വീരേന്ദ്രകുമാറിനും ശ്രേയാംസ്‌കുമാറിനും എതിരെ വിജിലന്‍സ് അന്വേഷണം

Posted on: July 8, 2016 11:36 pm | Last updated: July 8, 2016 at 11:36 pm
SHARE

തലശ്ശേരി: ആദിവാസികള്‍ക്ക് പതിച്ചുനല്‍കാനുള്ള ഭൂമി അനധികൃതമായി കൈവശം വച്ച് മറിച്ച് വിറ്റുവെന്ന പരാതിയില്‍ എം പി വീരേന്ദ്രകുമാര്‍ എം പിക്കും മകന്‍ മുന്‍ എം എല്‍ എ ശ്രേയാംസ്‌കുമാറിനുമെതിരെ ത്വരിതാന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ തലശ്ശേരി വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ഉത്തരവ്. കൊച്ചി പലാരിവട്ടത്തെ എസ് എന്‍ ഡി പി യോഗം കണ്‍വീനര്‍ പി രാജന്‍ നല്‍കിയ പരാതിയില്‍ വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡി വൈ എസ് പിക്കാണ് ജഡ്ജി പി ജയറാം അന്വേഷണ ചുമതല നല്‍കിയത്.
സുല്‍ത്താന്‍ ബത്തേരി കൃഷ്ണഗിരി വില്ലേജിലുള്ള മാലന്‍തോട്ടം പ്ലാന്റേഷനിലെ 137.99 ഏക്കര്‍ ഭൂമിയില്‍ 135.14 ഏക്കര്‍ ഭൂമി ഇരുവരും അനധികൃതമായി കൈവശം വെക്കുകയും ഇതില്‍ 54.05 ഏക്കര്‍ നിയമവിരുദ്ധമായി വില്‍പ്പന നടത്തിയെന്നുമാണ് മാതൃഭൂമി മുന്‍ ജീവനക്കാരന്‍ കൂടിയായ രാജന്റെ പരാതി. തലശ്ശേരി ബാറിലെ അഡ്വ. സി കെ ശ്രീനിവാസന്‍, അഡ്വ. അംബികാസുതന്‍ എന്നിവര്‍ മുഖേനയാണ് പരാതിപ്പെട്ടത്.