ഓപറ ഹൗസ് അടുത്ത മാസം തുറക്കും

Posted on: July 9, 2016 3:10 pm | Last updated: July 9, 2016 at 3:10 pm
SHARE

op1ദുബൈ: ലോകോത്തര കലാ പ്രകടനങ്ങള്‍ക്കും രംഗ കലക്കും വേദിയാകുന്ന ദുബൈ ഓപറ ഹൗസ് അടുത്തമാസം തുറക്കും. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് അഭിമുഖമായി ബുര്‍ജ് പാര്‍ക്കിനും ദുബൈ ഫൗണ്ടയിനും സമീപമാണ് ഓപറ ഹൗസ് ഉയരുന്നത്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ്, സ്റ്റീല്‍ സ്ട്രക്ചര്‍ പണികള്‍ പൂര്‍ത്തിയായതായി നിര്‍മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. ഉള്‍ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സ്റ്റേജ് നിര്‍മാണം, മേല്‍ക്കൂര, ഓഡിറ്റോറിയത്തിലെ ഇരിപ്പിടം തുടങ്ങിയവയുടെ ജോലികളാണ് ഇനി അവശേഷിക്കുന്നത്.
ആഗസ്റ്റില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി ലോകോത്തര കലാപ്രകടനങ്ങള്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇമാര്‍ അറിയിച്ചു. സിഡ്‌നി ഓപറ ഹൗസിന്റെ മാതൃകയിലാണ് ദുബൈ ഓപറ ഹൗസിന്റെ നിര്‍മാണവും. ദുബൈയെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ലോക വേദിയാക്കി മാറ്റാനുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശമനുസരിച്ചാണ് ഓപറ ഹൗസ് നിര്‍മിക്കാന്‍ തീരുമാനമെടുത്തതെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബ്ബാര്‍ പറഞ്ഞു. രൂപഘടനയിലും കലാ സാംസ്‌കാരിക പരിപാടികളുടെ ഗുണമേന്മയിലും ലോകോത്തര നിലവാരം പുലര്‍ത്തണമെന്ന് നിര്‍ബന്ധമുണ്ട്.
പ്രമുഖ ആര്‍ക്കിടെക്റ്റ് കമ്പനിയായ ആറ്റ്കിന്‍സാണ് കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത്. ദുബൈ ക്രീക്കിലൂടെ ഒഴുകുന്ന പരമ്പരാഗത അറേബ്യന്‍ ബോട്ടിന്റെ മാതൃകയിലാണ് ഓപറ ഹൗസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്‌റ്റേഴ്‌സ് കമ്പനിയാണ് പ്രധാന കോണ്‍ട്രാക്റ്റര്‍. 2,000 പേര്‍ക്കിരുന്ന് കലാപരിപാടികള്‍ വീക്ഷിക്കാന്‍ കഴിയുന്ന ഓപറ ഹൗസിന്റെ പ്രധാന വേദി മൂന്ന് തരത്തില്‍ സംവിധാനിക്കാം.
തിയറ്റര്‍, സംഗീത ഹാള്‍, ഇവന്റ് ഹാള്‍ എന്നിങ്ങനെ വളരെ എളുപ്പത്തില്‍ രൂപം മാറ്റാം. തിയറ്റര്‍ രൂപത്തിലാകുമ്പോള്‍ നാടക അവതരണത്തിനും പ്രഭാഷണങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും ഉപയോഗിക്കാം. ഈ രൂപത്തില്‍ 1,940 മുതല്‍ 2,040 വരെ ആളുകള്‍ക്ക് ഇരിക്കാന്‍ ശേഷിയുണ്ടാകും. സംഗീത പരിപാടികള്‍ക്കുള്ള പ്രത്യേക ഹാളായി രൂപം മാറുമ്പോള്‍ ശബ്ദക്രമീകരണങ്ങള്‍ക്കും സൗകര്യമുണ്ടാകും. വിവാഹ സല്‍കാരങ്ങള്‍ക്കും വ്യാപാര മേളകള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായി രൂപം മാറുമ്പോള്‍ പരമാവധി 1,000 പേരെ വരെ ഉള്‍കൊള്ളിക്കാം.