Connect with us

Gulf

റമസാനില്‍ പാനീയ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധന

Published

|

Last Updated

ദോഹ: റമസാന്‍ വ്രതകാലത്ത് ഖത്വര്‍ ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ പാനീയ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധന. ജ്യൂസ്, സോഫ്റ്റ് ഡ്രിങ്ക് ഉത്പന്നങ്ങള്‍, മോര്, പാല് എന്നിവയുടെ വില്‍പ്പനയാണ് ഉയര്‍ന്നത്. രാജ്യാന്തര കമ്പനികളുടെ ഉത്പന്നങ്ങള്‍ക്കു പുറമേ പ്രാദേശിക കമ്പനികളുടെ ഉത്പന്നങ്ങളും യഥേഷ്ടം വിറ്റുപോയി.
വെള്ളം കലക്കാന്‍ ഉപയോഗിക്കുന്ന വിംടോ പോലുള്ള സ്‌ക്വാഷ് ഉത്പന്നങ്ങളും ടാങ്ക്, പാല്‍പ്പൊടികള്‍ എന്നിവയും വിറ്റുപോയി. സൂപ്പര്‍മാര്‍ക്കറ്റുകളിലും ചില്ലറ വില്‍പ്പനശാലകളിലും പ്രത്യേക ഡിസ്‌പ്ലേയിലാണ് പാനീയങ്ങളും അനുബന്ധ ഉത്പന്നങ്ങളും വില്‍പ്പനക്കു വെച്ചത്. സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ നോമ്പുകാരുടെ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് ഡോക്ടര്‍മാരും ഡയറ്റീഷന്‍മാരും മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തിയതായി വിപണി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഗാര്‍ഹിക ഉപയോഗത്തിനു പുറമേ, ഇഫ്താര്‍ ടെന്റുകള്‍, മസ്ജിദുകള്‍, ഭക്ഷ്യശാലകള്‍ എന്നിവിടങ്ങളിലാണ് പാനീയങ്ങള്‍ വ്യാപകമായി വില്‍ക്കപ്പെട്ടത്. നോമ്പുതുറ സമയത്തെ പാനീയ ഉപയോഗമാണ് വര്‍ധനയുടെ കാരണം. റമസാനിലെ വ്യാപാര സാധ്യത കണക്കിലെടുത്ത് കമ്പനികള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്തിരുന്നു. പ്രാദേശിക കമ്പനികളും വന്‍തോതില്‍ ഉത്പാദനം ഉയര്‍ത്തി.
പാനീയങ്ങള്‍ക്കു പുറമേ കുപ്പി വെള്ളത്തിനും വന്‍ഡിമാന്‍ഡായിരുന്നു. ചെറിയ ബോട്ടില്‍ വെള്ളങ്ങള്‍ക്കായിരുന്നു ചെലവ് കൂടുതല്‍. അതേസമയം, അഞ്ചു ഗ്യാലന്‍ ബോട്ടില്‍ വെള്ളത്തിന്റെ ഡിമാന്‍ഡ് റമസാനില്‍ അസ്വാഭാവികമായി ഉയര്‍ന്നില്ല. ഓഫീസുകളിലും വീടുകളിലും പകല്‍ സമയത്തെ കുടിവെള്ള ഉപയോഗം കുറഞ്ഞതാണ് കാരണം.
റമസാന്‍ ഡിമാന്‍ഡ് ഉപയോഗപ്പെടുത്തി വിപണിയില്‍ രംഗപ്രവേശം ചെയ്യാനും പ്രചാരം നേടാനും ചില കമ്പനികള്‍ ശ്രമിച്ചു. വിപണിയില്‍ കുത്തക സാന്നിധ്യമുള്ള കമ്പനികള്‍ക്കിടയിലേക്കാണ് പുതിയ ചില കമ്പനികളും കടന്നു വരാന്‍ ശ്രമിച്ചത്. റൂബികോണ്‍ സോഫ്റ്റ് ഡ്രിംങ്ക്‌സ് കമ്പനിയുടെ ഗള്‍ഫിലെ വില്‍പ്പന റമസാനില്‍ 75 ശതമാനം ഉയര്‍ന്നതായി അധികൃതര്‍ വ്യക്തമാക്കി. റമസാന്‍ വിപണയിലേക്ക് പാനീയങ്ങളുടെ വൈവിധ്യങ്ങള്‍ ഇറക്കാനും കമ്പനികള്‍ മത്സരിച്ചു. പരമ്പരാഗത ജ്യൂസ് പാനീയങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫ്രൂട്‌സ് ജ്യൂസുകള്‍ പരിഷ്‌കരിച്ചും സ്വാദിഷ്ടമായും പുറത്തിറങ്ങി.
നോമ്പുകാലത്തോളം ഉപയോഗമുണ്ടാകില്ലെങ്കിലും കനത്ത ചൂടുകാലത്തെ വിപണി പ്രതീക്ഷിച്ച് മാര്‍ക്കറ്റില്‍ ശീതള പാനീയങ്ങള്‍ ധാരാളം ഇറക്കുമതി ചെയ്തിട്ടുണ്ട്. സോഫ്റ്റ് ഡ്രിങ്ക്‌സുകളുടെ ഉപയോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നതു പരിഗണിച്ച് കമ്പനികള്‍ ഇറക്കുമതിയും ഉത്പാദനവും ഉയര്‍ത്തുന്നുണ്ട്.