Connect with us

Kannur

വരുന്നൂ, സൗരോര്‍ജ ബോട്ടുകള്‍

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ ജലഗതാഗതം സൗരോര്‍ജം ഉപയോഗിച്ച് മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നൂതന പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ ജലഗതാഗതത്തിന് ഉപയോഗിക്കാന്‍ സംവിധാനമൊരുക്കും. സൗരോര്‍ജം ഉപയോഗിച്ച് ബോട്ട്- ജങ്കാര്‍ സര്‍വീസ് നടത്തുന്നതിനുള്ള സാങ്കേതിക വിദ്യക്ക് സര്‍ക്കാര്‍ ഫ്രാന്‍സിന്റെ സഹായം തേടി. ഈ പദ്ധതി വിജയകരമായി നടപ്പായാല്‍ സംസ്ഥാനത്ത് പുതുതായി തുറക്കപ്പെടുന്ന ഉള്‍നാടന്‍ ജലഗതാഗതത്തില്‍ ഉള്‍പ്പടെ വന്‍ ലാഭകരവും പരിസ്ഥിതി സൗഹൃദവുമായ സൗരോര്‍ജ ബോട്ടുകള്‍ ഉപയോഗിക്കും.
അതിനിടെ, സംസ്ഥാനത്തെ ആദ്യ സൗരോര്‍ജ യാത്രാബോട്ട് ഈ മാസം അവസാനം പുറത്തിറങ്ങും. ഒന്നരക്കോടി രൂപ മുതല്‍മുടക്കില്‍ ആലുവ തോട്ടക്കാട്ടുകരയിലെ യാര്‍ഡില്‍ നിര്‍മിക്കുന്ന ബോട്ടാണ് വൈക്കം- തവണക്കടവ് റൂട്ടില്‍ ഈ മാസം അവസാനവാരം കന്നിയാത്ര നടത്തുക. ലിഥിയം ബാറ്ററിയിലേക്ക് സൗരോര്‍ജം ശേഖരിച്ചാണ് ഈ ബോട്ട് പ്രവര്‍ത്തിപ്പിക്കുക.
ഫ്രഞ്ച് ടെക്‌നോളജി ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയില്‍ ബോട്ട് നിര്‍മാണം നടത്താനാണ് ഉദ്ദേശിക്കുന്നത്. സാധാരണ സോളാര്‍ ഫെറി നിര്‍മിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ 7.5 കോടി രൂപ ചെലവാകും. ഇന്ത്യയില്‍ ഇത് രണ്ട് കോടിയില്‍ താഴെയായി കുറക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സാധാരണ ബോട്ടുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയില്‍ രണ്ട് കോടിയാണ് നിര്‍മാണ ചെലവ്. എന്നാല്‍, ഇവ വര്‍ഷംപ്രതി 20 ലക്ഷം രൂപയുടെ ഇന്ധനം ഉപയോഗിക്കുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ സോളാര്‍ ബോട്ടുകളാണ് സാധാരണ ഉപയോഗിക്കുന്നവയെക്കാള്‍ ലാഭം. നിര്‍മാണ ചെലവ് അല്‍പ്പം ഉയര്‍ന്നാലും ഇന്ധനച്ചെലവ് വന്‍തോതില്‍ ലാഭിക്കാനാകും. കേന്ദ്ര സര്‍ക്കാര്‍ സോളാര്‍ പദ്ധതികള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നതിനാല്‍ സോളാര്‍ ബോട്ടുകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. അതുകൊണ്ടുതന്നെ ഇവയുടെ നിര്‍മാണച്ചെലവ് കാര്യമായി ബാധിക്കില്ല. അന്തരീക്ഷ മലിനീകരണ തോത് വളരെ കുറക്കാനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ഒരു സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് ഏതാണ്ട് ഒരു കിലോവാട്ട് വൈദ്യുത ശക്തിക്കുള്ള സൂര്യകിരണം ലഭിക്കുക. പകല്‍ ഉത്പാദിപ്പിച്ച വൈദ്യുതി സംഭരിച്ചുവച്ചാണ് ഉപയോഗിക്കുക. സൂര്യനില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നതിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും അതു സംഭരിക്കാന്‍ നൂതന മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്താല്‍ സൗരോര്‍ജ ബോട്ടുകള്‍ കൂടുതല്‍ വിജയ പ്രദമാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
തെക്കന്‍ മേഖല കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ കൂടുതലായും ബോട്ട് സര്‍വീസുള്ളത്. കോട്ടപ്പുറം- കൊല്ലം ജലപാത ഗതാഗതയോഗ്യമാകുന്നതോടെ അന്തരീക്ഷ മലിനീകരണമില്ലാതെയും സാമ്പത്തിക ബാധ്യതയില്ലാതെയും ബോട്ട് സര്‍വീസ് നടത്താനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴില്‍ 47 ബോട്ടുകളിലൂടെ 877 ട്രിപ്പുകളാണ് നടത്തുന്നത്. ഇതിന് 6733 റൂട്ട് കിലോമീറ്റര്‍ ജലപാത ഉപയോഗിക്കുന്നു. 20,000 റൂട്ട് കിലോമീറ്റര്‍ ജലപാത ഉപയോഗിച്ച് രണ്ട് ജങ്കാറിലൂടെയുള്ള ചരക്ക് ഗതാഗതവും നടക്കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ ടൂറിസം ബോട്ടുകളും സര്‍വീസ് നടത്തുന്നു.
മണിക്കൂറില്‍ 10 കിലോമീറ്റര്‍ ആണ് ജലഗതാഗതത്തിന്റെ പരമാവധി വേഗം. സംസ്ഥാനത്തെ പ്രഖ്യാപിത ജലപാതയുടെ നീളം 1895 കിലോമീറ്ററാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ജലപാതയിലൂടെ മാത്രം യാത്ര ചെയ്യാനുള്ള പാത സംസ്ഥാനത്തിനുണ്ടെങ്കിലും ഇത് വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി