. ആത്മീയ സാഹചര്യങ്ങളുള്ള സുരക്ഷിത കേന്ദ്രമായതിനാലാവാം ഇവര്‍ തെഹ്‌റാന്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.