സംസ്ഥാന ബജറ്റ്: പ്രതീക്ഷയോടെ കേരളം

Posted on: July 8, 2016 6:00 am | Last updated: July 8, 2016 at 10:03 am
SHARE

thomas issac‘ജൂലൈ എട്ടിന് പുതിക്കിയ ബജറ്റ് അവതരിപ്പിക്കണമല്ലോ, അതിന്റെ പണികള്‍ ഏതാണ്ടു പൂര്‍ത്തിയായി. കഴിഞ്ഞ ക്യാബിനറ്റ് ബജറ്റ് കണക്കുകള്‍ അംഗീകരിച്ചു. പ്രസംഗത്തിന്റെ കരടും തയ്യാറായി. പലരും അയച്ച ഏതാനും കെട്ട് നിവേദനങ്ങളും കുറിപ്പുകളും ഉണ്ട്. അവയെല്ലാം ഒന്നു കണ്ണോടിച്ച് പ്രസംഗത്തിന് അവസാന മിനുക്കുപണികള്‍ നടത്തണം.’
കഴിഞ്ഞ ദിവസം ധനമന്ത്രി ഡോ. തോമസ് ഐസക് ഫെയ്‌സ് ബുക്കില്‍ ഇങ്ങനെ കുറിച്ചിട്ടു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള പുതിയ ബജറ്റിന്റെ കരട് വളരെ കരുതലോടെയാണ് തയ്യാറാക്കിയതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ നിന്നും വാക്കുകളില്‍ നിന്നും വായിച്ചെടുക്കാനാകും. ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ബജറ്റിനെ കാണുന്നതെന്ന നല്ല ധാരണയുടെ കൂടി പശ്ചാത്തലത്തിലായിരിക്കും അദ്ദേഹം കരുതലോടെ ബജറ്റിന്റെ പണിപ്പുരയിലിരുന്നിരിക്കുക. എല്ലാക്കാലത്തും അതാത് ധനമന്ത്രിമാര്‍ അവരുടെ ഭാവനക്കനുസരിച്ച് തയ്യാറാക്കുന്ന ബജറ്റില്‍ ജനോപകാരപ്രദമായ നല്ല നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളുമുണ്ടാകാറുണ്ട്. പക്ഷേ അതൊന്നും കൃത്യതയോടെ നടപ്പാക്കാന്‍ കഴിയാറില്ലെന്നതാണ് പച്ചയായ സത്യം. കേരളത്തിന്റെ വികസനത്തിനും സാമൂഹിക വളര്‍ച്ചക്കുമുതകുന്ന തരത്തിലുള്ള നിരവധി നിര്‍ദേശങ്ങള്‍ പല ബജറ്റവതരണങ്ങള്‍ക്കു ശേഷവും ചുവപ്പുനാടക്കുള്ളില്‍ സുഖമായി അടയിരിക്കുന്ന പതിവ് ശൈലി ഇത്തവണയുണ്ടാകരുതെന്ന ആഗ്രഹം ജനങ്ങള്‍ക്കുണ്ട്. ജനകീയ പ്രശ്‌നങ്ങളില്‍ മന്ത്രിയായപ്പോഴും അല്ലാത്തപ്പോഴും സജീവമായി ഇടപെടുന്ന തോമസ് ഐസകിന് അതിന് കഴിയുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ പുതിയ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുമ്പോള്‍ അതിന് ജനകീയ സ്വഭാവമുണ്ടാകുമെന്ന് ആളുകള്‍ ഉറച്ചുവിശ്വസിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. എല്ലാം ശരിയാകുമെന്ന വാഗ്ദാനം നല്‍കി അധികാരത്തിലേറിയ പിണറായി സര്‍ക്കാറിന്റെ വികസന സാമ്പത്തിക നയത്തില്‍ ഏറ്റവും താഴേക്കിടയിലുള്ള ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കായിരിക്കും മുഖ്യപരിഗണന നല്‍കുകയെന്ന് ഇടതു മുന്നണിയുടെ പ്രകടന പത്രിക നേരത്തെ വ്യക്തമാക്കിയിരുന്നു. മദ്യ നിര്‍മാര്‍ജനം, മതനിരപേക്ഷ അഴിമതി രഹിത വികസിത കേരളം തുടങ്ങിയവയായിരുന്നു എല്‍ ഡി എഫ് പ്രകടന പത്രിക പ്രകാരം സര്‍ക്കാറിനു മുമ്പിലുള്ള പ്രധാന ലക്ഷ്യങ്ങള്‍. അതിവേഗ റെയില്‍വെ കോറിഡോര്‍, ആരോഗ്യ മേഖലക്കും മാലിന്യ നിര്‍മാര്‍ജനത്തിനും പ്രത്യേക പദ്ധതികള്‍, എല്ലാ ദേശീയ പാതകളും നാല് വരിയായി ഉയര്‍ത്തുക തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ പ്രകടന പത്രികയില്‍ സ്ഥാനം പിടിച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ എന്നിവ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അധികാരം കിട്ടുന്നതിനുമുമ്പേ ഇടതുമുന്നണി വാഗ്ദാനം ചെയ്തിരുന്നു.
പച്ചക്കറി, മുട്ട, പാല്‍ എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടും. ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തും. അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കും. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനുള്ളില്‍ നിയമനം ഉറപ്പാക്കും. 1,000 പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. ഭരണ ഭാഷയും കോടതി ഭാഷയും മലയാളമാക്കാന്‍ നടപടി സ്വീകരിക്കും. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് സിവില്‍ സപ്ലൈസിലും ന്യായവില സ്ഥാപനങ്ങളിലും അവശ്യ വസ്തുക്കള്‍ക്ക് വില വര്‍ധനയുണ്ടാകില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം ഇരട്ടിയായി ഉയര്‍ത്തും. തീരദേശ മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും തുടങ്ങി നിരവധി ഉറപ്പുകള്‍ ഇടതുമുന്നണി ജനങ്ങള്‍ക്കു മുമ്പാകെ വച്ചിരുന്നു. ഇവയില്‍ കുറേക്കാര്യങ്ങളെങ്കിലും ഈവര്‍ഷത്തെ ബജറ്റില്‍ സ്ഥാനം പിടിച്ചേക്കുമെന്നു കരുതുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് കെ എം മാണിയുടെ പകരക്കാരനായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റ് വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. ആ ഇടക്കാല ബജറ്റില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായിരുന്നു ഏറ്റവും അധികം തുക വകയിരിത്തിയിരുന്നത്. കാര്‍ഷിക മേഖലക്കും പ്രത്യേക ഊന്നല്‍ നല്‍കി. എന്നാല്‍, തിരഞ്ഞെടുപ്പ് വരുന്നതിനു മുന്‍പ് അവയിലൊന്നു പോലും നടപ്പാക്കാന്‍ സര്‍ക്കാറിനായില്ല.
ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടം എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ച വ്യക്തമായ നിര്‍ദേശം ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. നികുതിവരുമാന വര്‍ധനാ നിരക്കു 20 ശതമാനത്തിലെത്തിക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കടുത്ത നടപടികളുണ്ടാകുമെന്നാണു മറ്റൊരു സൂചന. പ്രവാസികളില്‍ നിന്നു നിക്ഷേപം ശേഖരിക്കുകയും അവര്‍ മടങ്ങിയെത്തുമ്പോള്‍ തൊഴില്‍ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയും പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചേക്കാനിടയുണ്ട്. സഹകരണ ബേങ്കുകളെ പരിഷ്‌കരിച്ചു കേരളത്തിനു സ്വന്തം ബേങ്കെന്ന ദീര്‍ഘനാളത്തെ പ്രതീക്ഷയും ബജറ്റിന്റെ ഭാഗമാകാം.
ജീവിത ദുരിതങ്ങളില്‍ നിന്ന് അധഃസ്ഥിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനവിഭാഗങ്ങളെ മോചിപ്പിക്കുന്നതില്‍ ആദ്യ മന്ത്രിസഭ സൃഷ്ടിച്ച ചരിത്രവും പാരമ്പര്യവുമാണ് കേരള വികസനത്തെ ലോകമെങ്ങുമുള്ള വികസന വിദഗ്ധരുടെ മുമ്പില്‍ അത്ഭുതാനുഭവമാക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം വികസനം മുകളില്‍നിന്ന് ആരംഭിച്ചതിനാല്‍ അതിന്റെ ഗുണം ഇതേവരെ താഴെ തട്ടുകളിലേക്ക് എത്തിയില്ല. കേരളത്തില്‍ അത് താഴെനിന്ന് ആരംഭിച്ചതിനാല്‍ അതിന്റെ ഗുണവും മണവും താഴെത്തട്ടുകളില്‍ പരന്ന് മേലേതട്ടില്‍വരെ ഉയര്‍ന്നെത്തി. ഇത്രയൊക്കെ വികസനം നേടിയിട്ടും മഹാഭൂരിപക്ഷം ജനങ്ങളും തൊഴിലില്ലായ്മയുടെ, മറ്റു പല തരം ഇല്ലായ്മകളുടെ, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യരക്ഷയുടെയും നിലവാരക്കുറവിന്റെ എല്ലാം പ്രയാസങ്ങള്‍ അനുഭവിക്കുന്നു. മുതലാളിത്ത ഇടപെടല്‍ സൃഷ്ടിച്ച പരിസ്ഥിതി നാശവും സ്ത്രീകളുടെയും ദളിതരുടെയും ആദിവാസികളുടെയും അരക്ഷിതത്വവും നിസ്സഹായതയും ഭക്ഷ്യവസ്തുക്കള്‍വരെ വിഷമയമാക്കുന്നതും ജനങ്ങളെ ശ്വാസംമുട്ടിക്കുന്നു. ഇങ്ങനെ നിരവധി പ്രയാസങ്ങളും വെല്ലുവിളികളും നേരിടുകയാണ് ജനങ്ങള്‍. പുതിയ സര്‍ക്കാര്‍ ബജറ്റില്‍ ഒരു പരിധി വരെ ഇതിനെല്ലാം പരിഹാരം നിര്‍ദേശിക്കുമെന്നു തന്നെയാണ് കരുതുന്നത്.