Connect with us

Kerala

മുജാഹിദ് വിഭാഗത്തിന്റെ ഇസില്‍ ബന്ധം അന്വേഷിക്കുന്നു

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് സ്ത്രീകള്‍ അടക്കമുള്ളവരെ തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയത് മുജാഹിദ് വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ നേതൃത്വത്തിലാണെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുര്‍റാഷിദിന്റെ നേതൃത്വത്തിലാണ് റിക്രൂട്ട്‌മെന്റ് നടന്നതെന്നാണ് വിവരം. ഏറെനാള്‍ മുജാഹിദ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കോഴിക്കോട്ടെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്ററായിരുന്നു അബ്ദുര്‍റാഷിദ്.
മാത്രമല്ല മുജാഹിദ് ആശങ്ങളുടെ പ്രചാരകനുമാണ്. ഇവിടെവെച്ച് ഖുര്‍ആന്‍ ക്ലാസ് നടത്തിവരുന്നതിനിടയിലാണ് ഐ എസ് റിക്രൂട്ട്‌മെന്റ് നടന്നതെന്നാണ് സൂചന. സംസ്ഥാനത്ത് നിന്ന് കാണാതായ ഐ എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന പതിനെട്ടുപേര്‍ക്കും അബ്ദുര്‍ റാഷിദുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇവരെല്ലാം മുജാഹിദ് വിഭാഗക്കാരാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും കാണാതായ നിമിഷ ഫാത്തിമയെയും ഇസയെയും പരിചയപ്പെടുത്തിയത് അബ്ദുര്‍ റാഷിദ് ആണെന്നും വ്യക്തമായിട്ടുണ്ട്. ഖുര്‍ആന്‍ പഠനക്ലാസിന്റെ മറവില്‍ ഐ എസ് റിക്രൂട്ട്‌മെന്റിനുള്ള ഒരുക്കങ്ങളാണ് അബ്ദുര്‍റാഷിദ് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കാണാതായ ഇജാസ് അടക്കമുള്ളവര്‍ക്ക് ഖുര്‍ആന്‍ ക്ലാസ് നടത്തിയത് അബ്ദുര്‍റാഷിദാണെന്ന് ഇജാസിന്റെ ബന്ധു വെളിപ്പെടുത്തി.
അതിനിടെ, തൃക്കരിപ്പൂര്‍ മേഖലകളില്‍ നിന്ന് കൂടുതല്‍ പേര്‍ അപ്രത്യക്ഷമായതായും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കാന്‍ ബന്ധപ്പെട്ട വീട്ടുകാര്‍ തയ്യാറാകുന്നില്ല. അവര്‍ വിദേശത്താണുള്ളതെന്ന് പറയുന്നുണ്ടെങ്കിലും വിദേശത്ത് എവിടെയാണെന്ന് വ്യക്തമാക്കാന്‍ വീട്ടുകാര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. തൃക്കരിപ്പൂരിലും പടന്നയിലും എത്തിയ അന്വേഷണ സംഘം ഇത്തരത്തില്‍ അപ്രത്യക്ഷരായവരുടെ വീടുകളില്‍ എത്തിയെങ്കിലും അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ വീട്ടുകാര്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്ന് സിറിയ, യമന്‍, തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയി തിരിച്ചുവരാത്തവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Latest