Connect with us

Kerala

മദീനയിലും മറ്റും ചാവേര്‍ ആക്രമണം: കൊടുംക്രൂരത-കാന്തപുരം

Published

|

Last Updated

തളിപ്പറമ്പ്: ലോകത്ത് അധാര്‍മികതയും അരാജകത്വവും വര്‍ധിച്ചുവരികയാണെന്നും സഹിഷ്ണുത വളരാന്‍ തിരുനബിയുടെ ചരിത്രങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയുമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് അഭികാമ്യമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. തളിപ്പറമ്പ് ഇമാം ബൂസ്വീരി ഫൗണ്ടേഷന്‍ ഏഴാംമൈല്‍ നബ്രാസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മദീനാപൂന്തോപ്പ്-ബൂര്‍ദ വാര്‍ഷിക സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകായിയിരുന്നു അദ്ദേഹം.
ഭീകരവാദവും തീവ്രവാദവും വേണ്ടന്ന് പറയുന്നവര്‍ അധികരിച്ച് വരികയാണ്. മദീനയിലും മറ്റും നടന്ന ചാവേര്‍ ആക്രമണം കൊടുംക്രൂരതയാണ്. ചാവേറുകളുമായി ഇസ്‌ലാമിന് ബന്ധമില്ല. ഇത്തരം ആക്രമണങ്ങള്‍ ആരാണ് നടത്തുന്നത്. സലഫിസം, ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍, ഇസ്‌ലാമിസ്റ്റ് എന്നിവയുടെ പേരില്‍ രംഗത്ത് വരുന്ന ചെറുപ്പക്കാരാണ് ഇതിന് പിന്നിലെന്ന് ലോകം സമ്മതിക്കുന്നു. യഥാര്‍ഥ ഇസ്‌ലാമിന് ഇതില്‍ യാതൊരു ബന്ധവുമില്ല. ഇസ്‌ലാമിസ്റ്റ് എന്ന് പേര് വെച്ചതുകൊണ്ട് ഇസ്‌ലാം ആവില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.
അറബ് രാജ്യങ്ങളില്‍ അസമാധാനത്തിന് കൂട്ടുനില്‍ക്കുന്ന ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ അഥവാ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ അനുയായികളാണ് ജമാഅത്തെ ഇസ്‌ലാമി. രാജ്യത്ത് മതങ്ങള്‍ തമ്മില്‍ ശത്രുത പാടില്ല. ഇവിടെ എല്ലാവരും സാഹോദര്യത്തോടെയാണ് ജീവിക്കുന്നത്. ഇസ്‌ലാം വാള്‍ കൊണ്ടോ ബോംബ് കൊണ്ടോ പ്രചരിച്ചതല്ലെന്നും മറിച്ച് തിരുനബിയുടെയും സ്വഹാബികളുടെയും സമാധാന പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫിന്റെ അധ്യക്ഷതയില്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നബിസ്‌നേഹ പ്രഭാഷണം നടത്തി. ബൂര്‍ദക്ക് സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്രി, അബ്ദുസമദ് അമാനി പട്ടുവം, ഹാഫിള് സാദിഖ് ഫാളിലി ഗൂഡല്ലൂര്‍ നേതൃത്വം നല്‍കി. ശൈഖ് മുഹമ്മദ് അനാന്‍ ഈജിപ്ത് നശീദയും മുഈനുദ്ദീന്‍ ബെംഗളൂരു നാതും അവതരിപ്പിച്ചു.
സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ അടിപ്പാലം, സയ്യിദ് മശ്ഹൂര്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി പി അബ്ദുല്‍ ഹകീം സഅദി, എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍, റഫീഖ് അമാനി തട്ടുമ്മല്‍, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, കെ പി യൂസുഫ് ഹാജി, സുബൈര്‍ ഹാജി മാട്ടൂല്‍, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.