ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകള്‍

Posted on: July 9, 2016 6:00 am | Last updated: July 8, 2016 at 11:53 pm
SHARE

SIRAJ.......അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്നലെ അവതരിപ്പിച്ചത്. വിദ്യാഭ്യാസ, സാമൂഹികക്ഷേമ, അടിസ്ഥാന വികസന മേഖലകള്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ ഊന്നല്‍. ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തുന്നതുള്‍പ്പെടെ നിരവധി ക്ഷേമപദ്ധതികളും പിണറായി സര്‍ക്കാറിന്റെ പ്രഥമ ബജറ്റ് വാഗാദത്തം ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് രണ്ട് വര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളും അനുവദിക്കില്ല. മാന്ദ്യം മറികടക്കാനുള്ള 20,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജാണ് മറ്റൊരു പ്രത്യേകത. റോഡുകള്‍ക്കും മറ്റും സ്ഥലമേറ്റെടുക്കാന്‍ ആവശ്യമായ 8,000 കോടി ഉള്‍പ്പെടുത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈയിനത്തില്‍ 2,500 കോടി യാണ് നടപ്പു വര്‍ഷം വിനിയേഗിക്കുക. അടുത്ത അഞ്ച് വര്‍ഷക്കാലത്തേക്ക് വെള്ളക്കരം വര്‍ധിപ്പിക്കുകയുമില്ല.
അഞ്ച് വര്‍ഷത്തിനകം 1000 സ്‌കൂളുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തല്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെ ഹൈടെക്ക് ആക്കല്‍, ഐ ടി ഐകളെ അന്തര്‍ദേശിയ നിലവാരത്തിലേക്കുയര്‍ത്തല്‍ തുടങ്ങിയവയാണ് വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയ പ്രദ്ധതികള്‍. 1000 കോടിരുപ, 500 കോടി, 50 കോടി എന്നിങ്ങനെയാണ് യഥാക്രമം ഇതിലേക്കായി വകയിരുത്തിയത്.ഗവ.ആര്‍ട്‌സ് കോളജുകളും എന്‍ഞ്ചിനീയറിംഗ് കോളജുകളും നവീകരിക്കാന്‍ 250 കോടിയും ആര്‍ട്‌സ്, സയന്‍സ് കോളജുകളുടെ നിലവാരം ഉയര്‍ത്താന്‍ 500 കോടിയും വകയിരത്തി. സര്‍ക്കാര്‍ സ്‌കൂളുകളുടെ പഠനനിലവാരവും സൗകര്യങ്ങളും സ്വകാര്യ മേഖലയിലേതിനേക്കാള്‍ മെച്ചപ്പെട്ടതാക്കുകയാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. വിദ്യാഭ്യാസ വായ്പാ കുടിശ്ശിക തീര്‍ക്കാനായി ബേങ്കുകള്‍ക്ക് നൂറ് കോടി രൂപയും എയ്ഡഡ് അടക്കം എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും എട്ടാം ക്ലാസ് വരെയുളള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോമും ബജറ്റ് പ്രഖ്യാപിക്കുന്നു.
ക്ഷേമപെന്‍ഷനുകള്‍ മാസം ആയിരം രൂപയായി ഉയര്‍ത്തല്‍, സൗജന്യറേഷന്‍ പദ്ധതി വിപുലീകരണം, തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് സൗജന്യ റേഷന്‍, 60 വയസ് പൂര്‍ത്തിയാക്കിയ മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍, മുഴുവന്‍ പെന്‍ഷനുകളും ബേങ്ക് വഴി, ഒരു മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കല്‍, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ പണം, അഗതികള്‍ക്കുള്ള ആശ്രയപദ്ധതി വിപുലീകരണം, സ്ത്രീ ക്ഷേമത്തിന് പ്രത്യേക വകുപ്പ്, ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിന് 68 കോടി തുടങ്ങിയവയാണ് സമൂഹിക ക്ഷേമേഖലയിലെ പ്രഖ്യാപനങ്ങള്‍. നെല്‍ സംഭരണത്തിന് 385 കോടിയും റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപയും ഉള്‍പ്പെടെ കാര്‍ഷിക മേഖലക്ക് 600 കോടി നീക്കിവെച്ചിട്ടുണ്ട്. നാളികേര വികസനത്തിന് 100 കോടി കൂടി, പച്ചക്കറി വിപണന സഹായത്തിന് 25 കോടി, പച്ചക്കറി കൃഷിക്കായി കൂട്ടായ്മ, കടക്കെണിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അഞ്ച് കോടി തുടങ്ങിയവയാണ് കാര്‍ഷിക മേഖലയിലെ മറ്റു വാഗ്ദാനങ്ങള്‍. മുന്‍ സര്‍ക്കാറിന്റെ വിവാദമായ നെയല്‍ വയല്‍ നികത്തല്‍ വ്യവസ്ഥ റദ്ദാക്കിയിട്ടുമുണ്ട്. ആരോഗ്യ മേഖലക്ക് 1000 കോടിയും മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 394 കോടിയും വകയിരുത്തി.
ചില നികുതി നിര്‍ദേശങ്ങളും ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ചു വെളിച്ചെണ്ണ, ബസ്മതി അരി, പാക്ക് ചെയ്ത ഗോതമ്പുത്പന്നങ്ങള്‍, ഡെസ്‌പോസബിള്‍ ഗ്ലാസ്, പ്ലെയിന്റുകള്‍, അലക്ക് സോപ്പ്, ബ്രാന്റ് ഹോട്ടലുകളിലെ ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വിലയില്‍ വര്‍ധനവുണ്ടാകും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം അടക്കമുള്ള ഇടപാടുകള്‍ക്ക് മുദ്രപത്രവില മൂന്ന് ശതമാനമാക്കി ഉയര്‍ത്തുകയും 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചരക്ക് വാഹന നികുതിയിലും 10 ശതമാനത്തിന്റെ വര്‍ധനവുണ്ട്.
ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഏറെയുണ്ടെങ്കിലും കാലിയായ പൊതുഖജനാവാണ് സര്‍ക്കാറിന്റെ മുമ്പിലുള്ളത്. റവന്യൂ കമ്മി 13,066 കോടി രൂപയും മൊത്തം കമ്മി 71,178 കോടിയുമെത്തി നില്‍ക്കുന്നു. നിലവിലെ വരുമാനം നിത്യച്ചെലവിന് പോലും തികയില്ല. പരിധിയോടടുത്തതിനാല്‍ അധികം കടമെടുക്കാനുമാകില്ല. ഈ സാഹചര്യത്തില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പില്‍ വരുത്തുക ഏറെ ശ്രമകരമാണ്. വില്‍പന നികുതി വരുമാനത്തില്‍ പ്രതീക്ഷിക്കുന്ന വര്‍ധനവാണ് പ്രധാനമായും മാന്ദ്യം മറികടക്കാന്‍ തോമസ് ഐസക്ക് കാണുന്ന മാര്‍ഗം. വില്‍പന നികുതി ചോര്‍ച്ചക്കുള്ള മുഖ്യകാരണം ചെക്ക് പോസ്റ്റുകളിലെ അഴിമതിയാണ്. പഴയ അഴിമതി രഹിത വാളയാര്‍ മാതൃകയില്‍ ചെക്ക്‌പോസ്റ്റുകള്‍ കാര്യക്ഷമമാക്കിയാല്‍ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകും. നികുതി കൃത്യമായി അടക്കുന്ന വ്യാപാരികള്‍ക്ക് ഗ്രീന്‍ കാര്‍ഡ്, ബില്ലിംഗ് സമ്പ്രദായം കര്‍ശനമാക്കല്‍, ബില്ല് ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക സമ്മാന പദ്ധതി ഏര്‍പ്പാടാക്കി നികുതി വെട്ടിപ്പ് തടയല്‍. തുടങ്ങിയ പദ്ധതികളും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നു. ഭരണ മാറ്റത്തിന് ശേഷമുള്ള ഒരു മാസത്തിനകം നികുതി വരുമാനത്തില്‍ അനുഭവപ്പെട്ട വര്‍ധന സര്‍ക്കാറിന്റെ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. എന്നാലും സാമ്പത്തികരംഗത്ത് ആശാവമായ മാറ്റം പ്രകടമാകണമെങ്കില്‍ മൂന്ന് വര്‍ഷമെങ്കിലുമെടുക്കുമെന്ന് ഐസക് തന്നെ സൂചിപ്പിച്ചിരിക്കെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകള്‍ മാത്രമേ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടതുള്ളൂ.