Connect with us

National

നിയമസഭാ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ എ എ പിയുടെ പ്രചാരണത്തുടക്കം

Published

|

Last Updated

രാജ്‌കോട്ട്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി ഔദ്യോഗികമായി തുടക്കം കുറിച്ചു. ഒരു ദിവസത്തെ സന്ദര്‍ശനത്തിന് സംസ്ഥാനത്തെത്തിയ ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്‌രിവാളാണ് രാജ്‌കോട്ടില്‍ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്നലെ നടന്ന ആദ്യ യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിനെതിരെ രൂക്ഷ വിമര്‍ശമാണ് കെജ്‌രിവാള്‍ നടത്തിയത്.

ശരിക്കും താന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് സംസ്ഥാനത്തെത്തിയതെന്നും രണ്ടാം ദിവസം സൂറത്തില്‍ നിശ്ചയിച്ച പൊതുപരിപാടികള്‍ മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തി റദ്ദാക്കുകയായിരുന്നുവെന്നും കെജ്‌രിവാള്‍ ആരോപിച്ചു. പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് സമരം നയിക്കുന്ന ഹര്‍ദിക് പട്ടേലിനെതിരെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെയും കെജ്‌രിവാള്‍ വിമര്‍ശിച്ചു. ഹര്‍ദിക്കിനെ ദേശദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച സംഭവം സൂചിപ്പിച്ചായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രസംഗം. ഹര്‍ദിക് ദേശദ്രോഹക്കുറ്റത്തിന് ജയിലിലായെങ്കിലും സമാന കുറ്റം അധോലോക രാജാവ് ദാവൂദ് ഇബ്‌റാഹിമുമായ ഫോണ്‍ വഴി ബന്ധപ്പെടുക വഴി ചെയ്ത മഹാരാഷ്ട്ര മുന്‍ മന്ത്രി ഏക്‌നാഥ് ഖദ്‌സെക്കെതിരെ അത്തരം കേസുകളൊന്നും തന്നെയില്ലെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.
ഗുജറാത്തില്‍ മൂന്നാം കക്ഷിയായി ഉയര്‍ന്നുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രവര്‍ത്തകരെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കെജ്‌രിവാള്‍ ഗുജറാത്ത് സന്ദര്‍ശനത്തിന് എത്തിയത്. രാജ്‌കോട്ടിന് പുറമെ ജൂനഗഢ്, ഗിര്‍ സോംനാഥ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയ കെജ്‌രിവാള്‍ വിവിധ പ്രദേശങ്ങളില്‍ കര്‍ഷകരുമായും കൂടിക്കാഴ്ച നടത്തി. ഇന്ന് കൂടി അദ്ദേഹത്തിന്റെ പരിപാടികള്‍ സംസ്ഥാനത്ത് തുടരേണ്ടതായിരുന്നു. എന്നാല്‍, സൂറത്തില്‍ നിശ്ചയിച്ച ഈ പരിപാടിയുടെ സംഘാടകരായ വ്യാപാരികള്‍ അത് റദ്ദാക്കുകയായിരുന്നു.