Connect with us

Gulf

യുഎഇയില്‍ പ്രവര്‍ത്തിക്കുന്നത് 536 നിയമാനുസൃത റിക്രൂട്‌മെന്റ് ഏജന്‍സികള്‍

Published

|

Last Updated

അബുദാബി: യുഎഇയിലേക്കാവശ്യമായ തൊഴിലാളികളെ റിക്രൂട് ചെയ്യാന്‍ നിയമാനുസൃതമായി 536 ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതായി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളെ അയക്കുന്ന രാജ്യവും യു എ ഇയും തമ്മിലുള്ള ധാരണകള്‍ക്കും 2011 മുതല്‍ മന്ത്രാലയം മുമ്പോട്ടുവെച്ച നിബന്ധനകള്‍ക്കും വിധേയമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്.

നേരത്തേ ഈ രംഗത്ത് നിലനിന്നിരുന്ന സുതാര്യത ചൂഷണം ചെയ്ത് പല ഏജന്‍സികളും തൊഴിലാളികളെ ഇറക്കുമതി ചെയ്ത് മനുഷ്യത്വ രഹിതമായി പീഡിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്തത് ബോധ്യപ്പെട്ടതിനാലും ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ വന്നതിനാലുമാണ് മാനവ വിഭവ ശേഷി മന്ത്രാലയം 2011 മുതല്‍ കടുത്ത നിബന്ധനകള്‍ ഏജന്‍സികള്‍ക്കു മുമ്പില്‍ വെച്ചത്. ഏജന്‍സികള്‍ക്കുള്ള പുതിയ ലൈസന്‍സുകള്‍ക്കു പുറമെ നിലവിലുള്ളവ പുതുക്കുന്നതിനും നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ ചില ഏജന്‍സികള്‍ തുടരാന്‍ കഴിയാതെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.

നിബന്ധനകള്‍ പാലിക്കാതെ തുടര്‍ന്നു പ്രവര്‍ത്തിച്ച ചില കേന്ദ്രങ്ങളെ മന്ത്രാലയം ഇടപെട്ട് പൂട്ടിക്കുകയും ചെയ്തു.രാജ്യത്തെ തൊഴിലാളികള്‍ അവര്‍ ഏതു രാജ്യത്തുനിന്നുള്ളവരാണെങ്കിലും രാജ്യത്തിന്റെ വളര്‍ച്ചയിലെ മുഖ്യപങ്കാളികളാണ്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അവിസ്മരണീയ പങ്കുവഹിച്ചവരാണവര്‍. രാജ്യത്തിന് അവരോട് പ്രത്യേക കടപ്പാടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കാനോ തടഞ്ഞുവെക്കാനോ ഒരു പഴുതും അനുവദിക്കില്ല, മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമത്തിനാവശ്യമായ നിയമ നിര്‍മാണങ്ങള്‍ക്ക് എന്നും പ്രതിജ്ഞാബന്ധമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിവിധ രാജ്യക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് രാജ്യം ആതിഥ്യമരുളുന്നു. ഇത് ഒരേസമയം യു എ ഇക്കും അവരുടെ രാജ്യത്തിനും ക്ഷേമത്തിന് കാരണമാകുന്നു. തൊഴിലാളികള്‍ തങ്ങളുടെ വരുമാനത്തില്‍നിന്ന് സ്വദേശത്തേക്കയക്കുന്ന കോടികള്‍ അവരുടെ രാജ്യത്തും വലിയ പുരോഗതിക്ക് ചിലവഴിക്കപ്പെടുന്നു. രാജ്യത്തിനകത്തോ പുറത്തോ ഉള്ള തൊഴിലന്വേഷകര്‍, തൊഴില്‍ തേടി ഏജന്‍സികളെ സമീപിക്കുമ്പോള്‍ അവയുടെ ആധികാരികത നന്നായി പഠിക്കണമെന്നും മന്ത്രാലയം ഉപദേശിച്ചു.