ഗതാഗത കുരുക്ക് അഴിച്ച് എഫ് റിംഗ് റോഡ്- മിസൈമീര്‍ പാലം

Posted on: July 7, 2016 7:23 pm | Last updated: July 7, 2016 at 7:23 pm
SHARE

roadദോഹ: എഫ് റിംഗ് റോഡില്‍ നിന്ന് മിസൈമീര്‍ റോഡിലേക്ക് കഴിഞ്ഞ ദിവസം തുറന്ന പുതിയ പാലം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അല്‍ വക്‌റയില്‍ നിന്നുമുള്ള ഗതാഗതം സുഗമമാക്കി. അബു ഹമൂര്‍, അല്‍ മഅ്മൂര്‍, സല്‍വ റോഡ് എന്നിവിടങ്ങളിലേക്കുള്ള നേര്‍വഴിയാണ് ഈ പാലം.
ബര്‍വ വില്ലേജ്, റിലീജ്യസ് കോംപ്ലക്‌സ്, അല്‍ വക്‌റ, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലേക്ക് പോകാന്‍ പാലത്തിന് താഴെയുള്ള എഫ് റിംഗ് റോഡിലേക്ക് യു ടേണ്‍ ചെയ്യാന്‍ കൂടുതലുള്ള രണ്ട് താത്കാലിക പാത തുടര്‍ന്നും ലഭ്യമാകുമെന്ന് അശ്ഗാല്‍ അറിയിച്ചു. ഇതിനായി ഒരു കിലോമീറ്റര്‍ ദൂരമുള്ള പുതിയ സര്‍വീസ് റോഡ് ഉപയോഗിച്ചാല്‍ മതി. പാലത്തിന് താഴെ അല്‍ ജസീറ അക്കാദമിയുടെ മുന്‍വശത്ത് യു ടേണിന് രണ്ട് പാതകള്‍ കൂടിയുണ്ട്. സര്‍വീസ് റോഡിലൂടെ ഇവിടേക്കും എത്താം.
റൗദ അല്‍ ഖെയ്ല്‍ റോഡ് പദ്ധതിയുടെ പ്രധാന ഭാഗമായ പാലം, മേഖലയിലെ ഗതാഗതകുരുക്ക് അഴിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിച്ചതാണ്. ദോഹ സിറ്റി സെന്ററുമായി ഇന്‍ഡസ്ട്രിയല്‍ ഏരിയയെയും ഇത് ബന്ധിപ്പിക്കുകയും ബര്‍വ വില്ലേജിലേക്കും വാണിജ്യ മേഖലയിലേക്കും എളുപ്പം എത്താനും സാധിക്കും. എഫ് റിംഗ് റോഡിനെ ഹോള്‍ സെയ്ല്‍ മാര്‍ക്കറ്റുമായും മിസൈമീര്‍ സ്ട്രീറ്റുമായും ഈ പാലം ബന്ധിപ്പിക്കും.
അല്‍ വാബ്, സല്‍വ റോഡ്, ബു ഹമൂര്‍, അല്‍ മഅ്മൂറ- അല്‍ തുമാമ, ഹമദ് വിമാനത്താവളം, കോര്‍ണിഷ് എന്നിവിടങ്ങളിലേക്കുമുള്ള ഗതാഗതം സുഗമമാക്കും.
റൗദ അല്‍ ഖല്‍ഫാത്, റൗദ അല്‍ ദബ്ദാബ, അല്‍ ഖരീജ സ്ട്രീറ്റ്, അല്‍ റബിയ്യാത് സ്ട്രീറ്റ് എന്നിവയുടെ അടച്ച എക്‌സിറ്റുകള്‍ അടുത്തുതന്നെ തുറക്കും. ഓരോ ദിശയിലേക്കും മൂന്നുവരി പാതയോടുകൂടിയ എട്ട് കിലോമീറ്റര്‍ ഡുവല്‍ കാര്യേജ്‌വേ ഉള്‍പ്പെടുന്നതാണ് റൗദ അല്‍ ഖെയ്ല്‍ റോഡ് പദ്ധതി. ആറ് മള്‍ട്ടിലെവല്‍ ഇന്റര്‍ചേഞ്ചുകളും ഉണ്ടാകും.
അശ്ഗാല്‍ പ്രസിഡന്റ് എന്‍ജിനീയര്‍ നാസര്‍ ബിന്‍ അലി അല്‍ മൗലവി, ഇന്‍ഫ്രാസ്ട്രക്ചര്‍ അഫയേഴ്‌സ് ഡയറക്ടര്‍ എന്‍ജിനീയര്‍ ജലാല്‍ യൂസുഫ് അല്‍ സല്‍ഹി, എക്‌സ്പ്രസ്‌വേ പ്രൊജക്ട്‌സ് വകുപ്പ് മാനേജര്‍ എന്‍ജിനീയര്‍ നാസര്‍ ഗൈസ് അല്‍ കുവാരി, റോഡ് പരിപാലന വകുപ്പ് മാനേജര്‍ എന്‍ജിനീയര്‍ യൂസുഫ് അല്‍ ഇമാദി, ട്രാഫിക് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി, പ്ലാനിംഗ് ആന്‍ഡ് ട്രാഫിക് സേഫ്റ്റി മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് മറാഫി, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിനിധി അബ്ദുര്‍റഹ്മാന്‍ ബിന്‍ അബ്ദുല്ല അല്‍ ഖുലൈഫി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ശേഷം അബ്ദുല്ല ദാഫിര്‍ അല്‍ ഹാജ്‌രി എന്ന ഖത്വരി പൗരനാണ് പാലത്തിലൂടെ ആദ്യം കടന്നുപോയത്.