Connect with us

Articles

പ്രതിസന്ധി മറികടക്കാന്‍ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ്

Published

|

Last Updated

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ 12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താന്‍ ധനമന്ത്രി ടിഎം തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ 2008ല്‍ 5,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചതെങ്കിലും ഇപ്പോഴത്തെ സ്ഥിതി അതിലും രൂക്ഷമാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കുന്നു. പുതിയ പാക്കേജില്‍ വലിയ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയ മൂലധന ചെലവുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രത്യേക നിക്ഷേപ പദ്ധതി എന്ന പേരിലാവും പദ്ധതി അറിയപ്പെടുക. നടപ്പുവര്‍ഷത്തില്‍ 2,500 കോടിയെങ്കിലും പാക്കേജില്‍നിന്ന് ചെലവാകും. ഇതിന് പുറമേ ഭൂമി ഏറ്റെടുക്കലിന് 8,000 കോടി അടുത്തവര്‍ഷം അവസാനിക്കുമ്പോള്‍ വേണ്ടിവരും. ആകെ 20,000 രൂപയാവും പാക്കേജിനായി ചെലവാകുക. കമ്പോളത്തില്‍ നിന്ന് പണം സമാഹരിക്കുന്നതിന് 1999ല്‍ സ്ഥാപിച്ച ധനകാര്യ സ്ഥാപനമായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ആക്ടിന്റെ ചട്ടങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കും. ഇതുവഴി സെബിയും ആര്‍ ബി ഐയും അംഗീകരിച്ച നൂതനധനസമാഹരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കിഫ്ബിയെ സജ്ജമാക്കും.
നിയമഭേദഗതികള്‍ വഴി കടം വാങ്ങുന്ന പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പിക്കാനും നിക്ഷേപകര്‍ക്ക് അവരുടെ മുതലും പലിശയും കാലതാമസമില്ലാതെ നല്‍കാനുമാകും. പരിഷ്‌കരണത്തിന്റെ ഭാഗമായി ധനകാര്യത്തിലോ ബേങ്കിംഗിലോ അന്തര്‍ദേശീയ തലത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തി ചെയര്‍പേഴ്‌സനായി ഫ്രണ്ട്‌സ് ട്രസ്റ്റീ (എഫ്ടാക്ക്) ഉപദേശക കമ്മീഷന് രൂപം നല്‍കും. ദേശീയ നിലവാരത്തിലുള്ള സാമ്പത്തിക ശാസ്ത്രജ്ഞരും ബാങ്കേഴ്‌സ്, ഭരണകര്‍ത്താക്കളും മാത്രമായിരിക്കും ഈ കമ്മീഷനിലെ അംഗങ്ങള്‍. ഫണ്ടില്‍ സമാഹരിക്കുന്ന നിക്ഷേപങ്ങള്‍ വകമാറ്റിച്ചെലവഴിക്കുന്നത് തടയുകയെന്നതാണ് കമ്മീഷന്റെ പ്രാഥമിക ലക്ഷ്യം. കിഫ്ബി സമാഹരിക്കുന്ന പണം ഒരു കാരണവശാലും സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപിക്കുകയോ ഡിപ്പാര്‍ട്ടുമെന്റുകള്‍ വഴി ചെലവഴിക്കുകയോ ചെയ്യില്ല. ആറ് മാസം കൂടുമ്പോള്‍ സമാഹരിച്ച പണവും ബാക്കിവരുന്ന നിക്ഷേപവും കിഫ്ബിയുടെ വ്യവസ്ഥയനുസരിച്ചുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് എഫ്റ്റാക്ക് പ്രസിദ്ധപ്പെടുത്തും. സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട എല്ലാ തുകയും ആഗസ്റ്റ് മാസത്തിലെ അവസാന പ്രവൃത്തിദിനം തീരും മുമ്പ് കിഫ്ബിയുടെ അക്കൗണ്ടിലേക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തും. മോട്ടോര്‍ വാഹന നികുതിയുടെ ഒരു വിഹിതം എല്ലാ വര്‍ഷവും നല്‍കുന്നതിന് നിയമപ്രകാരം വ്യവസ്ഥ ചെയ്യും. തുടക്കത്തില്‍ 10 ശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 10 ശതമാനം വീതം വര്‍ധന വരുത്തി അഞ്ചാം വര്‍ഷം മുതല്‍ 50 ശതമാനം നികുതി കിഫ്ബിക്ക് കൈമാറും. ഇതിന് പുറമേ പെട്രോളിന് മേലുള്ള സെസ്സും കിഫ്ബിക്കായിരിക്കും. ഇങ്ങനെ സമാഹരിക്കുന്ന നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. ഭൂമി ഏറ്റെടുത്തതിലുള്ള കുടിശ്ശിക അടിയന്തരമായി കൊടുക്കും. ഈവര്‍ഷം നാലുവരിപ്പാത, ഗെയില്‍ പൈപ്പ്‌ലൈന്‍, വിമാനത്താവളങ്ങള്‍ക്കും വ്യവസായ പാര്‍ക്കുകള്‍ക്കും ഭൂമി ഏറ്റെടുക്കല്‍ എന്നിവക്ക് 3000 കോടിയെങ്കിലും വേണ്ടി വരും. ഈ പണം കിഫ്ബി വഴി ലഭ്യമാക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.
2011ലെ ഇടതു സര്‍ക്കാരിന്റെ ബജറ്റില്‍ ഇതിനുള്ള സമീപനം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല. 40,000 കോടി രൂപയുടെ ബൃഹത്തായ ഗതാഗതനിര്‍മാണ പദ്ധതിയടക്കം അന്ന് പദ്ധതികള്‍ മുന്നോട്ടു വെച്ചിരുന്നെങ്കിലും യു ഡി എഫ് സര്‍ക്കാര്‍ ഇത് പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് രണ്ടാം മാന്ദ്യ വിരുദ്ധ പാക്കേജ് മുന്നോട്ട് വെക്കുന്നത്്.

 

---- facebook comment plugin here -----

Latest