Connect with us

Kerala

മെഡിക്കല്‍ കോളജുകളിലെ അക്കാദമിക്‌സൗകര്യം വര്‍ധിപ്പിക്കും: മന്ത്രി

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളിലെയും അക്കാദമിക പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ എല്ലാ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി െ്രെപമറി ഹെല്‍ത്ത് സെന്ററുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. കോഴിക്കോട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജില്ലാ ആശുപത്രികള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കി ഉയര്‍ത്താനുള്ള ശ്രമം ആരംഭിക്കും. സിദ്ധ, യുനാനി ഡിസ്‌പെന്‍സറികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ അനുവദിക്കും. സ്‌പെഷാലിറ്റി ഡോക്ടര്‍മാരെ ലഭിക്കാത്ത പ്രയാസമുണ്ട്. അത് പരിഹരിക്കാന്‍ ശ്രമിക്കും. ഒരു ഡോക്ടര്‍ പോലുമില്ലാത്ത പി എച്ച് സികള്‍ സംസ്ഥാനത്തുണ്ട്. അത്തരം പി എച്ച് സികളില്‍ ഡോക്ടറെ നിയമിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സംസ്ഥാനത്ത് പുതിയ നിയമനം നടക്കാത്തതിന്റെ പ്രശ്‌നാമാണിത്.
ആരോഗ്യ വകുപ്പില്‍ 700 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പി എസ് സി ലിസ്റ്റില്‍ നിന്ന് 200 പേര്‍ക്ക് അപ്പോയ്‌മെന്റ് ലെറ്റര്‍ കൊടുത്തപ്പോള്‍ 54 പേരാണ് ജോലി ചെയ്യാന്‍ തയ്യാറായത്. ഒരു വര്‍ഷത്തിനകം എല്ലാ ആശുപത്രികളിലുമുള്ള ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തും. ഇതോടൊപ്പം നഴ്‌സുമാരുടെ ഒഴുവുകളും പരിഹരിക്കും. സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കും.
ഡിഫ്ത്തീരിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികള്‍ക്കാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായതായി മന്ത്രി അറിയിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന കാര്യം ജനങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി ആദ്യഘട്ടത്തില്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ ഉപയോഗപ്പെടുത്തി ബോധവത്കരണം നടത്തും. രണ്ടാംഘട്ടത്തില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ക്യാമ്പയിള്‍ സംഘടിപ്പിക്കും. മൂന്നാംഘട്ടത്തിലും വാക്‌സിനേഷനുള്ള അവസരം നിഷേധിച്ച് ആരോഗ്യപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നവരെ നിയമപരമായി നേരിടും. വാക്‌സിനേഷന്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ആരോഗ്യവകുപ്പിനെ സഹായിക്കാന്‍ കൂടിയാണ്.
അംഗന്‍വാടി ജീവനക്കാര്‍ക്ക് ഓണറേറിയം പത്തായിരം രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഇപ്പോള്‍ മുഴുവനായും കൊടുക്കാന്‍ പ്രയാസമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ അത് കൊടുത്തു തീര്‍ക്കുമെന്നും അവര്‍ പറഞ്ഞു.

Latest