പശ്ചിമഘട്ട മേഖലകളില്‍ ഉരുള്‍പൊട്ടല്‍ കൂടുന്നതായി പഠനം

Posted on: July 8, 2016 6:00 am | Last updated: July 7, 2016 at 11:59 pm

urul pottalകണ്ണൂര്‍ :രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സംസ്ഥാനത്തെ നിരവധി പ്രദേശങ്ങളുമുണ്ടെന്ന് നിരീക്ഷണം. കേന്ദ്രറോഡ് പഠന ഗവേഷണ വിഭാഗത്തിന്റെ പഠനമനുസരിച്ച് രാജ്യത്ത് 15 ശതമാനം പ്രദേശങ്ങളാണ് ഉരുള്‍പൊട്ടല്‍ ഭീഷണിയിലുള്ളത്. ഭൂകമ്പസാധ്യതാ പ്രദേശമായ ഹിമാലയപ്രദേശത്താണ് ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. ഇതുകഴിഞ്ഞാല്‍ കൂടുതല്‍ പശ്ചിമഘട്ട പ്രദേശത്താണ്. കേരളത്തില്‍ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരിവിലാണ് ഇത്തരത്തിലുള്ള ഭീഷണി കൂടുതലുള്ളത്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഛേദം എടുത്താല്‍ പലതട്ടുകളായാണ് മലമ്പ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്. മൂന്നാര്‍ തട്ടാണ് സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്നത്. 1500- 2000 മീറ്റര്‍ ഉയരത്തിലാണിത്. പെരിയാര്‍തട്ട് 700- 1000 മീറ്റര്‍ ഉയരത്തിലും വയനാട്തട്ട് 500- 700 മീറ്റര്‍ ഉയരത്തിലുമാണ്. ഈ തട്ടുകളുടെ പാര്‍ശ്വങ്ങള്‍ ചെങ്കുത്തായ പ്രദേശങ്ങളാണ്. വയനാട് ചുരം, മണ്ണാര്‍ക്കാട് ചുരം, പീരുമേട് ചുരം എന്നിവയെല്ലാം പാര്‍ശ്വചെരിവുകളാണ്. ഉരുള്‍പൊട്ടല്‍ കൂടുതലുണ്ടാകുക ഇത്തരം പ്രദേശങ്ങളിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, കേരളത്തിലെ 48 ശതമാനത്തോളം സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന മലമ്പ്രദേശങ്ങളില്‍ പലയിടത്തും നിലവിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം ഉരുള്‍ പൊട്ടല്‍ ഉണ്ടാകിനിടയുണ്ടെന്ന് പഠനം നടത്തിയവര്‍ വ്യക്തമാക്കുന്നു. കാലവര്‍ഷം തുടങ്ങി ഒരുമാസം പിന്നിടുമ്പോള്‍തന്നെ കണ്ണൂര്‍ ജില്ലയില്‍പെട്ട മലയോരപ്രദേശങ്ങളില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടായത് ഇതിന് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ 350 വില്ലേജുകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണെന്ന് ദുരന്തനിവാരണ അതോറിറ്റിയും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇടുക്കിയാണ് കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ജില്ല. ഇടുക്കിയിലെ 57 വില്ലേജുകളില്‍ ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ എന്നിവക്ക് സാധ്യതയുണെന്ന് റിപ്പേര്‍ട്ട് സൂചിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ ആറും കൊല്ലത്ത് 18, കോട്ടയത്ത് 26, പത്തനംതിട്ടയില്‍ 27, എറണാകുളം ഏഴ്, തൃശൂര്‍ 12, പാലക്കാട് 35, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 27, കണ്ണൂര്‍ 33, കാസര്‍കോട് 38 എന്നിങ്ങനെയാണ് ഉരുള്‍പൊട്ടല്‍ സാധ്യത അധികമുള്ള വില്ലേജുകളുടെ കണക്ക്.
ഭൂചലനം, വെള്ളപ്പൊക്കം എന്നിവയെത്തുടര്‍ന്നാണ് സാധാരണയായി ഉരുള്‍പൊട്ടല്‍ ഉണ്ടാകാറുള്ളത്. എന്നാല്‍, പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടല്‍മൂലമാണ് ഉരുള്‍പൊട്ടല്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരുന്നത്. മലയോരങ്ങളിലേക്കുള്ള ആളുകളുടെ പലായനവും നിര്‍മാണപ്രവര്‍ത്തനങ്ങളും മലമ്പ്രദേശത്തിന്റെ പ്രകൃത്യായുള്ള ഘടനയെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നതാണ് ഉരുള്‍ പൊട്ടലിനുള്ള കാരണങ്ങളിലൊന്നായി പറയുന്നത്. കുന്നുകള്‍ വെട്ടിനിരത്തിയ സ്ഥലങ്ങളില്‍ തോട്ടവിളകള്‍ സ്ഥാനം പിടിച്ചു. നീര്‍ച്ചാലുകളും തോടുകളും മണ്ണിട്ടുനികത്തി. ഈ സ്ഥലങ്ങളില്‍ റോഡും വീടുകളും വന്നു. കുന്നുകളും താഴ്‌വാരങ്ങളും അതിലൂടെ ഒഴുകുന്ന നീര്‍ച്ചാലുകളും പ്രകൃതിയുടെ സന്തുലനഘടകങ്ങളാണ്. ഇതിന് കോട്ടംതട്ടിയാല്‍ നീരൊഴുക്ക് തടസ്സപ്പെടുന്ന ചെരിവുകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയവര്‍ വ്യക്തമാക്കുന്നത്.
മലയോരങ്ങളില്‍നിന്ന് നേരിയ നീര്‍ച്ചാലുകളായിട്ടാണ് പുഴയുടെ ഉത്ഭവം. ചാലുകള്‍ കൂടിച്ചേര്‍ന്ന് മലമടക്കുകളിലൂടെ ഒഴുകി അത് പുഴയില്‍ ചേരുന്നു. കുന്നിന്‍പ്രദേശങ്ങളില്‍ വെള്ളം വാര്‍ന്ന് പോകാനുള്ള നീര്‍ച്ചാലുകള്‍ കാണാം. കൂടുതലുള്ള വെള്ളം വാര്‍ന്ന് പോകുന്നതിനുള്ള ഉപാധിയാണിത്. പ്രകൃത്യായുള്ള ചാലുകള്‍ തടസ്സപ്പെടുത്തിയാല്‍ ഒഴുക്ക് തടസ്സപ്പെട്ട് അത് ഉരുള്‍പൊട്ടലിന് വഴിവെക്കാമെന്നും ഇവര്‍ പറയുന്നു.
മലഞ്ചെരിവില്‍ അടിത്തട്ടിലെ പാറക്കുമുകളിലായി രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ മണ്ണും ഉരുളന്‍പാറകളുമുണ്ടാകും. കനത്തമഴയില്‍ വെള്ളം വാര്‍ന്നുപോകാന്‍ നീര്‍ച്ചാലുകള്‍ ഇല്ലെങ്കില്‍ വെള്ളം മണ്ണിലേക്ക് ഊര്‍ന്നിറങ്ങും. മണ്ണ് വെള്ളത്തില്‍ കുതിര്‍ന്നാല്‍ പാറയും മണ്ണും തമ്മിലുള്ള പിടിത്തത്തിന് ഇളക്കംതട്ടും. കാറ്റടിക്കുമ്പോള്‍ ഇവിടെയുള്ള മരങ്ങള്‍ക്ക് ഇളക്കം തട്ടുന്നതോടെ വേരും മണ്ണില്‍നിന്ന് ഇളകാന്‍ തുടങ്ങും. ഇതോടെ മണ്‍പാളി താഴേക്ക് പതിക്കും. ഇങ്ങനെയാണ് അടുത്ത കാലത്തുള്ള മിക്ക ഉരുള്‍പൊട്ടലുകളുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നു.
ക്വാറികളില്‍ വന്‍സ്‌ഫോടനംനടത്തി കരിങ്കല്‍ഖനനം നടത്തുന്നത് മൂലവും തൊട്ടടുത്ത പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാകാം. പ്രകമ്പനത്തില്‍ മണ്‍പാളിക്ക് ഇളക്കം തട്ടുന്നതിനാലാണിത്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിവര്‍ഷം 200 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഉരുള്‍പൊട്ടലിലൂടെ ഇന്ത്യയിലുണ്ടാകുന്നത്. കേരളത്തില്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ചെയ്യേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ 1998ല്‍ സെസ് ജിയോ സയന്‍സിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ സര്‍ക്കാറിന് ശിപാര്‍ശ ചെയ്തിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായിരുന്നില്ല.