തേനിന് കളര്‍ കൂട്ടാന്‍ കാര്‍മോസിനും ടാര്‍ട്രാറിസിനും

വ്യാജ തേന്‍ വിറ്റതിന് പട്ടികവര്‍ഗ സഹകരണ സംഘത്തിന് നോട്ടീസ്‌
Posted on: July 10, 2016 10:40 am | Last updated: July 10, 2016 at 10:40 am
SHARE

HONEYകല്‍പ്പറ്റ: ബത്തേരി കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ സഹകരണ സംഘത്തിന്റെ കീഴിലുള്ള സ്റ്റോറില്‍ നിന്നും വില്‍ക്കുന്ന തേനില്‍ കളര്‍ ചേര്‍ത്ത സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥര്‍ സംഘത്തിന് നോട്ടീസ് നല്‍കി. വെള്ളിയാഴ്ചയാണ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഈ സംഘത്തില്‍ നിന്ന് പരിശോധനക്കായി ശേഖരിച്ച തേന്‍ സാമ്പിളുകളില്‍ കളര്‍ ചേര്‍ത്തതായുള്ള കോഴിക്കോട് മലാപ്പറമ്പിലെ ഫുഡ് അനലറ്റിക്ക് ലാബിന്റെ പരിശോധന ഫലമാണ് പുറത്തുവന്നത്.

കളര്‍ ചേര്‍ത്ത് തേന്‍ വില്‍ക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 16നാണ് തിരുവനന്തപുരം ഫുഡ് ആന്‍ഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഈ സംഭവത്തിലാണ് അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 3 സാമ്പിള്‍ മൈസൂരുവിലെ കേന്ദ്രലാബില്‍ പരിശോധക്ക് അയക്കണമെന്നാവശ്യപ്പെട്ട് സംഘം അപ്പീല്‍ നല്‍കിയിട്ടുണ്ട്. മൈസൂരു ലാബിലെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടിയുണ്ടാകുമെന്ന് ഫുഡ് അസി.കമ്മീഷണര്‍ സി പി രാമചന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട്ടെ കടയില്‍ നിന്നും വാങ്ങിയ സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ സഹകരണ സംഘത്തില്‍ നിന്നുള്ള തേന്‍ വ്യാജമാണെന്നും കളര്‍ ചേര്‍ത്തിരുന്നുവെന്നുമുള്ള പരാതിയിലായിരുന്നു കഴിഞ്ഞ മാസം പരിശോധന നടത്തിയത്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയാസ്പദമായ 5000 കിലോയോളം തേനില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പ് അനലറ്റിക് ലാബില്‍ പരിശോധനക്കയച്ചു. സ്‌റ്റോര്‍ പൂട്ടി സീലും ചെയ്തിരുന്നു. ടാര്‍ട്രാസിന്‍, സണ്‍സെറ്റ് എന്നീ കളറുകള്‍ ചേര്‍ത്തുവെന്നാണ് ഫലം. രണ്ടും മഞ്ഞക്കളറുകളാണ്. ജിലേബിക്കും മറ്റും മഞ്ഞകളര്‍ ലഭിക്കാന്‍ ചേര്‍ക്കുന്ന കളറുകളാണിവ.
മൂന്ന് മാസം മുമ്പ് കണ്ണൂര്‍ സ്വദേശിയുടെ പരാതിയില്‍ ഇതേ സഹകരണസംഘം സ്‌റ്റോറില്‍ നിന്നും അധികൃതര്‍ എടുത്ത സാമ്പിളില്‍ കളര്‍ ചേര്‍ത്തതായി റിപ്പോര്‍ട്ടുവന്നിരുന്നു. ചുവപ്പു കളര്‍ കിട്ടാന്‍ കാര്‍മോസിനും മഞ്ഞക്കളര്‍ ലഭിക്കാന്‍ ടാര്‍ട്രാറിസിനുമാണ് ചേര്‍ത്തത്.

ഈ കേസ് നിലനില്‍ക്കേയാണ് തിരുവനന്തപുരം ഫുഡ്‌സേഫ്്റ്റ് ജോയിന്റ് കമ്മീഷണര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം വിണ്ടും പരിശോധന നടത്തി തേന്‍ പിടിച്ചെടുത്തത്.
ആദിവാസികളില്‍ നിന്നു മാത്രം തേനുള്‍പ്പെടെയുള്ള വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്താനാണ് പട്ടികവര്‍ഗസഹകരണ സംഘം പ്രവത്തിക്കുന്നത്. ഇവിടെയാണ് ആദിവാസികളെ വഞ്ചിച്ചും മറയാക്കിയും കോടിക്കണക്കിന് രൂപയുടെ വ്യാജ തേന്‍ വില്‍പ്പന നടത്തുന്നത്.