ജഡ്ജിക്ക് കൈക്കൂലി വാഗ്ദാനം വീണ്ടും

Posted on: July 10, 2016 10:50 am | Last updated: July 10, 2016 at 10:50 am
SHARE

കൈക്കൂലി വാഗ്ദാനത്തെ തുടര്‍ന്ന് മറ്റൊരു ജഡ്ജി കൂടി കേസില്‍ നിന്ന് പിന്‍മാറിയിരിക്കുന്നു. ഭൂമി സംബന്ധമായ കേസില്‍ അനുകൂല വിധിക്കായി കര്‍ണാടക ചീഫ് ജസ്റ്റിസിനാണ് പണം വാഗ്ദാനം ചെയ്തത്. റവന്യൂ വകുപ്പ് കര്‍ണാടകയിലെ ഉംറ ഡവലപ്പേഴ്‌സിനെതിരെ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കാനിരിക്കെയാണ് തനിക്ക് ഉംറ ഡവലപ്പേഴ്‌സിനെ പ്രതിനിധീകരിച്ച് ഒരാള്‍ കോഴ വാഗ്ദാനം ചെയ്ത കാര്യം ചീഫ് ജസ്റ്റിസ് എസ് കെ മുഖര്‍ജി വെള്ളിയാഴ്ച കോടതിയില്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്ന് അദ്ദേഹം പിന്മാറുകയും ചെയ്തു.

മൂവാറ്റുപുഴ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ അനുകൂല വിധിക്കായി വന്‍ തുക വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ടി ശങ്കരന്‍ കഴിഞ്ഞ മാസം കേസില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. 2013-15 വര്‍ഷങ്ങളില്‍ നടുമ്പാശ്ശേരി വിമാനത്താവളം വഴി 600 കോടി രൂപ വില വരുന്ന സ്വര്‍ണം കടത്തിയ കേസിലെ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന കരുതല്‍ തടങ്കല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവര്‍ കൈക്കൂലി വാഗ്ദാനം ചെയ്തത്.

മുന്‍കൂറായി 25ലക്ഷം രൂപയും അനുകൂല വിധി വന്ന ശേഷം അദ്ദേഹം ആവശ്യപ്പെടുന്ന തുക വേറെയും നല്‍കാമെന്നായിരുന്നു വാഗ്ദാനം.
ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഈ രണ്ട് സംഭവങ്ങളിലും ജഡ്ജിമാര്‍ കോടതി ഹാളില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി തങ്ങളുടെ സത്യസന്ധതയും ജുഡീഷ്യറിയോടുള്ള പ്രതിബദ്ധതയും തെളിയിച്ചെങ്കിലും എല്ലാവരും അവരെപ്പോലെ സത്യസന്ധരല്ല. വെച്ചു നീട്ടുന്ന ഓഫറുകള്‍ സ്വീകരിച്ച് നിയമവ്യവസ്ഥയെ വഞ്ചിക്കുന്നവരുമുണ്ട് നിയമജ്ഞരുടെ ഗണത്തില്‍. ഇന്ത്യന്‍ ചീഫ് ജസ്റ്റിസുമാരില്‍ പകുതി പേരും അഴിമതിക്കാരാണെന്ന് കാണിച്ച് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും മുന്‍ നിയമമന്ത്രിയുമായിരുന്ന ശാന്തി ഭൂഷണ്‍ ഏതാനും വര്‍ഷം മുമ്പ് സുപ്രീം കോടതി മുമ്പാകെ സത്യവാങ്മുലം സമര്‍പ്പിച്ചതും, രാജ്യത്തെ 20 ശതമാനം ഹൈക്കോടതി ജഡ്ജിമാരും അഴിമതിക്കാരാണെന്ന് 2001ല്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബറുച്ചയുടെ പ്രസ്താവനയൂം ഈ നിഗമനത്തിന് ബലമേകുന്നുണ്ട്.

തന്റെ നിരീക്ഷണത്തില്‍ അഴിമതിക്കാരായ ജഡ്ജിമാരുടെ എണ്ണമിപ്പോള്‍ 50 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നാണ് പ്രമുഖ ന്യായാധിപന്‍ മര്‍ക്കണ്ഡേയ കട്ജു ഈയിടെ തന്റെ ബ്ലോഗിലും ഫേസ്ബുക്കിലും എഴുതിയത്. കൈക്കൂലി കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ മെട്രോപോളിറ്റന്‍ ജഡ്ജിയായിരുന്ന ഗുലാബ് തുള്‍സിയാനി ശിക്ഷിക്കപ്പെട്ടത് അടുത്തിടെയാണ്. 26 വര്‍ഷം മുമ്പ് ഒരു കമ്പനിയുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് കൈക്കൂലി വാങ്ങിയതിനായിരുന്നു ശിക്ഷ. കര്‍ണാടക ഖനന അഴിമതി, ഡല്‍ഹിയിലെ ലാപ്‌ടോപ് അഴിമതി തുടങ്ങി ന്യായാധിപരുടെ അഴിമതിയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നിരവധിയാണ്. ഇതുകൊണ്ടാണ് കക്ഷികള്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്യാന്‍ മുതിരുന്നതും.

ഭരണമേഖല മൊത്തത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച വര്‍ത്തമാനകാല സാഹചര്യത്തില്‍ ജുഡീഷ്യറിയിലാണ് ജനങ്ങള്‍ക്കുള്ള പ്രതീക്ഷ. ഇത്തരം ഘട്ടങ്ങളില്‍ തിരുത്തല്‍ ശക്തിയും നീതിയുടെ കാവലാളുമായി വര്‍ത്തിക്കേണ്ട ജുഡീഷ്യറിയും സ്വാധീനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങുന്നുവെന്ന വിവരം പൊതുസമൂഹത്തെ വല്ലാതെ ആശങ്കാകുലരാക്കുന്നുണ്ട്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ന്യയാധിപ നിയമനത്തിലെ ന്യൂനതകളാണ് ഇതിനൊരു കാരണം. പരിചയ സമ്പന്നരായ അഭിഭാഷകരെയാണ് ജഡ്ജിമാരായി നിയമിക്കുന്നത്. തന്റെ മുമ്പാകെ വരുന്ന കക്ഷി കുറ്റവാളിയും അപകടകാരിയുമാണ് എന്നറിഞ്ഞു കൊണ്ട് തന്നെ പണത്തിന് വേണ്ടി അയാളുടെ കേസ് ഏറ്റെടുക്കുകയും അയാള്‍ നിരപരാധിയും നല്ലവനുമാണെന്ന് സ്ഥാപിക്കാന്‍ മനസ്സാക്ഷിയെ പണയപ്പെടുത്തി വാദിക്കുകയും ചെയ്യുന്നവരാണ് അഭിഭാഷകരില്‍ ഏറെയും.

അഭിഭാഷക വൃത്തിയില്‍ ധാര്‍മികതക്കോ നീതിക്കോ മനസ്സാക്ഷിക്കോ സ്ഥാനമില്ല. ഇത്തരക്കാര്‍ ന്യായാധിപ പദവിയിലെത്തുമ്പോഴും മനസ്സാക്ഷിയെ വഞ്ചിച്ച് സ്വാധീനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാനുള്ള സാധ്യത എറെയാണ്. അഭിഭാഷക വൃത്തിയില്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ സര്‍വ മേഖലകളിലും സത്യവും നീതിയും മുറുകെ പിടിക്കുന്നവര്‍ക്കേ സമ്മര്‍ദങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിക്കാനാകൂ.

അതേസമയം സത്യസന്ധത പുലര്‍ത്തുന്നവരും മനസ്സാക്ഷിക്ക് നിരക്കാത്ത കേസുകള്‍ ഏറ്റെടുക്കാത്തവരും അഭിഭാഷകരിലും ഇല്ലാതില്ല. ന്യായാധിപ നിയമനത്തില്‍ അത്തരക്കാരെ പരിഗണക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വിഭാഗത്തെ ബാധിക്കുന്ന പുഴുക്കുത്ത് ജുഡീഷ്യറിയുടെയാകെ വിശ്വാസ്യത തകര്‍ക്കുമെന്നതിനാല്‍ അത് തടയാനുള്ള മുന്‍കരുതലുകളെയും പ്രതിരോധ മാര്‍ഗങ്ങളെയും സംബന്ധിച്ച് ഗൗരവ പൂര്‍വം ചിന്തിക്കേണ്ടതും പരിഹാരത്തിന് മുന്‍കൈ എടുക്കേണ്ടതും ന്യായാധിപ ലോകം തന്നെയാണ്.