Connect with us

Kerala

ആനയാറ വേള്‍ഡ് മാര്‍ക്കറ്റില്‍ തട്ടിപ്പ് മന്ത്രി നേരിട്ടെത്തി പിടികൂടി

Published

|

Last Updated

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ നാടന്‍ പച്ചക്കറികള്‍ ഒഴിവാക്കി ഗുണനിലവാരം കുറഞ്ഞ തമിഴ്‌നാട് പച്ചക്കറികള്‍ വിറ്റഴിച്ച് വന്‍ തട്ടിപ്പ് നടത്തിവന്നത് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ നേരിട്ടെത്തി പിടികൂടി. മാര്‍ക്കറ്റില്‍ തമിഴ്‌നാട് പച്ചക്കറികള്‍ വിറ്റഴിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയും കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളും ഇന്നലെ രാവിലെ ആറിന് ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ എത്തിയത്.
വന്‍ തട്ടിപ്പാണ് ഇവിടെ നടന്നുവരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ പച്ചക്കറിയുമായി എത്തിയ ഗുഡ്‌സ് ഓട്ടോറിക്ഷയെ മന്ത്രി കൈയോടെ പിടികൂടുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് വലിയ ലോറികളിലെത്തുന്ന പച്ചക്കറികള്‍ റോഡരികില്‍ നിറുത്തി ചെറിയ വണ്ടികളിലേക്ക് മാറ്റി വേള്‍ഡ് മാര്‍ക്കറ്റിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ചതെന്ന രീതിയിലാണ് ഇവിടെ ഇത് ഇറക്കി വില്‍ക്കുന്നത്. ഇത്തരമൊരു വാഹനമാണ് മന്ത്രി നേരിട്ട് പിടികൂടിയത്. അവരെ ചോദ്യം ചെയ്തപ്പോള്‍ അത് തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിയാണെന്ന് വ്യക്തമായി. മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് യുക്തിസഹമായ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല.
വേള്‍ഡ് മാര്‍ക്കറ്റില്‍ സ്ഥിരമായി പച്ചക്കറി വിതരണം ചെയ്യുന്ന രണ്ടുപേരുടെ നമ്പര്‍ കരസ്ഥമാക്കി മന്ത്രി നേരിട്ട് വിളിച്ചതോടെയാണ് ഉദ്യോഗസ്ഥരുടെ കള്ളത്തരം പുറത്ത് വന്നത്. പച്ചക്കറി വേണമെന്ന് ആവശ്യപ്പെട്ടാണ് ഇവിടത്തെ ഒരു ആവശ്യക്കാരനെന്ന രീതിയില്‍ മന്ത്രി ഇവരോട് സംസാരിച്ചത്.
പച്ചക്കറി വേണമെന്ന ആവശ്യപ്പെട്ടപ്പോള്‍ എത്ര വേണമെങ്കിലും തരാമെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു. വേള്‍ഡ് മാര്‍ക്കറ്റിലേക്ക് പച്ചക്കറി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തരാമെന്ന് പറഞ്ഞ ഇയാളോട് കര്‍ഷകനാണോ എന്ന് മന്ത്രി ചോദിച്ചപ്പോള്‍ മൊത്തക്കച്ചവടക്കാരനാണെന്നായിരുന്നു മറുപടി. നാഗര്‍കോവിലിലെ മൊത്തക്കച്ചവടക്കാരനായ മറ്റൊരാളേയും മന്ത്രി വിളിച്ചു.
32 ഇനം പച്ചക്കറികളാണ് ഇയാള്‍ വേള്‍ഡ് മാര്‍ക്കറ്റിലേക്ക് വിതരണം ചെയ്യുന്നത്. കര്‍ഷകരുടെ പേരുപറഞ്ഞാണ് മൊത്തക്കച്ചവടക്കാരില്‍ നിന്ന് ഇവിടേക്ക് പച്ചക്കറികള്‍ വാങ്ങുന്നത്. തമിഴ്‌നാട്ടില്‍ നിന്നുമാത്രമല്ല, ചാലയില്‍ നിന്നും പച്ചക്കറികള്‍ വാങ്ങി ഇവിടെ വില്‍ക്കുന്നുണ്ട്. അത് മനസ്സിലായതോടെ, സര്‍ക്കാര്‍ ചെലവില്‍ ചാല മാര്‍ക്കറ്റ് നവീകരിച്ചാല്‍ പോരെ എന്നായിരുന്നു ഉദ്യോഗസ്ഥരോട് മന്ത്രി ചോദിച്ചത്.
തലസ്ഥാനത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ അവരില്‍ നിന്ന് നേരിട്ട് വാങ്ങി വിറ്റഴിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആനറയില്‍ വേള്‍ഡ് മാര്‍ക്കറ്റ് തുടങ്ങിയത്. എന്നാല്‍, പിന്നീടത് ലക്ഷ്യം തെറ്റി തമിഴ്‌നാട് പച്ചക്കറിയുടെ കേന്ദ്രമായി മാറുകയായിരുന്നു. ഹോര്‍ട്ടി കോര്‍പ്പിലെ അടക്കമുള്ള ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും അടങ്ങുന്ന വന്‍ ലോബിയാണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നെതെന്ന് പരിശോധനയില്‍ മന്ത്രിക്കും സംഘത്തിനും മനസ്സിലാക്കാന്‍ കഴിഞ്ഞു.
തട്ടിപ്പും അഴിമതിയും നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളും രജിസ്റ്ററുകളും മന്ത്രിയും സംഘവും പിടിച്ചെടുത്തു. ഇത് പരിശോധിക്കുന്നതോടെ വന്‍ അഴിമതിയാകും പുറത്തുവരിക. കര്‍ഷകരില്‍ നിന്ന് കിട്ടാത്ത പച്ചക്കറികളാണ് പുറത്തുനിന്ന് വാങ്ങുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങുന്നില്ലെന്ന കര്‍ഷകരുടെ പരാതിയെത്തുടര്‍ന്നാണ് കൃഷി മന്ത്രി നേരിട്ട് പരിശോധനക്ക് എത്തിയത്. കൃഷിക്കാരില്‍ നിന്നും അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചു.