‘പുഷ് അപ്പി’ല്‍ വീണ്ടും റെക്കോര്‍ഡുമായി ഡോ. കെ ജെ ജോസഫ്

Posted on: July 9, 2016 5:12 am | Last updated: July 9, 2016 at 12:14 am
SHARE
ഡോ. ജോസഫിന്റെ പ്രകടനം
ഡോ. ജോസഫിന്റെ പ്രകടനം

കൊച്ചി: ഗിന്നസ് ഡോ. കെ ജെ ജോസഫിന് ‘പുഷ് അപ്പി’ല്‍ വീണ്ടും ലോക റെക്കോര്‍ഡ്. ഒരു മിനുട്ടില്‍ 85 തവണ ‘പുഷ് അപ്പ്’ എടുത്ത് നിലവിലെ സ്വന്തം റെക്കോര്‍ഡായ 82 പുഷ് അപ്പ് ആണ് തിരുത്തിയത്. കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഒരു മിനുട്ടില്‍ 82 പുഷ് അപ്പ് എടുത്ത് അമേരിക്കക്കാരനായ റോണ്‍ കൂപ്പറുടെ 79 എന്ന ഗിന്നസ് റെക്കാഡ് മറി കടന്നിരുന്നു. കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ്, ഗിന്നസ് മാട സ്വാമി, ഇന്റര്‍ നാഷനല്‍ ഷോറിന്‍ റിയൂ കരാട്ടെ ഫെഡറേഷന്‍ (യു എസ് എ) പ്രതിനിധി ഷെന്റി സി ഗോപാലന്‍, അക്കാദമി ഓഫ് മാര്‍ഷല്‍ ആട്‌സ് പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ന് എറണാകുളം ടൗണ്‍ ഹാള്‍ വേദിയിലായിരുന്നു റെക്കോര്‍ഡ് പ്രകടനം.
തികഞ്ഞ സസ്യാഹാരിയായ ഡോ.ജോസഫ് കഴിഞ്ഞ 111 ദിവസങ്ങളായി പഴങ്ങളും പച്ചവെള്ളവും മാത്രമാണ് ഭക്ഷിക്കുന്നത്. വേവിച്ച ആഹാരം പൂര്‍ണമായി ഒഴിവാക്കുക വഴി തന്റെ ശക്തിയും ശേഷിയും വേഗതയും വര്‍ധിച്ചിട്ടുണ്ടെന്ന് ഡോ. ജോസഫ് പറയുന്നു. പ്രകൃതിദത്തമായ ആഹാരം കഴിക്കുമ്പോഴാണ് മനുഷ്യന് ആരോഗ്യത്തിന്റെ പൂര്‍ണത കൈവരുന്നതെന്നും ഈ സന്ദേശം സമൂഹത്തിന് കൈമാറാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉരുക്ക് ദണ്ഡുകള്‍ കൈകൊണ്ട് വെട്ടിമുറിക്കുന്നതിലും ജോസഫ് ലോക റെക്കോര്‍ഡ് നേടിയിട്ടുണ്ട്.