Connect with us

Gulf

ദേശീയ ഖുര്‍ആന്‍ മത്സരം: ആര്‍ എസ് സി പ്രവര്‍ത്തകന് ഒന്നാം സ്ഥാനം

Published

|

Last Updated

അബുദാബി: അബുദാബിയില്‍ നടന്ന ദേശീയ ഖുര്‍ആന്‍ മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം. മലപ്പുറം എടപ്പാള്‍ കുമരനല്ലൂര്‍ സ്വദേശി അബ്ദുസ്സലാമിന്റെ മകന്‍ അഹ്മദ് മുര്‍ശിദിനാണ് മൂപ്പത് വാള്യം മനഃപാഠമാക്കിയവരുടെ ഗണത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. വിവിധ വിഭാഗങ്ങളിലായി 950 മത്സരാര്‍ഥികളാണ് മത്സരരംഗത്തുണ്ടായത്. യു എ ഇയില്‍ താമസിക്കുന്ന വിദേശികളായ പുരുഷ വിഭാഗത്തിലെ മത്സരാര്‍ഥികളുടെ വിഭാഗത്തിലാണ് മുര്‍ഷിദിന് ഒന്നാം സ്ഥാനം ലഭിച്ചത്. പിതാവ് അബ്ദുസ്സലാമാണ് പ്രധാന ഗുരു. ചെറുപ്രായത്തില്‍ തന്നെ മുര്‍ശിദ് പിതാവിന്റെ ശിക്ഷണത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുവാന്‍ തുടങ്ങിയിരുന്നു.
ജേഷ്ഠ സഹോദരന്‍ അബ്ദുറഹീമും ഹാഫിളാണ്. ഖുര്‍ആനിന്റെ തുടര്‍ പഠനത്തിനായി ദുബൈ മതകാര്യവകുപ്പിന്റെ കീഴില്‍ പ്രത്യേക പരിശീലനം തേടുന്നുണ്ട്. ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മുര്‍ശിദ് സ്‌കൂളിലെ ഹെഡ്‌ബോയ് കൂടിയാണ്. പതിമൂന്നാം വയസില്‍ ശൈഖ് അഹ്മദ് യാസീന്‍ സമ്രയില്‍ നിന്നും ഖുര്‍ആന്‍ പാരായണത്തിന് പ്രത്യേകം സനദും ലഭിച്ചിട്ടുണ്ട്. മുമ്പ് ദേശീയ ഹിഫഌല്‍ ഖുര്‍ആന്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ മുര്‍ശിദ്. സ്‌കൂള്‍ തലത്തില്‍ നടന്ന വിവിധ മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇതുവരെ നാല്‍പതോളം ഖുര്‍ആന്‍ പാരായണ മത്സരങ്ങളില്‍ പങ്കെടുത്തു.
മത-ഭൗതിക വിദ്യാഭ്യാസം സംയോജിപ്പിച്ച് മുന്നോട്ട് പോകുവാനാണ് മുര്‍ശിദിന് താല്‍പര്യം. ദുബൈ അല്‍ ബറാഹ യൂണിറ്റ് രിസാല സ്റ്റഡി സര്‍ക്കിള്‍ സ്റ്റുഡന്റ് കണ്‍വീനറാണ്. യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ മുര്‍ശിദിന് പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. മതകാര്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് മതര്‍ അല്‍ കഅ്ബി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest