സഊദിയിലെ ഭീകരാക്രമണങ്ങള്‍

Posted on: July 8, 2016 6:00 am | Last updated: July 7, 2016 at 8:49 pm
SHARE

ആശങ്കാജനകമാണ് സഊദിയിലെ ഭീകരാക്രമണ വാത്തകള്‍. പൊതുവെ ശാന്തമായിരുന്ന സഊദിയില്‍ ഈയിടെയായി സ്‌ഫോടനങ്ങളും ചാവേര്‍ ആക്രമണങ്ങളും കേട്ടുതുടങ്ങിയിരിക്കുന്നു. തിങ്കളാഴ്ച അവിടെ മൂന്നിടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. മദീന മസ്ജിദുന്നബവിക്ക് സമീപവും ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് പരിസരത്തും ഖതീഫിലെ ഫറജുല്‍ ഉംറാന്‍ പള്ളിക്ക് സമീപവും. നാല് സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടു. അടുത്ത വര്‍ഷങ്ങളിലായി മക്ക, ഖമീസ്, താഇഫ്, അല്‍ദാവ, അല്‍ഖുദൈഫ്, ദമാം, സൈഹാത്ത് നജ്‌റാന്‍, അസീര്‍ എന്നിവിടങ്ങളിലായി പതിനഞ്ചോളം ഭീകരാക്രമണങ്ങള്‍ രാജ്യത്ത് നടക്കുകയുണ്ടായി. ഇതിലേറെയും മസ്ജിദുകള്‍ ലക്ഷ്യമാക്കിയായിരുന്നു. മാത്രമല്ല, വിശുദ്ധ റമസാനിലുമായിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ ഖതീഫിലും ദമാമിലെ അന്നൗദിലും ഈ വര്‍ഷം ജനുവരിയില്‍ റിയാദിലെ അല്‍ അഹ്‌സ മേഖലയിലും ചാവേറുകള്‍ ആക്രമണം നടത്തിയത് വെള്ളിയാഴ്ച ജുമുഅ നേരത്ത് വിശ്വാസികള്‍ പള്ളിയില്‍ ഒരുമിച്ചുകൂടുന്ന സമയത്തായിരുന്നു.
ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ മക്കയും മദീനയും ഉള്‍പ്പെടുന്നതാണ് സഊദി. ഹജ്ജ്, ഉംറ, റൗള സിയാറത്ത് തുടങ്ങിയ കര്‍മങ്ങള്‍ക്കായി ലോകത്തിന്റെ നാനാഭാഗത്ത് നിന്നും വിശ്വാസികള്‍ എത്തിച്ചേരുന്ന മേഖലയുമാണിത്. മുസ്‌ലിം ലോകം ഏറെ പവിത്രത കല്‍പിക്കുന്ന രണ്ട് പുണ്യ പ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. അതുകൊണ്ടു തന്നെ ഇവിടെ അരങ്ങേറുന്ന ഏത് അനിഷ്ട സംഭവങ്ങളും മുസ്‌ലിം ലോകം അതീവ ഭീതിയോടെയാണ് വീക്ഷിക്കുന്നത്. തിങ്കളാഴ്ച നടന്ന സ്‌ഫോടനത്തിന് പിന്നിലെ ശക്തികളാരെന്ന് വ്യക്തമായിയിട്ടില്ല. ഐ എസിലേക്കാണ് സംശയം നീളുന്നത്. ഐ എസിനെ പടച്ചുവിട്ടത് മൊസാദും സി ഐ എയും ചേര്‍ന്നാണെന്നും അബൂബക്കര്‍ ബഗ്ദാദിക്ക് മൊസാദ് ഒരു വര്‍ഷത്തോളം സൈനിക പരിശീലനം നല്‍കിയിരുന്നുവെന്നുമുള്ള എഡ്ര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ഈ സന്ദേഹത്തെ ബലപ്പെടുത്തുന്നു. ദേശീയ സുരക്ഷാ ഏജന്‍സിയുടെ രേഖകള്‍ ഉദ്ധരിച്ചാണ് സ്‌നോഡന്‍ ഇക്കാര്യം പുറത്തു വിട്ടത്. ബഗ്ദാദിക്ക് സി ഐ എയുമായി അടുത്ത ബന്ധമുണ്ടെന്ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയ കാര്യ വിദഗ്ധന്‍ മാട്‌സൂവും വ്യക്തമാക്കിയതാണ്. 2004- 2009 കാലത്തെ ജയില്‍വാസ കാലത്താണ് ബഗ്ദാദി സി ഐ എമായി ബന്ധം സ്ഥാപിച്ചത്. ഐ എസ് രൂപവത്കരണത്തിന് യു എസ് സേന സഹായിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ ലഫ്റ്റനന്റ് ജനറലായിരുന്ന ടോം മക്‌നറിയും തുറന്നുസമ്മതിച്ചതാണ്.
മുസ്‌ലിം ലേബളില്‍ ഭീകര സംഘടനകളെ സൃഷ്ടിച്ചു ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് പ്രതിഷ്ടിക്കുകയും തുടര്‍ന്ന് മുസ്‌ലിം രാഷ്ട്രങ്ങളെ അക്രമിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഇപ്പോള്‍ അമേരിക്കയും ഇസ്‌റാഈലും നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ നിലനില്‍പ് അനിവാര്യതയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനായി ശത്രുവിനെ സ്വയം സൃഷ്ടിക്കുക എന്നത് സയണിസ്റ്റ് തന്ത്രത്തിന്റെ ഒരു ഭാഗം തന്നെയാണ്. അടുത്ത കാലം വരെ ലോകത്തെ വിറപ്പിച്ച അല്‍ഖാഇദയുടെ പിറവിക്ക് പിന്നിലൂം അമേരിക്കയായിരുന്നുവെന്ന വിവരവും ഇതിനിടെ പുറത്തുവന്നതാണ്. അല്‍ഖാഇദയുടെ പേരില്‍ അമേരിക്കന്‍ വേള്‍ഡ് സെന്ററിന് നേരെ നടന്ന ആക്രമണം ആസൂത്രണം ചെയ്തത് മൊസാദായിരുന്നുവെന്ന വസ്തുതയും വെളിപ്പെട്ടിട്ടുണ്ട്. ഈ ആക്രമണമാണല്ലോ മുസ്‌ലിംകള്‍ ഏറെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയതും പാശ്ചാത്യ ശക്തികള്‍ക്ക് മുസ്‌ലിം ലോകത്തിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിക്കാന്‍ അവസരമൊരുക്കിയതും. ഇസ്‌റാഈലില്‍ ഐ എസ് ഇതുവരെയും ഒരൊറ്റ ഭീകരാക്രണവും നടത്തിയിട്ടില്ലെന്നതും ഐ എസിനെ ചൊല്ലി മുസ്‌ലിം ഭീകരതയെ അധിക്ഷേപിക്കുന്നതിലപ്പുറം അവര്‍ക്കെതിരായി ഒരു സൈനിക നടപടിക്ക് അമേരിക്കയോ ഇസ്‌റാഈലോ മുന്നോട്ട് വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഇസ്‌ലാമിക ലോകത്ത് സ്ഥിരം അശാന്തിയും കുഴപ്പങ്ങളും സ്ഥാപിക്കുകയും മുസ്‌ലിം രാഷ്ട്രങ്ങളുടെ നിലനില്‍പ് അവതാളത്തിലാക്കുകയും ചെയ്യുക എന്നതാണ് ഇത്തരം സംഘടനകളുടെ സൃഷ്ടിപ്പിലൂടെ അമേരിക്കയും ഇസ്‌റാഈലും ലക്ഷ്യമിടുന്നത്. ഫലസ്തീന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, ലബനാന്‍, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളെ ഇതിനകം അവര്‍ നാശോന്മുഖമാക്കിക്കഴിഞ്ഞു. മറ്റു മുസ്‌ലിം രാഷ്ട്രങ്ങളെയും ഈ പരുവത്തിലാക്കാനാണ് ഇനി അവരുടെ നീക്കങ്ങള്‍. മുസ്‌ലിം ലോകത്തിന്റെ കേന്ദ്രമെന്ന നിലയില്‍ സഊദി എന്നും അവരുടെ കണ്ണിലെ കരടാണ്. അവിടെ രാഷ്ട്രീയ അസ്ഥിരത സൃഷ്ട്രിക്കുകയാണ് ജൂത, സയണിസ്റ്റ് ലോബിയുടെ അടുത്ത ലക്ഷ്യം. നിരന്തരമുള്ള ഭീകരാക്രമണങ്ങള്‍ അതിന്റെ ഭാഗമായി വേണം കാണാന്‍. സഊദി ഭരണ നേതൃതവും മുസ്‌ലിം ലോകവും ഈ ഗൂഢതന്ത്രവും കുരുട്ടുബുദ്ധിയും തിരിച്ചറിയേണ്ടതുണ്ട്.