Connect with us

Sports

ഫെഡറര്‍ പുറത്ത് ; റോനിച് ഫൈനലില്‍

Published

|

Last Updated

ലണ്ടന്‍: റോജര്‍ ഫെഡററുടെ പതിനെട്ടാം ഗ്രാന്‍സ്ലാം എന്ന സ്വപ്‌നം വിംബിള്‍ഡണിലെ പുല്‍ത്തകിടിയിലും വീണുടഞ്ഞു. മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെമിയില്‍ കാനഡയുടെ മിലോസ് റോനിചിനോട് പരാജയപ്പെട്ടു. ആന്‍ഡി മുറേ-തോമസ് ബെര്‍ഡിച്ച് മത്സരത്തിലെ വിജയിയെയാണു ഫൈനലില്‍ റോനിച് നേരിടുക.
തുടര്‍ച്ചയായി രണ്ടാം മത്സരവും അഞ്ചാം റൗണ്ടിലേക്കു നീട്ടിയ ഫെഡറര്‍ക്ക് ഇത്തവണ ക്ലൈമാക്‌സില്‍ പിഴച്ചു. റോനിക്കിന്റെ തീപാറുന്ന സെര്‍വുകള്‍ക്കു മുന്നില്‍ ഫെഡറര്‍ ചൂളിപ്പോവുകയായിരുന്നു. രണ്ട് സെറ്റുകള്‍ക്കു ലീഡ് നേടിയ ശേഷമാണു ഫെഡറര്‍ തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 6-3, 6-7, 4-6, 7-5, 6-3. ക്വാര്‍ട്ടറില്‍ മരിന്‍സിലിചിനെതിരെ നേരെ തിരിച്ചായിരുന്നു. രണ്ട് സെറ്റുകള്‍ നഷ്ടപ്പെട്ടതിന് ശേഷമായിരുന്നു ഫെഡറര്‍ ജയം പിടിച്ചെടുത്തത്. ആ പോരാട്ടവീര്യം ഇത്തവണ റോനിചില്‍ നിന്നാണ് കണ്ടത്.
17 തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ ഫെഡററോട് രണ്ട് വര്‍ഷം മുമ്പുനടന്ന വിംബിള്‍ഡണ്‍ സെമിയില്‍ റോനിക് പരാജയപ്പെട്ടിരുന്നു.
ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇടംപിടിക്കുന്ന ആദ്യ കനേഡിയന്‍ താരമാണ് റോനിചി. 1997ല്‍ കനേഡിയന്‍ വംശജനായ ഗ്രെഗ് റുസേ്‌സ്‌കി യുഎസ് ഓപ്പണ്‍ ഫൈനലില്‍ കളിച്ചിരുന്നു.
എന്നാല്‍ ബ്രിട്ടീഷ് പതാകയിലാണ് അന്നു മത്സരിച്ചത്. ആന്‍ഡി റോഡിക്കിനുശേഷം വിംബിള്‍ഡണ്‍ ഫൈനലില്‍ കടക്കുന്ന യൂറോപ്യനല്ലാത്ത ആദ്യ പുരുഷതാരമെന്ന നേട്ടവും ഇതോടെ റോനിച് സ്വന്തമാക്കി. 2009ലായിരുന്നു റോഡിക്കിന്റെ ഫൈനല്‍ പ്രവേശം.

Latest