അറബിക് സര്‍വകലാശാല: വിവാദങ്ങളുടെ പിന്നാമ്പുറം

Posted on: July 11, 2016 6:09 am | Last updated: July 10, 2016 at 10:11 pm
SHARE

arabic2006ലെ ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മറ്റിയുടെ ശിപാര്‍ശയില്‍ ന്യൂനപക്ഷ വകുപ്പും അറബിക് സര്‍വകലാശാലയും സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ അത് അംഗീകരിച്ച് ന്യൂനപക്ഷ വകുപ്പ് രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അറബിക് സര്‍വകലാശാലക്ക് വേണ്ടി നടപടി സ്വീകരിച്ചിരുന്നില്ല. അന്നത്തെ പ്രതിപക്ഷം 2011ലെ അവരുടെ പ്രകടനപത്രികയില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും അവര്‍ അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ അറബിക് സര്‍വകലാശാലയുടെ രൂപവത്കരണം ലീഗിന്റെ തലയില്‍ വെച്ചു കെട്ടി ന്യൂനപക്ഷപ്രീണനം എന്ന കുരുക്കിട്ട് ബന്ധിച്ചു.
സര്‍വകലാശാല യാഥാര്‍ഥ്യത്തിലേക്ക് അടുത്തു കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് ഇതിന് അനുമതി നല്‍കിയാല്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാകുമെന്നുള്ള മുന്നറിയിപ്പോടുകൂടിയ റിപ്പോര്‍ട്ടെഴുതി നല്‍കി ചീഫ് സെക്രട്ടറി ഒരുമുഴം മുമ്പേ എറിഞ്ഞത്. ഏറ് വിദ്യാഭ്യാസവകുപ്പിനു നേരേയായിരുന്നു. അതോടുകൂടി സര്‍വകലാശാലയെ ഊര്‍ദ്ധശ്വാസത്തില്‍ എടുത്തു കിടത്തി. അടുത്ത ചടങ്ങ് എന്ന നിലയില്‍ അന്നത്തെ ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി അന്ത്യകൂദാശക്കുള്ള പരിശുദ്ധവചനങ്ങള്‍ റിപ്പോര്‍ട്ട് രൂപത്തില്‍ എഴുതി നല്‍കി പ്രതിസന്ധിയിലാക്കി. ഈ രണ്ട് റിപ്പോര്‍ട്ടുകളും കേവലം യാദൃശ്ചികമായിരുന്നില്ല. സ്വകാര്യ സര്‍വകലാശാല സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനുള്ള താത്പര്യമില്ലായ്മക്കും എതിര്‍പ്പുകള്‍ക്കുമുള്ള മറുമരുന്നുകളുടെ കുറുപ്പടിയായിട്ടാണ് ചീഫ് സെക്രട്ടറിയുടെയും ധന വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടേയും റിപ്പോര്‍ട്ട് പുറത്തുവന്നത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് അന്നത്തെ മുഖ്യമന്ത്രി ഏറ്റുവാങ്ങുമ്പോള്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള എതിര്‍പ്പ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. അതിന്റെ പ്രത്യാഘാതമെന്ന നിലയിലാണ് പ്രതിലോമകരമായ റിപ്പോര്‍ട്ടുകള്‍ തള്ളിപ്പറയാതെയും അതേ സമയം റിപ്പോര്‍ട്ടിനെതിരെയുള്ള വിവിധ മുസ്‌ലിം സംഘടനകളുടെ പ്രതിഷേധത്തെ ഗൗനിക്കാതെയുമുള്ള നിലപാട് സര്‍ക്കാര്‍ അന്ന് സ്വീകരിച്ചത്. ആ നിലപാട് ഒരു സന്ദേശമായിരുന്നു. ആ സന്ദേശം വിദ്യാഭ്യാസമന്ത്രിക്കും വകുപ്പിനുമുള്ളതായിരുന്നു. അതിനപ്പുറത്തേക്ക് സ്വകാര്യസര്‍വകലാശാലയെ എതിര്‍ക്കുന്ന എല്ലാവര്‍ക്കുമുള്ളതായിരുന്നു.
ധനകാര്യ അഡീഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ പിന്നിലും ചിലതൊക്കെ ഒളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അന്നത്തെ സര്‍ക്കാറിലെ മൂന്നാമത്തെ വലിയ കക്ഷിയുടെ രാഷ്ട്രീയ സന്ദേശമായിരുന്നു അത്. മുസ്‌ലിംകള്‍ക്ക് ഒരു സര്‍വകലാശാല അനുവദിക്കുന്നു എന്ന നിലയില്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ ആവശ്യക്കാര്‍ വേണ്ടവിധം ഉപയോഗപ്പെടുത്തിയതിനു പിന്നാലെ ക്രിസ്ത്യന്‍ സര്‍വകലാശാലയും, സിറിയന്‍ സര്‍വകലാശാലയും എന്ന ആവശ്യം ഉയര്‍ത്തി വിദ്യാഭ്യാസ വകുപ്പിനെ പ്രതിരോധത്തിലാക്കി. ഇതിനു മറ്റൊരു കാരണവും കൂടിയുണ്ടായിരുന്നു. അഞ്ചാം മന്ത്രിയും അറബിക് സര്‍വകലാശാലയും എന്തായാലും ഒന്നിച്ചു വേണ്ടായെന്ന് തീരുമാനിച്ചതു പോലെയായി പര്യവസാനം.
ഭാഷകള്‍ക്ക് സമുദായികനിറം നല്‍കി വര്‍ഗീയ ധ്രുവീകരണത്തിന് ഇതുപോലെ മുമ്പ് ആരും ശ്രമിച്ചിട്ടില്ല. അങ്ങനെ ഒരു സര്‍വകലാശാല സ്ഥാപിച്ചിട്ട് മതപഠനം നടത്താമെന്ന് കരുതേണ്ട ഒരു ആവശ്യവുമില്ല. മതപഠന ഗവേഷണങ്ങള്‍ക്കായി അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മതപഠന ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ന് ധാരാളമായി കേരളത്തിലുണ്ട്.
നവ ഉദാരീകരണത്തിന്റെയും ഐ ടി വളര്‍ച്ചയുടെയും സ്വാധീനം ലോകത്തെ ഏകലോക സങ്കല്‍പ്പത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ അറബി ഭാഷയുടെ അനന്തമായ സാധ്യതകള്‍ കേരളത്തിന്റെ മുന്‍പില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നത് കാണേണ്ടതാണ്. ഇടുങ്ങിയ ചിന്താഗതിയും കുത്സിതമാര്‍ഗവും രാഷ്ട്രീയ കുടിപ്പകയും പ്രകടിപ്പിച്ച് ഈ മേഖലയിലൂടെ നമുക്ക് കൈവരിക്കാന്‍ കഴിയുന്ന നേട്ടങ്ങളെ തട്ടിത്തെറിപ്പിക്കാന്‍ മത്സരിക്കുന്നവര്‍ മുണ്ട് മുറുക്കി ഉടുത്ത് വിശപ്പടക്കിയിരുന്ന മലയാളിയെ സാമൂഹിക അംഗീകാരത്തിലേക്ക് ഉയര്‍ത്തിയ ഈ ഭാഷയോടു ചെയ്യുന്ന കൊടും ക്രൂരതയല്ലാതെ മറ്റെന്താണ്? മര്‍ഹബ ചൊല്ലി നമ്മെ സ്വീകരിച്ച അറബി മാതൃഭാഷയായ രാജ്യങ്ങളുടെ സ്‌നേഹോഷ്മളമായ സമീപനത്തെ നമുക്ക് എങ്ങനെ നിഷേധിക്കാന്‍ സാധിക്കും?
പൗരാണികതയുടെ ഗതകാലത്തും ആധുനികരാമായണം, മഹാഭാരതം, പഞ്ചതന്ത്രം എന്നിവ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആയിരത്തൊന്ന് രാവുകളെന്ന കഥാസമാഹാരം അറബി കഥയായ ‘അല്‍ഫലൈല വ ലയ്‌ല’ എന്നതിന്റെ മലയാള വിവര്‍ത്തനമാണ്. തകഴിയുടെ പ്രസിദ്ധമായ ചെമ്മീന്‍ ‘ഷെമ്മീന്‍’ എന്ന പേരില്‍ അറബിയിലേക്ക് പരിഭാഷ പെടുത്തിയപ്പോഴാണ് അത് വിശ്വസാഹിത്യമായി രൂപം പ്രാപിച്ചത് .കൂടാതെ ബെന്യാമിന്റെ ‘ആടുജീവിതവും’ പരിഭാഷയിലൂടെ അറബികള്‍ക്ക് സുപരിചിതമാണ്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, എ പി ജെ അബ്ദുല്‍ കലാം, കമലാ സുരയ്യാ തുടങ്ങിയവരുടെ കൃതികളും സച്ചിദാനന്ദന്റെയും മറ്റും കവിതകളും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകത്ത് 23 രാജ്യങ്ങളില്‍ അറബി ഒന്നാം ഭാഷയാണ്. 170മില്യന്‍ ജനങ്ങള്‍ ഈ ഭാഷയില്‍ ആശയവിനിമയം നടത്തുന്നു. 50 രാജ്യങ്ങളില്‍ രണ്ടാം ഭാഷയാണ്. അവിടങ്ങളിലെ 50കോടിയില്‍ പരം ജനങ്ങള്‍ക്ക് ഈ ഭാഷ എഴുതുവാനും വായിക്കുവാനുമറിയാം. 225 രാജ്യങ്ങളില്‍ ഈ ഭാഷ പ്രചാരത്തിലുണ്ടെന്നാണ് ഏകദേശ കണക്ക്.
അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ ആ ഭാഷ ഏറ്റവുമധികം പ്രചരിച്ചു വരുന്നത് കേരളത്തിലാണ്. ഇവിടെ പതിനായിരത്തോളം അധ്യാപകരും 16 ലക്ഷത്തോളം വിദ്യാര്‍ഥികളും ഈ ഭാഷയുമായി ബന്ധപ്പെട്ട് വരുന്നു. മലയാള ഭാഷയില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഏതാണ്ട് 5000 ത്തോളം അറബി വാക്കുകളില്‍ മലയാളി അവനറിയാതെ ഉപയോഗിച്ചു പോകുന്നത്. പല മലയാള വാക്കുകളില്‍ നിന്നും അറബി വാക്കുകള്‍ അടര്‍ത്തി മാറ്റിയാല്‍ പൂര്‍ണ അര്‍ഥത്തില്‍ പ്രയോഗിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടേണ്ടി വരും.
അറബിക് സര്‍വകലാശാല സ്ഥാപിച്ചാല്‍ വര്‍ഗീയചേരിതിരിവുണ്ടാകുമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ബോധ്യപ്പെടേണ്ട ചില ജീവിത യാഥാര്‍ഥ്യങ്ങളുണ്ട്. കേരളത്തിലെ അനേക ലക്ഷം ചെറുപ്പക്കാരും അവരെ ആശ്രയിച്ചു കഴിയുന്നവരും ജാതിമതഭേദമന്യേ പശ്ചിമേഷ്യയിലെ മാതൃഭാഷയായ അറബിയെ തങ്ങളുടെ ഉപജീവനത്തിന്റെയും നിലനില്‍പ്പിന്റെയും ഭാഷയായി പണ്ടേ മനസ്സാ അംഗീകരിച്ചു കഴിഞ്ഞതാണ്. 2014ലെ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡിന്റെ ഇക്കണോമിക് റിവ്യൂവില്‍ പറയും പ്രകാരം 2012-13 ലെ നമ്മുടെ വിദേശവരുമാനം 65000കോടി രൂപയാണ്. അതേ കാലയളവിലെ റവന്യൂവരവ് 441337കോടിയും, ബഡ്ജറ്റ് ടാര്‍ജറ്റ് 48141കോടിയുമാണ്. പ്രസ്തുത കാലയളവിലെ കശുവണ്ടി, കാപ്പി, തേയില, കയര്‍, കയറുത്പന്നങ്ങള്‍, സമുദ്രോത്പന്ന കയറ്റുമതി, ആഭ്യന്തര- വിദേശ ടൂറിസം എന്നിവയിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാള്‍ എത്രയോ കൂടുതലാണെന്നാണ് ഈ അന്തരം സൂചിപ്പിക്കുന്നത്. കേരളത്തിന്റെ വികസനം തന്നെ വിദേശ വരുമാനത്തെ ആശ്രയിച്ചാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. നമ്മുടെ നാട്ടിലെ നൂറുവീടുകളെടുത്താല്‍ ഏതാണ്ട് പകുതിയോളം വീടുകളിലെ ഒന്നോ അതിലധികമോ ആളുകള്‍ വിദേശത്തുജോലി നോക്കുന്നവരാണ്. ഈ ആളുകളുടെ ജാതി തിരിച്ചുള്ള കണക്ക് 2004 ല്‍ സി ഡി എസ് പ്രസിദ്ധീകരിച്ചിരുന്നു. അതു പ്രകാരം ശതമാന കണക്കില്‍ നായര്‍ 20.71, ഈഴവ 16. 2, ബ്രഹ്മണ 36. 1, മുസ്‌ലിം 54. 71 (അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറം ജില്ലക്കാര്‍) മാര്‍ത്തോമ ക്രൈസ്തവര്‍ 69.5 എന്നിങ്ങനെ ആയിരുന്നു. മറ്റുള്ളവരുടെ കണക്ക് ലഭ്യമായിരുന്നില്ല. ഈ കണക്കിന് ഇപ്പോഴുള്ള പ്രസക്തി വളരെ പ്രധാനമാണ്. അവിടെ പ്രവാസികള്‍ എന്നതിനപ്പുറം മറ്റൊരു വേര്‍തിരിവും ഇല്ലാത്ത കേരളത്തിന്റെ ഒരു പരിച്ഛേദമാണ് കാണുന്നത്.
ഏറ്റവും ഒടുവില്‍ സ്ഥാനം ഒഴിയുന്നതിന്റെ തൊട്ടു മുമ്പ് അറബിക് സര്‍വകലാശാല എന്ന ആശയത്തിന്റെ കടക്കല്‍ കത്തിവെച്ച് വിദേശഭാഷാ സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനമെടുത്ത് കഴിഞ്ഞ സര്‍ക്കാര്‍ അതില്‍ നിന്ന് തലയൂരി. വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയിരിക്കുകയാണ്. അവരുടെ പ്രകടനപത്രികയില്‍ പാലോളി കമ്മറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആ പ്രഖ്യാപനത്തില്‍ സന്തോഷിച്ചിരിക്കുകയാണ് ഭാഷാസ്‌നേഹികള്‍.