Connect with us

Kerala

ഓണം കെങ്കേമക്കാന്‍ കുടുംബശ്രീ രണ്ടര ലക്ഷം ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കും

Published

|

Last Updated

കണ്ണൂര്‍: ഓണത്തിന് കുടുംബശ്രീ രണ്ടര ലക്ഷം ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കും. ഇവയുടെ മെച്ചപ്പെട്ട വിപണനത്തിനും വരുമാന ലഭ്യതക്കും ഹോര്‍ട്ടികോര്‍പ്, ആത്മ, അര്‍ബന്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, സംഘമൈത്രി എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചതെന്ന് കുടുംബശ്രീ മിഷന്‍ സംസ്ഥാന കണ്‍സള്‍ട്ടന്റ് ഡോ. രാഹുല്‍ കൃഷ്ണന്‍ സിറാജിനോട് പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറിയും മറ്റ് ഉത്പന്നങ്ങളും അതത് പ്രദേശത്ത് വിപണനം നടത്തും. കൃഷിയോടൊപ്പം കാര്യക്ഷമമായ മാലിന്യസംസ്‌കരണവും പ്രാദേശിക ജലസ്രോതസുകളെ സംരക്ഷിച്ച് ഉപയോഗപ്രദമാക്കലും ലക്ഷ്യങ്ങളാണ്. വിവിധ വകുപ്പുകളുടെയും സാമൂഹ്യ- പരിസ്ഥിതി സംഘടനകളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പ് വരുത്തിക്കൊണ്ടാണ് പച്ചക്കറി കൃഷി വിപുലീകരിക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കിയത്.
ഭക്ഷ്യ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കാനും കൃഷിയോടൊപ്പം ശുദ്ധജലം, മാലിന്യ സംസ്‌കരണം, വൃത്തിയുള്ള പരിസരം, നല്ല ജീവിത ശൈലി, നല്ല ആരോഗ്യം എന്നീ പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്‌കാരം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ട് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന സംഘക്കൃഷിയിലൂടെയാണ് ഓണത്തിന് രണ്ടര ലക്ഷം ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കുക. പൊലിവ് എന്നാണ് പദ്ധതിക്ക് നാമകരണം ചെയ്തത്.
വര്‍ഷം മുഴുവന്‍ കേരളത്തിനാവശ്യമായ പച്ചക്കറി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഓണത്തിന് മുന്നോടിയായാണ് പദ്ധതി ആരംഭിക്കുന്നതെങ്കിലും ഇത് ഒരു തുടര്‍പദ്ധതിയായി നടപ്പാക്കാനാണ് തീരുമാനിച്ചതെന്ന് കുടുംബശ്രീ മിഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എച്ച് ഒ സലീം പറഞ്ഞു. അധികമായി ലഭിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കും. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ എടപ്പാള്‍ അയിലക്കാട് തോട്ടത്തില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീലാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. 41 ലക്ഷം കുടുംബങ്ങള്‍ അംഗമായ 2,42,000 അയല്‍ക്കൂട്ടങ്ങളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ഇരുപതിനായിരം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയില്‍ പച്ചക്കറി ഉത്പാദനം നടത്താനാണ് പദ്ധതിയുടെ ഭാഗമായി തീരുമാനിച്ചത്.
പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ഉത്പാദിപ്പിക്കുന്നതിനായി കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകള്‍ നിലവില്‍ ഒരു ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയില്‍ കൃഷി നടത്തുന്നുണ്ട്. ഇതു കൂടാതെ ഓരോ അയല്‍ക്കൂട്ടവും രണ്ട് സെന്റ് സ്ഥലത്തും ബാലസഭകള്‍ ഒരു സെന്റ് സ്ഥലത്തും വീതം ചീര, പയര്‍, വഴുതന, മുളക്, വെണ്ട തുടങ്ങിയവ കൃഷി ചെയ്യും. പൂര്‍ണമായും ജൈവക്കൃഷി മാതൃകയിലാകും കൃഷി ചെയ്യുക.
പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി ഒരുക്കുന്നതിനും കുടുംബശ്രീ ഫലപ്രദമായ ഇടപെടലുകള്‍ നടത്തും. ഇതിന്റെ ഭാഗമായി തുണിസഞ്ചി, പേപ്പര്‍ ബാഗ് എന്നിവ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയുള്ള പാരിസ്ഥിതിക-ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് കൃഷിയോടൊപ്പം നടപ്പാക്കുക. ഇതിന്റെ ഭാഗമായി മണ്ണ്, ജലസ്രോതസുകള്‍, പരിസ്ഥിതി എന്നിവ സംരക്ഷിച്ചുകൊണ്ടുള്ള ജൈവ കാര്‍ഷിക സാക്ഷരതാ പരിശീലന കളരിയായി അയല്‍ക്കൂട്ടങ്ങളെ മാറ്റിയെടുക്കാനാണ് തീരുമാനം.
അയല്‍ക്കൂട്ടതലത്തില്‍ ഫലവൃക്ഷത്തൈ നടീല്‍, കൃഷിയുമായി ബന്ധപ്പെട്ട് വിഷയാധിഷ്ഠിത ചര്‍ച്ചകള്‍, കര്‍മപദ്ധതി രൂപവത്കരണം എന്നിവ നടത്തും. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും വിപണിയുടെ വിപുലീകരണത്തിനും അയല്‍ക്കൂട്ടങ്ങളുടെ വാര്‍ഡുതല വാര്‍ഷികത്തോടനുബന്ധിച്ച് കാര്‍ഷികമേളയും കാര്‍ഷികോത്സവവും സംഘടിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയോടെയായിരിക്കും കാര്‍ഷിക മേളകള്‍.
കഴിഞ്ഞ വിഷുവിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ സംഘകൃഷി ഗ്രൂപ്പുകള്‍ വിഷുവിപണി ലക്ഷ്യമാക്കി വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിച്ചിരുന്നു. പോലീസ് മൈതാനിയില്‍ നടന്ന വ്യവസായിക കാര്‍ഷിക വിപണന മേളയിലാണ് ഇവയുടെ വിപണനം നടന്നത്. 4170 സംഘകൃഷി ഗ്രൂപ്പുകളാണ് കുടുംബശ്രീയുടെ കീഴില്‍ വിഷരഹിത പച്ചക്കറികള്‍ വിളയിച്ചത്. നല്ലയിനം പച്ചക്കറികള്‍ ന്യായമായ വിലക്ക് നല്‍കി വിഷം കലര്‍ന്ന അന്യസംസ്ഥാന പച്ചക്കറികളുടെ ഉപയോഗം കുറക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. കുടുംബശ്രീയുടെ കീഴില്‍ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് വായ്പാ സൗകര്യവും ഇന്‍സെന്റീവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest