Connect with us

International

തെക്കന്‍ സുഡാന്‍ സംഘര്‍ഷഭരിതം; മരണം 272 ആയി

Published

|

Last Updated

ജുബ: ദക്ഷിണ സുഡാനില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. തലസ്ഥാനമായ ജുബയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 272 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 33 പേര്‍ സാധാരണക്കാരാണ്. നഗരത്തില്‍ വീണ്ടും രൂക്ഷമായ വെടിവെപ്പുണ്ടായതായും നിരവധി പേര്‍ യു എന്‍ കേന്ദ്രത്തില്‍ അഭയം തേടിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദ്യമായി സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രസിഡന്റ് സല്‍വാ കിറിനെ അനുകൂലിക്കുന്ന സൈന്യവും വൈസ് പ്രസിഡന്റും മുന്‍ വിമത നേതാവുമായ റീക് മച്ചറിനെ അനകൂലിക്കുന്ന സൈന്യവും തമ്മിലാണ് ആദ്യം സംഘര്‍ഷം രൂക്ഷമായത്.
പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടക്കുമ്പോഴായിരുന്ന ആക്രമണമുണ്ടായത്. പിന്നീട് ആക്രമണം നഗരം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. രണ്ട് വര്‍ഷമായി തെക്കന്‍ സുഡാനില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷം വീണ്ടും രൂക്ഷമാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 2013ല്‍ പ്രസിഡന്റ് സല്‍വാ കീര്‍ വൈസ് പ്രസിഡന്റ് മച്ചറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് മുതലാണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നത്. അയല്‍രാജ്യമായ കെനിയ, സമാധാനത്തിനുള്ള ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് അപകടം വരുത്തുന്ന രീതിയില്‍നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ഇരുവിഭാഗവും മുന്നോട്ടുവരണമെന്ന് കെനിയ ആവശ്യപ്പെട്ടു.
അതേസമയം, നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമായതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. നിലവല്‍ സാഹചര്യം നിയന്ത്രണ വിധേയമായെന്നും രാജ്യം ശാന്തമാണെന്നും വാര്‍ത്താവിതരണ മന്ത്രി മൈല്‍ മാക്വെ ടി വി ചാനലിലൂടെ അറിയിച്ചു. രംഗം ശാന്തമാണെന്നും അതുകൊണ്ട് ജനങ്ങള്‍ അവരുടെ വീടുകളിലേക്ക് തിരിച്ചുപോകണമെന്നും ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ശനിയാഴ്ച നഗരം ശാന്തമായിരുന്നെങ്കിലും ഇന്നലെ വീണ്ടും നഗരത്തില്‍ നിന്ന് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെബെല്‍ പ്രദേശത്ത് നിന്ന് 40 മിനിറ്റ് നീണ്ടുനിന്ന വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. രക്തത്തില്‍ കുതിര്‍ന്ന നിരവധി മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്തതായും അവര്‍ സാക്ഷ്യപ്പെടുത്തി.
2011 ജൂലൈ ഒമ്പതിനാണ് ദക്ഷിണ സുഡാന്‍ പഴയ സുഡാനില്‍ നിന്ന് വേര്‍പ്പെട്ട് പുതിയ രാജ്യമായത്. ഇത് സംബന്ധിച്ച ഹിതപരിശോധനയില്‍ പുതിയ രാജ്യം വേണമെന്ന ആവശ്യത്തിന് നൂറ് ശതമാനം വോട്ട് ലഭിച്ചിരുന്നു.

Latest