Connect with us

Articles

ബജറ്റ് പ്രഖ്യാപനം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് തുണയാകുമോ?

Published

|

Last Updated

പിണറായി സര്‍ക്കാറിന്റെ കന്നി ബജറ്റില്‍ പത്ത് കോടി രൂപ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമത്തിന് വകയിരുത്തിയത് ദുരിതബാധിതര്‍ക്ക് ആശ്വാസത്തിന്റെ കൈത്തിരിവെട്ടമാകുമോയെന്നതാണ് ബജറ്റ് അവശേഷിപ്പിക്കുന്ന ചോദ്യം. ഫലപ്രദമായി ഉപയോഗിക്കുകയും വകയിരുത്തിയ തുക യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് എത്തിക്കുകയും ചെയ്താല്‍ മാരകമായ ഈ കീടനാശിനി പ്രയോഗം മൂലം ജീവിതം നരകതുല്യമായി മാറിയവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് നാന്ദിയാകുമെന്നാണ് പ്രതീക്ഷ.
ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോള്‍ തന്നെ തികഞ്ഞ പ്രതീക്ഷയിലായിരുന്നു എന്‍ഡോസള്‍ഫാന്‍ ഇരകള്‍. പുനരധിവാസവും ധനസഹായവും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ജലരേഖകളായതോടെ മരണത്തിന് കീഴടങ്ങാന്‍ വിധിക്കപ്പെട്ടവരാണ് ദുരിതബാധിതരില്‍ ഏറെ പേരും. കഴിഞ്ഞ ദിവസം, എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തെ തുടര്‍ന്ന് രോഗബാധിതയായ ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി. ചീമേനി കിഴക്കേക്കരയിലെ എം രുഗ്മിണിയാണ് മരിച്ചത്. ചീമേനി പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴിലാളിയായിരുന്നു ഇവര്‍. കാസര്‍കോട് ജില്ലയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ ഏറ്റവും വലിയ വേദനയാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍. കേരളത്തിലെ മറ്റൊരു ജില്ലയും അനുഭവിക്കാത്ത ദുരന്തവും പേറിയാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതം.

അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി ഇപ്പോഴും സമരപാതയിലേക്ക് ഇറങ്ങേണ്ടിവരുന്ന ദുരവസ്ഥയിലാണ് ഇവര്‍. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച അടിയന്തര സഹായം നടപ്പാക്കുക, മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക, സൗജന്യ ചികിത്സാ സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കഴിഞ്ഞ കാലങ്ങളില്‍ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

40 കുട്ടികളടക്കം 120പേരാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം നടത്തിയത്. 2014 ജനുവരി 26ന് നടത്തിയ കഞ്ഞിവെയ്പ്പ് സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് വ്യാപിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ സെക്രട്ടറിയേറ്റ് സമരം അവസാനിച്ചെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല.

ദുരിതബാധിതരുടെ കുടുംബാംഗങ്ങള്‍ എടുത്ത ബേങ്ക് വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം പൂര്‍ണതോതില്‍ നടപ്പിലായിട്ടില്ല. ഇപ്പോഴും വായ്പ എഴുതിത്തള്ളാനുള്ളവരുടെ അപേക്ഷകള്‍ ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. 25 കോടിരൂപയുടെ കടങ്ങളാണ് എഴുതി തള്ളാന്‍ ഒരുവര്‍ഷം മുമ്പ് അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. കടം എഴുതിത്തള്ളാന്‍ മന്ത്രിസഭതീരുമാനിച്ചെങ്കിലും ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നില്ല. 2014 ജനുവരിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും അതും പാലിച്ചിരുന്നില്ല.

എന്‍ഡോസള്‍ഫാന്‍ ഇരകളായിട്ടും ഇരകളുടെ പട്ടികയില്‍പ്പെടാതെ നിരവധി പേര്‍ ഇപ്പോഴും തീ തിന്നുകഴിയുന്നുണ്ട്. വിഷമഴയുടെ ദുരന്തം പേറുന്ന ഇരകളില്‍ പലരും ആത്മഹത്യയിലാണ് അഭയം കണ്ടെത്തുന്നത്. കാസര്‍കോട്ടെ ദുരന്തഭൂമിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള അവഗണന നാള്‍ക്ക് നാള്‍ വര്‍ധിച്ചു വരികയാണ്. തലയ്ക്ക് മീതെ പെയ്ത വിഷമഴയുടെ ദുരന്തം പേറി ജീവിക്കുന്നവരില്‍ പുതിയതലമുറയും ഉണ്ട്. ദുരിത ബാധിതര്‍ക്കായി മുളിയാര്‍ പഞ്ചായത്തിലെ മുതലപ്പാറയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അനുവദിച്ച 25.11 ഏക്കറില്‍ നിര്‍മിക്കുന്ന പുനരധിവാസ ഗ്രാമം ഇപ്പോഴും പ്രവര്‍ത്തന സജ്ജമായിട്ടില്ല. 25 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിക്ക് നേരത്തെ അഞ്ച് കോടി രൂപ മാത്രമാണ് അനുവദിച്ചത്.

മാസങ്ങള്‍ക്ക് മുമ്പ് മാസ്റ്റര്‍പ്ലാന്‍ തയ്യാറായ പദ്ധതിക്ക് ആവശ്യമായ പണമില്ലാത്തതിനാല്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം പോലും നടന്നിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കമുള്ളവരുടെ വലിയ പ്രതീക്ഷയാണ് കാസര്‍കോട് മെഡിക്കല്‍ കോളജ്. ബദിയടുക്ക എന്‍മകജെ പഞ്ചായത്തുകള്‍ അതിരിടുന്ന ഉക്കിനടുക്കയില്‍ പ്രവൃത്തി നടക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പണി ഇതുവരെയും പൂര്‍ത്തീകരിച്ചിട്ടില്ല. കാസര്‍കോട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമായാല്‍ അത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഏറെ ആശ്വാസകരമാവും.

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള നവകേരളാ മാര്‍ച്ചിന് മുന്നോടിയായി പിണറായി വിജയന്‍ എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്യിച്ച ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ദുരിതബാധിതരുടെ സങ്കടങ്ങള്‍ നേരിട്ട് മനസ്സിലാക്കിയ പിണറായി മുഖ്യമന്ത്രിയാകുമ്പോള്‍ അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്‍മകജെ, ബെള്ളൂര്‍, കുംബഡാജെ, മുളിയാര്‍ എന്നീ ഗ്രാമങ്ങളിലെ എന്‍ഡോസള്‍ഫാന്‍ മേഖലകളിലാണ് പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയിരുന്നത്. വാണിനഗര്‍ അജക്കളമൂലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ അര്‍ഷിത്തിന്റെ വീട്ടിലെത്തി പിണറായി വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു. 2000ത്തില്‍ നിരോധം വന്നപ്പോള്‍ അവശേഷിച്ച എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ട നെഞ്ചംപറമ്പിലെ കിണറും പെര്‍ളയിലെ ബഡ്‌സ് സ്‌കൂളും പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് ബജറ്റ് പ്രഖ്യാപനമെന്ന് വിലയിരുത്താം.
അപ്പോഴും ആശങ്കയുടെ മുള്ളുകള്‍ വഴിയിലാകെ കാണുന്നുണ്ട്. പ്രതീക്ഷയുടെ വഴികളെ ഇരുട്ടിലാക്കുന്ന കെടുകാര്യസ്ഥതയാണ് സര്‍ക്കാര്‍ സംവിധാനത്തില്‍ പലപ്പോഴും കണ്ടിട്ടുള്ളത്. വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം, പുനരധിവാസ ഗ്രാമം, ഇനിയും അപൂര്‍ണമായ ദുരിതബാധിതരുടെ പട്ടിക… ദുരനുഭവങ്ങള്‍ നിരവധിയുണ്ട് മുന്നില്‍. അത്‌കൊണ്ട് ബജറ്റ് പ്രഖ്യാപനം കൊണ്ട് കാര്യമില്ല. അത് പ്രവൃത്തിപഥത്തിലെത്തിക്കുന്നതിലാണ് സര്‍ക്കാര്‍ ആത്മാര്‍ഥത തെളിയിക്കേണ്ടത്. ഇത് ആദ്യ ചുവട് മാത്രമാണ്. ഇനിയുള്ള ഓരോ ഘട്ടത്തിലും ജാഗ്രത്തായ മേല്‍നോട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. അപ്പോള്‍ ഈ മനുഷ്യരുടെ മുഖത്ത് നിറകണ്‍ ചിരി വിടരും.

 

---- facebook comment plugin here -----

Latest