Connect with us

Editorial

അമേരിക്കന്‍ വര്‍ണവെറി

Published

|

Last Updated

അമേരിക്കയില്‍ പ്രക്ഷോഭത്തിന്റെ ഭീമന്‍ തിരകള്‍ ഒരിക്കല്‍ കൂടി ആഞ്ഞടിക്കുകയാണ്. പോലീസ് വെടിവെപ്പില്‍ കറുത്ത വര്‍ഗക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ വന്‍ നഗരങ്ങളിലെല്ലാം കൂറ്റന്‍ പ്രകടനങ്ങള്‍ നടക്കുന്നു. പൗരാവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ളവരും വര്‍ണ വെറി അതിവേഗം തിരിച്ചുവരുന്നതില്‍ ആശങ്കയുള്ളവരും ജനാധിപത്യ വിശ്വാസികളുമായ മുഴുവന്‍ പേരും മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളും പ്രക്ഷോഭത്തില്‍ അണിനിരക്കുന്നുണ്ട്. “ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍” എന്ന ബാനറിന് പിറകേ ഇവര്‍ അണിനിരക്കുന്നത് കൃത്യമായ സംഘടനാ സംവിധാനത്തിന്റ പിന്‍ബലത്തോടെയല്ല. സാമൂഹിക മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടക്കുന്ന, അയഞ്ഞ ഘടനയുള്ള ഇത്തരം പ്രക്ഷോഭങ്ങള്‍ വന്‍ വിപ്ലവമായി മാറുമെന്ന ചരിത്ര യാഥാര്‍ഥ്യം മുന്നിലുള്ളത് കൊണ്ട് അതീവ ഗൗരവത്തോടെയാണ് ഭരണകൂടം ഇതിനെ കാണുന്നത്.
ന്യൂയോര്‍ക്ക്‌സിറ്റിയിലും ഫിലാഡെല്‍ഫിയയിലും അറ്റ്‌ലാന്റയിലും സാന്‍ഫ്രാന്‍സിസ്‌കോയിലും ഫീനിക്‌സിലും നടന്ന പ്രകടനങ്ങളിലും ആയിരങ്ങള്‍ അണിനിരന്നു. 37കാരനായ ആള്‍ടണ്‍ സ്റ്റെര്‍ലിംഗും 32കാരനായ ഫിലാന്‍ഡോ കാസ്റ്റൈലുമാണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഈ രണ്ട് യുവാക്കളുടെ ദാരുണ അന്ത്യമാണ് പുതിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുന്നത്. പ്രക്ഷോഭത്തിനിടെ ഡള്ളാസില്‍ കറുത്ത വര്‍ഗക്കാരനായ മുന്‍ സൈനികന്‍ അഞ്ച് പോലീസുകാരെ വെടിവെച്ച് കൊന്നതോടെ പ്രക്ഷോഭം ശിഥിലമാകുമെന്നായിരുന്നു അധികൃതരുടെ കണക്ക് കൂട്ടല്‍. എന്നാല്‍ അക്രമവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും കറുത്ത വര്‍ഗക്കാരുടെ അഭിമാനകരമായ നിലനില്‍പ്പിന് വേണ്ടി സമാധാനപരമായി പ്രക്ഷോഭം തുടരുമെന്നും സമരക്കാര്‍ പറയുന്നു.
2014ല്‍ മൈക്കല്‍ ബ്രൗണ്‍ എന്ന് ആഫ്രോ- അമേരിക്കന്‍ കൗമാരക്കാരനെ മിസോറിയില്‍ വെച്ച് വെടിവെച്ച് കൊന്നത് അക്രമാസക്ത വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഫൊര്‍ഗ്യൂസണ്‍ എന്ന വെള്ളക്കാരനായ പോലീസ് ആയിരുന്നു അന്ന് വെടിവെപ്പ് നടത്തിയത്. 2012ല്‍ നീഗ്രോ വിദ്യാര്‍ഥിയായ ട്രേവിയോണ്‍ മാര്‍ട്ടിനെ കൊന്ന കേസിലെ പ്രതി ജോര്‍ജ് സിമ്മര്‍മാനെ വെറുതെ വിട്ട കോടതി വിധിയും വന്‍ പ്രതിഷേധത്തിനിടയാക്കി. നാല് വര്‍ഷത്തിനിടെ 62 തവണ അറസ്റ്റ് ചെയ്യപ്പെട്ട നീഗ്രോ വംശജനായ സാംപ്‌സനും അമേരിക്കന്‍ പോലീസ് സംവിധാനം എത്രമാത്രം വംശ വെറി സൂക്ഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ചപ്പുചവറുകള്‍ക്കിടയില്‍ നിന്നും മറ്റും സാധനങ്ങള്‍ പെറുക്കി വിറ്റു ജീവിക്കുന്ന സാംപ്‌സന്റെ മേല്‍ വ്യാജമായി മോഷണക്കുറ്റം ചുമത്തിയായിരുന്നു നിരന്തരം അറസ്റ്റ് ചെയ്തു ജയിലിലടച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ ഇരുന്നിട്ടും വെള്ളക്കാരന്റെ വംശവെറിക്ക് മാറ്റം വന്നിട്ടില്ലെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ട്രേവിയോണ്‍ മാര്‍ട്ടിന്റെ കൊലയുമായി ബന്ധപ്പെട്ട് ബരാക് ഒബാമ പറഞ്ഞ വാക്കുകള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്. “മുമ്പ് ഞാനും ഒരു ട്രേവിയോണ്‍ മാര്‍ട്ടിനായിരുന്നു. സെനറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്നത് വരെ എനിക്കും വര്‍ണവെറിക്ക് നിരന്തരം ഇരയാകേണ്ടി വന്നിട്ടുണ്ട്. കടകളിലും തെരുവോരങ്ങളിലും ഞാന്‍ വിവേചനം അനുഭവിച്ചു. കറുത്ത വര്‍ഗക്കാര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറുന്ന വള്ളക്കാരിയായ സ്ത്രീ അതില്‍ നിന്ന് ഇറങ്ങുന്നത് വരെ ശ്വാസം വിടാതെ മൂക്ക് പൊത്തി നില്‍ക്കുന്ന ദുരവസ്ഥ അനുഭവിക്കാത്ത കറുത്തവര്‍ കുറവായിരിക്കും” ആഫ്രിക്കന്‍ വംശജര്‍ മാത്രമല്ല, ഏഷ്യന്‍ വംശജരും അമേരിക്കയില്‍ വര്‍ണവെറിയുടെ ദുരിതം അനുഭവിക്കുന്നുണ്ട്. “സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിംഗ ്ടു ഗെതര്‍” പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അമേരിക്കന്‍ രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥരും ഏഷ്യന്‍ വംശജര്‍ക്കെതിരെ പരസ്യമായി നടത്തിയ വംശീയ അധിക്ഷേപത്തിന്റെ 150 ഉദാഹരണങ്ങള്‍ വിവരിക്കുന്നുണ്ട്. കാലിഫോര്‍ണിയ ആസ്ഥാനമായ ബ്രേവ് ന്യൂ ഫിലിം കമ്പനി നിര്‍മിച്ച ഡോക്യുമെന്ററി വര്‍ണവിവേചനത്തിന് എട്ട് തെളിവുകള്‍ നിരത്തുന്നു. ജോലിക്കുള്ള അപേക്ഷകള്‍ പരിശോധിക്കുമ്പോള്‍ കറുത്ത വര്‍ഗക്കാരുടെതെന്ന് തോന്നുന്ന പേരുകള്‍ ആണെങ്കില്‍ ജോലിക്ക് വിളിക്കാന്‍ 50 ശതമാനത്തില്‍ കുറഞ്ഞ സാധ്യതയേയുള്ളൂ. കറുത്ത വര്‍ഗക്കാര്‍ക്ക് കാര്‍ വാങ്ങുമ്പോള്‍ ഏതാണ്ട് 700 ഡോളര്‍ അധികം കൊടുക്കേണ്ടതായിവരുന്നു. കറുത്ത വര്‍ഗക്കാരായ െ്രെഡവര്‍മാര്‍ പോലീസ് പിടിയിലാകുന്നതിന്റെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് രണ്ടിരട്ടിയാണ്. കറുത്ത വര്‍ഗക്കാര്‍ക്ക് വീടുകള്‍ വില്‍ക്കാനും വാങ്ങാനുമുള്ള സാഹചര്യം മറ്റുള്ളവരെ അപേക്ഷിച്ച് 17.7 ശതമാനം കുറവാണ്. വെളുത്ത വര്‍ഗക്കാരേക്കാള്‍ ആറു മടങ്ങ് അധികം കറുത്ത വര്‍ഗക്കാര്‍ തടവിലാക്കപ്പെടുന്നു. കറുത്ത വര്‍ഗക്കാര്‍ക്ക് ഹൃദയസംബന്ധമായ ചികിത്സയില്‍ നൂതന സംവിധാനങ്ങള്‍ നല്‍ക്കാന്‍ ആരോഗ്യരംഗം തയ്യാറാകുന്നില്ല. ജനപ്രതിനിധികള്‍ കറുത്തവന്റെ നിവേദനങ്ങള്‍ ഗൗനിക്കില്ല. ഇത്രയും കാര്യങ്ങളാണ് ഡോക്യുമെന്ററി തെളിവ് സഹിതം അവതരിപ്പിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് പറഞ്ഞ് റിപ്പോര്‍ട്ടുകള്‍ പടച്ചുണ്ടാക്കുന്ന അമേരിക്കന്‍ ഭരണകൂടം സ്വന്തം മണ്ണില്‍ നടക്കുന്ന ക്രൂരതകള്‍ കണ്ടില്ലെന്ന് വെക്കുന്നു. വര്‍ണവെറി നിലനില്‍ക്കുന്ന രാജ്യം പരിഷ്‌കൃതമല്ല. അവിടെ ജനാധിപത്യമില്ല. വശം ചെരിഞ്ഞ പോലീസ്, നീതിന്യായ സംവിധാനം നടമാടുന്ന ഒരു രാജ്യത്ത് തലങ്ങും വിലങ്ങും വെടിവെക്കുന്ന തോക്കുധാരികള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.

Latest