പെന്‍സ്റ്റോക്കുകളില്‍ ദുരന്തം പതിയിരിക്കുന്നു

Posted on: July 11, 2016 9:30 am | Last updated: July 11, 2016 at 9:30 am
SHARE

penstockകോതമംഗലം: രാജഭരണകാലം മുതല്‍ 20 വര്‍ഷം മുമ്പ് വരെ സ്ഥാപിച്ച ജലവൈദ്യുത പദ്ധതികളിലെ പെന്‍സ്റ്റോക്കുകളില്‍ പലതും ദുരന്തഭീതി ഉയര്‍ത്തുന്നു. അര നൂറ്റാണ്ടിലേറെ പഴക്കം ഉള്ളവയാണ് സംസ്ഥാനത്തെ മിക്ക ജലവൈദ്യുത പദ്ധതികളുടെയും പെന്‍സ്റ്റോക്ക് പൈപ്പുകള്‍.
രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്ന വിമര്‍ശങ്ങളും നേരത്തെ ചര്‍ച്ചയായതാണ്. രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരം പൈപ്പുകള്‍, ജോയിന്റ്, റിവറ്റ്, വാല്‍വുകള്‍, ലൈനിംഗ്, ബോള്‍ട്ടുകള്‍ എന്നിവ സ്ഥിരമായി പരിശോധിക്കണം. പെന്‍സ്റ്റോക്ക് പൈപ്പും വാല്‍വും തുരുമ്പെടുക്കുന്നത് തടയാന്‍ കപ്പലിന്റെ അടിഭാഗത്ത് അടിക്കുന്ന ആന്റിഫൗളിംഗ് പെയിന്റ് ഉപയോഗിക്കണം. പൈപ്പിന്റെ കനം അഞ്ച് വര്‍ഷം കൂടുമ്പോള്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിക്കണം. വാല്‍വുകള്‍ അടിയന്തരഘട്ടത്തില്‍ അടക്കാന്‍ കഴിയുന്ന തരത്തില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ സംവിധാനത്തിലായിരിക്കണം. ലോഡ് റിജക്ഷന്‍ പരിശോധന നടത്തണം. വാട്ടര്‍ ഹാമറിംഗ് ഒഴിവാക്കാന്‍ പാകത്തില്‍ പവര്‍ ഹൗസിലെ ഗവര്‍ണറിലെ സമയം ക്രമീകരിക്കണം. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പെന്‍സ്റ്റോക്ക് പൈപ്പിന്റെ അകവും പുറവും പരിശോധിക്കണം. അറ്റകുറ്റപ്പണികള്‍ നടത്തുന്ന രേഖകള്‍ കൃത്യമായി സൂക്ഷിക്കണം.
എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ വൈദ്യുതി ബോര്‍ഡ് വേണ്ട ശ്രദ്ധ നല്‍കാത്തതാണ് പലപ്പോഴും ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. 75 വര്‍ഷം മുമ്പ് നിര്‍മിച്ച പള്ളിവാസല്‍ മുതല്‍ 25 വര്‍ഷത്തോട് അടുക്കുന്ന ലോവര്‍പെരിയാര്‍ പദ്ധതികള്‍വരെയുള്ള പവര്‍ ഹൗസുകളിലേക്ക് എത്തുന്ന പെന്‍സ്റ്റോക്കുകളില്‍ പലതും കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ചതും അപകട സാധ്യത ഉയര്‍ത്തുന്നതുമാണ്.
കഴിഞ്ഞ മാസം നേര്യമംഗലം പവര്‍ഹൗസിലേക്കുള്ള പെ ന്‍സ്റ്റോക്കില്‍ പൊട്ടല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഒന്നാം നമ്പര്‍ പെന്‍സ്റ്റോക്കിലെ വാല്‍വിലെ തകരാര്‍ മൂലമാണ് ചോര്‍ച്ചയുണ്ടായത്. പെട്ടെന്ന് ഇത് കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവാക്കാനായി. 2007 സെപ്തംബര്‍ 17ന് പന്നിയാറില്‍ പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടി എട്ട് പേര്‍ മരിച്ചിരുന്നു. വാല്‍വ് ഹൗസിലെ ബട്ടര്‍ഫ്‌ളൈ വാല്‍വ് അടക്കാനുള്ള ശ്രമത്തിനിടെ ഇത് തകരുകയും വന്‍തോതില്‍ ജലപ്രവാഹമുണ്ടാവുകയും ചെയ്തിനെ തുടര്‍ന്നായിരുന്നു ദുരന്തം. പെന്‍സ്റ്റിക്കിന്റെ കാലപ്പഴക്കം അന്നുമുതലാണ് പ്രധാനമായും ചര്‍ച്ചയായത്.