Connect with us

Gulf

റൂഫ്‌ടോപ് സോളാര്‍ പൂര്‍ണതോതില്‍ നടപ്പാക്കണമെന്ന് വിദഗ്ധന്‍

Published

|

Last Updated

ദോഹ: വൈദ്യുതി ആവശ്യം കുതിച്ചുയരുന്ന സാഹചര്യത്തില്‍ റൂഫ്‌ടോപ് സോളാര്‍ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ രാജ്യം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഖത്വര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ഖീരി) ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഖാലിദ് അല്‍ സുബയ്. സൗരോര്‍ജം കൂടുതല്‍ ഉപയോഗിക്കുന്നതിന് യോജിച്ച മാര്‍ഗം റൂഫ് ടോപ്പ് സോളാര്‍ ആണെന്നും ഗള്‍ഫ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സൂര്യതാപം കൂടുതല്‍ ഏല്‍ക്കുന്ന പ്രദേശമായതിനാല്‍ വേനല്‍ക്കാലത്ത് ശീതീകരണ ആവശ്യം കുത്തനെ ഉയരും. ആവശ്യം കൂടുതലുള്ള സമയത്തെ വൈദ്യുതി ആവശ്യം കുറക്കുന്നതിന് മിതമായ ചെലവില്‍ റൂഫ്‌ടോപ്പ് സോളാര്‍ നടപ്പാക്കാവുന്നതാണ്. 2030ഓടെ സമ്പൂര്‍ണ റൂഫ്‌ടോപ്പ് സോളാര്‍ എന്ന ലക്ഷ്യം ദുബൈ ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. ദുബൈ മാതൃക മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും പിന്തുടരേണ്ടതുണ്ട്. നിലവില്‍ വളരെ കുറച്ച് സ്ഥലത്താണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. ഖത്വര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ് ഹൗസിംഗ് തുടങ്ങിയയിടങ്ങളില്‍ സോളാര്‍ പാനലുകള്‍ ഉണ്ട്. അഞ്ചര വര്‍ഷത്തിനപ്പുറത്ത് നടക്കുന്ന ഫിഫ ലോകകപ്പ് ഹരിതഗൃഹവാതക വിമുക്തമാക്കുകയെന്ന ലക്ഷ്യത്തിന് കൂടുതല്‍ സ്ഥലങ്ങളില്‍ പാനലുകള്‍ സ്ഥാപിക്കണം.
ചെലവ് വന്‍തോതില്‍ കൂടുതലായതിനാലാണ് കഴിഞ്ഞ കാലങ്ങളില്‍ സോളാര്‍ സ്ഥാപിക്കാതിരുന്നത്. എന്നാല്‍ സ്ഥിതി മാറുന്നുണ്ട്. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിക്ക് അന്താരാഷ്ട്ര സോളാര്‍ കമ്പനി സമര്‍പ്പിച്ച ബിഡ് ഇതിന് തെളിവാണ്. 200 മെഗാവാട്ട് സോളാര്‍ പ്ലാന്റ് നിര്‍മിക്കുന്നതിന് കിലോവാട്ട്അവറിന് 5.84 യു എസ് സെന്റും ഒരു ജിഗാവാട്ട് സോളാര്‍ പ്ലാന്റിന് കിലോവാട്ട് അവറിന് 5.44 സെന്റുമാണ് ചെലവ് കാണിച്ചിരിക്കുന്നത്. ഇത് വളരെ ചെലവ് കുറഞ്ഞതാണ്. സോളാര്‍ വ്യവസായ മേഖലയില്‍ ഈ പ്രവണത തുടര്‍ന്നാല്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ ചെലവ് കുറഞ്ഞതാകും പുതുക്കാവുന്ന ഊര്‍ജം. ഇതുപ്രകാരം നിലവിലെ ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സോളാര്‍ ഊര്‍ജത്തിലേക്ക് മാറാനും ഖത്വറിന് സാധിക്കും.
സോളാര്‍ സെല്ലുകളില്‍ ഉപയോഗിക്കുന്ന സാമഗ്രികളുടെ നിര്‍മാണത്തിലാണ് ഖത്വര്‍ സോളാര്‍ ടെക്‌നോളജീസ് (ക്യു എസ് ടെക്). സോളാര്‍ ഗ്രേഡ് പോളിസിലിക്കണ്‍ ആണ് ക്യു എസ് ടെക് നിര്‍മിക്കുന്നത്. റാസ്‌ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ നിന്ന് വര്‍ഷം 8000 മെട്രിക് ടണ്‍ പോളിസിലിക്കണ്‍ ഉത്പാദിപ്പിക്കാനാണ് ക്യു എസ് ടെക്കിന്റെ ലക്ഷ്യം. ഇത് സോളാര്‍ ഫോട്ടോവോള്‍ടൈക് പാനലുകളിലേക്ക് മാറ്റുമ്പോള്‍ വര്‍ഷം 1.2 ജിഗാവാട്ടിന് തുല്യമായ ഊര്‍ജം ഉണ്ടാകും. സൗരോര്‍ജ സാങ്കേതികവിദ്യകള്‍ ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വികസിപ്പിക്കുന്ന സോളാര്‍ വേള്‍ഡ് എ ജിയുടെ പങ്കാളിയാണ് ക്യു എസ് ടെക്. നിലവില്‍ സോളാര്‍ സെല്ലുകളും പാനലുകളും ഖത്വറില്‍ നിര്‍മിക്കുന്നില്ല. എന്നാല്‍ ലോകാടിസ്ഥാനത്തിലുള്ള ആവശ്യം, വില, മറ്റ് ഘടകങ്ങള്‍ എന്നിവയെ അവലംബിച്ച് ഇത് മാറിയേക്കാം. 2030ഓടെ 20 ശതമാനം വൈദ്യുതി സൗരോര്‍ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഖത്വറിനുള്ളത്.
കഹ്‌റമയുടെ 100 എം വി സോളാര്‍ ഫാം പദ്ധതി ടെന്‍ഡര്‍ നടപടിക്രമങ്ങളിലാണ്. 2020ഓടെ 200 എം വി സൗരോര്‍ജം ഉത്പാദിപ്പിക്കുകയാണ് കഹ്‌റമയുടെ ലക്ഷ്യം. സൗരോര്‍ജ ഉത്പാദനത്തിന് ഖത്വര്‍ പെട്രോളിയവും ഖത്വര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കമ്പനിയും കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ആദ്യ പടി എന്ന നിലക്ക് 2018ല്‍ ദുഹൈലില്‍ 15 എം വി സോളാര്‍ നിലയം യാഥാര്‍ഥ്യമാക്കുമെന്നും അല്‍ സുബയ് പറഞ്ഞു.

---- facebook comment plugin here -----

Latest