വാഴയൂരില്‍ സുന്നികള്‍ക്ക് നേരെ ചേളാരി ഗുണ്ടാ ആക്രമണം; ആറ് പേര്‍ക്ക് പരുക്ക്

Posted on: July 7, 2016 11:06 pm | Last updated: July 7, 2016 at 11:06 pm
SHARE

attackഎടവണ്ണപ്പാറ: വാഴയൂര്‍ മൂളപ്പുറത്ത് സുന്നികള്‍ക്ക് നേരെ ചേളാരി ഗുണ്ടാ ആക്രമണം. ആറ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. നിരവധി പേരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. വാഹനങ്ങളും തകര്‍ക്കപ്പെട്ടു. വ്യാഴാഴ്ച മഗരിബ് നിസ്‌കാരത്തെ തുടര്‍ന്ന് മൂളപ്പുറം ജുമുഅ മസ്ജിദിലാണ് സംഘര്‍ഷമുണ്ടായത്. കളത്തിങ്ങല്‍ ആലിക്കുട്ടി (65), തെക്കേതൊടി അബ്ദുല്‍ ലത്വീഫ് (55), കെ പി മൊയ്തീന്‍ ഹാജി (70), ചോലക്കുഴി റമീസ് (21), ചോലക്കുഴി അബ്ദുര്‍റഹ്മാന്‍ (35), ടി കെ അശ്കര്‍ (22) എന്നിവര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. സാരമായി പരുക്കേറ്റ ലത്വീഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ചുങ്കത്തെ സ്വകാര്യ ആശുപത്രയിലാണ്.

മഗ്‌രിബ് ബാങ്ക് കൊടുത്തതിന് ശേഷം നിസ്‌കാരത്തിന് തയ്യാറെടുക്കുന്നതിനിടെ കത്തിയും ഇരുമ്പ് വടിയും പട്ടികയുമായെത്തിയ ചേളാരി ഗുണ്ടാ സംഘം സുന്നി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വാഴക്കാട് പോലീസെത്തി ലാത്തി വീശി അക്രമി സംഘത്തെ പുറത്താക്കിയതോടെ സുന്നി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞു. നടുവിലാക്കല്‍ കുഞ്ഞിമുഹമ്മദ്, പള്ളിത്താഴ മുഹമ്മദ്, കൊളങ്ങര പറമ്പത്ത് നിസാമുദ്ദീന്‍, നടുവിലാക്കല്‍ അബ്ദുല്‍ ഖാദര്‍, എം കെ അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുഞ്ഞിമുഹമ്മദിന്റെയും നിസാമുദ്ദീന്റെയും വീട്ടില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും തകര്‍ത്തിട്ടുണ്ട്. വാഴക്കാട് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

ചേളാരി വിഭാഗവും സുന്നികളും സംയുക്തമായി പ്രവര്‍ത്തിച്ചുവരുന്ന മഹല്ലില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ച ഖത്തീബ് അബ്ദുല്‍ മജീദ് ദാരിമിയെ മാറ്റണമെന്ന് സുന്നികള്‍ ആവശ്യപ്പെട്ടിരുന്നു. പെരുന്നാളിന് ശേഷം ഇയാളെ മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ചേളാരി വിഭാഗം ഇതിന് തയ്യാറായില്ല. പ്രശ്‌നം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തിബിനെ ഇന്ന് നിര്‍ബന്ധപൂര്‍വം പള്ളിയില്‍ ഇമാമത്ത് നിര്‍ത്തിയതിനെ സുന്നികള്‍ ചോദ്യം ചെയ്തു. ഇതോടെ മുന്‍കൂട്ടി കരുതിയ ആയുധങ്ങള്‍ ഉപയോഗിച്ച് ചേളാരികള്‍ ഗുണ്ടാ വിളയാട്ടം നടത്തുകയായിരുന്നു. സംയുക്ത കമ്മിറ്റി ഭരണം നടത്തുന്ന പള്ളി വ്യാജരേഖ ചമച്ച് പിടിച്ചെുക്കാനുള്ള ചേളാരി വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്ക് ഒത്താശ ചെയ്തത് മജീദ് ദാരിമിയായിരുന്നു.

അക്രമത്തെ തുടര്‍ന്ന് പള്ളി പോലീസ് താത്കാലികമായി പൂട്ടി. രണ്ട് മാസം മുമ്പും ചേളാരി വിഭാഗം പള്ളിയില്‍ അക്രമം നടത്തിയിരുന്നു.