Connect with us

Malappuram

അധികൃതരുടെ ഉത്തരവ് മറികടന്ന് പുലാമന്തോള്‍ പാലത്തില്‍ ടോള്‍ പിരിവ്‌

Published

|

Last Updated

കൊപ്പം: അധികൃതരുടെ ഉത്തരവ് മറികടന്ന് പുലാമന്തോള്‍ പാലത്തില്‍ ടോള്‍ പിരിവ്. പട്ടാമ്പി – പെരിന്തല്‍മണ്ണ പാതയില്‍ കുന്തിപ്പുഴയ്ക്ക് കുറുകെ പണിത പുലാമന്തോള്‍ പാലത്തിലെ ടോള്‍ ബൂത്തിലാണ് ആര്‍ ബി ഡി സിയുടെ ഉത്തരവ് മറികടന്ന് പിരിവ് നടത്തുന്നത്.
ചെമ്മല സ്വദേശി സൈതലവി അധികൃതര്‍ക്ക് നല്‍കിയ വിവരാവകാശത്തിനു ലഭിച്ച മറുപടിയില്‍ ടോള്‍ പിരിവിന്റെ കൃത്യമായ കണക്ക് ലഭിച്ചു. ഇതോടെ പുലാമന്തോള്‍ പാലത്തില്‍ അനധികൃത പരിവ് നടക്കുന്നുവെന്ന് വ്യക്തമാണെന്നാണ് പരാതി. പുലാമന്തോള്‍ ടോള്‍ ബൂത്തില്‍ അനധികൃത പിരിവ് നടക്കുന്നുവെന്ന പരാതിയിലാണ് സൈതലവി അധികൃതരോട് വിവരാവകാശം ചോദിച്ചത്.
വെള്ളക്കാരുടെ കാലത്ത് പണിത പഴയ പാലം തകര്‍ന്നതിനെ തുടര്‍ന്ന് 12 വര്‍ഷം മുന്‍പ് യുദ്ധകാലാടിസ്ഥാനത്തിലാണ് തൂതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിര്‍മിച്ചത്. നാലര കോടി രൂപ ചെലവിട്ടായിരുന്നു പാലം നിര്‍മാണം. 2004ലാണ് ടോള്‍ ബൂത്ത് സ്ഥാപിച്ചത്. 2005 സെപ്തംബര്‍ മൂന്നിന് ചുങ്കം പിരിവ് ആരംഭിക്കുകയും ചെയ്തു.
2005 മുതല്‍ 2015 വരെ പത്ത് കരാറുകാരാണ് ടോള്‍ പിരിവ് നടത്തിയത്. ഇവര്‍ ടോള്‍ പിരിച്ചതില്‍ രണ്ട് കോടി രൂപ പിരിഞ്ഞതായാണ് വിവരാവകാശത്തിനു ലഭിച്ച മറുപടി. 2016 മുതല്‍ പിരിവ് നടത്തുന്ന പുതിയ കരാറുകാരനാണ് ആര്‍ബിഡിസിയുടെ ഉത്തരവ് മറികടന്ന് പിരിവ് നടത്തുന്നത്. കാര്‍, ജീപ്പ്, പിക്കപ്പ്‌വാന്‍ എന്നിവയ്ക്ക് രണ്ടു രൂപയും ബസുകള്‍ക്കും ലോറികള്‍ക്കും പത്ത് രൂപയും പിരിക്കണമെന്നാണ് റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ആര്‍ ബി ഡി സി)യുടെ ഉത്തരവ്.
ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും ടോള്‍ ബാധകമല്ല. എന്നാല്‍ ബൂത്ത് പരിസരത്ത് പ്രദര്‍ശിപ്പിച്ച ബോര്‍ഡ് പ്രകാരം കാറിനും ജീപ്പിനും മൂന്ന് രൂപയും പിക്കപ്പ് വാനുകള്‍ക്ക് നാലര രൂപയും ലോറികള്‍ക്ക് 15 രൂപയും നല്‍കണം.
ടോള്‍ ആരംഭിച്ച് വര്‍ഷങ്ങള്‍ക്കകം നിര്‍ത്തുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. 13 വര്‍ഷങ്ങളായിട്ടും പിരിവ് തുടരുന്നതില്‍ പ്രതിഷേധിച്ച് സി പി എം നേതൃത്വത്തില്‍ ടോള്‍ ബൂത്ത് ഉപരോധവും സമരങ്ങളും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ടോള്‍ പിരിവ് കുറഞ്ഞു.
ബൂത്ത് ജിവനക്കാര്‍ കൈ കാണിച്ചാലും വാഹനങ്ങള്‍ നിര്‍ത്താതെ പോവുകയും ചെയ്തതോടെയാണ് അധികൃതര്‍ പിരിക്കുന്ന തുകയും കാലാവധിയും പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയത്. പിരിവ് കൊടുക്കാതെ പോകുന്ന വാഹനങ്ങള്‍ കാമറയിലൂടെ നിരീക്ഷിക്കാനും തുടങ്ങി. അതിനിടെ പത്ത് കോടി രൂപ വരെ ചെലവായ പാലങ്ങള്‍ക്ക് ടോള്‍ ബാധ—കമല്ലെന്ന പ്രഖ്യാപനം വന്നു. പത്തിനും അഞ്ചിനും കോടി രൂപയ്ക്ക് ഇടയില്‍ ചെലവ് വരുന്ന പാലങ്ങള്‍ക്ക് ടോള്‍ വെണ്ടെന്ന മുന്‍ സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെ പുലാമന്തോള്‍ പാലത്തില്‍ വീണ്ടും സമരങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് പുലാമന്തോള്‍ പാലത്തിലെ ടോള്‍ ബൂത്ത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം നേതാക്കള്‍ കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹസിന്റെ നേതൃത്വത്തില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളാണ് മന്ത്രി ജി സുധാകരനുമായി ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയില്‍ പുലാമന്തോള്‍ പാലത്തിലെ ടോള്‍ പിരിവ് നിര്‍ത്തുമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.

Latest