Connect with us

Gulf

റമസാനില്‍ റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറഞ്ഞു

Published

|

Last Updated

ദോഹ:”ഇഫ്താര്‍ സമയത്ത് തിരക്ക് പിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നത് തടയാന്‍ ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് പോലീസ് ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്തത് അപകടം കുറച്ചെന്ന് വിലയിരുത്തല്‍. വാഹനങ്ങളില്‍ തെര്‍മല്‍ ഇന്‍സുലേഷന്‍ ഘടിപ്പിക്കുന്നതിനുള്ള ഡിസ്‌കൗണ്ട് കൂപ്പണുകളും റോസുകളും ഭക്ഷണവുമാണ് വിവിധ ഇന്റര്‍സെക്ഷനുകളില്‍ ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് പോലീസ് വിതരണം ചെയ്തത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും സ്വകാര്യ കമ്പനികളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗതാഗത നിയമങ്ങളും മുന്നറിയിപ്പുകളും ഡ്രൈവര്‍മാര്‍ പാലിച്ചതില്‍ അവരോട് വകുപ്പിന് നന്ദിയുണ്ടെന്ന് ട്രാഫിക് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി അറിയിച്ചു. പൊതുസുരക്ഷ ആവശ്യപ്പെടുന്ന പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ട്രാഫിക് പോലീസ് തങ്ങളോടുപ്പമുണ്ടെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. മുന്‍മാസത്തെ അപേക്ഷിച്ച് റമസാനില്‍ ഗതാഗത നിയമലംഘനങ്ങളും റോഡ് അപകടങ്ങളും വളരെയേറെ കുറഞ്ഞിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നത്. കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകളിലും സൂഖ് വാഖിഫിലും സന്ദര്‍ശകര്‍ക്ക് ഗതാഗത ബോധവത്കരണ പരിപാടികള്‍ വകുപ്പ് സംഘടിപ്പിച്ചിരുന്നു.
റമസാനിലെ അവസാന പത്ത് ദിവസങ്ങളിലെയും ഈദുല്‍ ഫിത്ര്‍ അവധി ദിനങ്ങളിലെയും ഗതാഗതത്തിരക്ക് കുറക്കുന്നതിന് വകുപ്പ് പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നുണ്ട്. റസിഡന്‍ഷ്യല്‍ ഏരിയകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മാര്‍ക്കറ്റുകള്‍, വിനോദകേന്ദ്രങ്ങള്‍, പെരുന്നാള്‍ നിസ്‌കാര ഗ്രൗണ്ടുകള്‍ തുടങ്ങിയയിടങ്ങളില്‍ ട്രാഫിക് പോലീസ് പട്രോളിംഗ് ശക്തമാക്കും. വാഹനയാത്രികര്‍ക്ക് നല്‍കാന്‍ സ്വകാര്യ കമ്പനികള്‍ വലിയ അളവില്‍ ഭക്ഷണം ട്രാഫിക് വകുപ്പിനെ ഏല്‍പ്പിച്ചിരുന്നു. അല്‍ ശീഹാനിയ്യ റോഡ്, അബു സംറ ചെക്ക് പോസ്റ്റ് അടക്കമുള്ളയിടങ്ങളില്‍ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. വാഹനങ്ങളില്‍ തെര്‍മല്‍ ഇന്‍സുലേഷന്‍ ഘടിപ്പിക്കുന്നതിന് ഒരു കമ്പനി 900 ഖത്വര്‍ റിയാലിന്റെ ഡിസ്‌കൗണ്ട് കൂപ്പണുകള്‍ നല്‍കിയിരുന്നു. പൂക്കടയാണ് റോസുകള്‍ നല്‍കിയത്. കോര്‍ണിഷിലും സൂഖ് അല്‍ അലിയിലുമാണ് പൂക്കള്‍ വിതരണം ചെയ്തത്. റോഡ് സുരക്ഷക്ക് ട്രാഫിക് വകുപ്പിന് പ്രധാന പങ്ക് വഹിക്കാനുണ്ടെങ്കിലും എല്ലാ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കൂട്ടുത്തരവാദിത്തം കൂടിയാണത്. ട്രാഫിക് നിയമങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വാഹനയാത്രക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തേണ്ടതുണ്ട്. നിയമം നടപ്പാക്കുന്നതിന് ലംഘകരെ പിടികൂടുകയാണ് വകുപ്പിന്റെ പ്രധാന ധര്‍മമെങ്കിലും ഈദ് തുടങ്ങിയ ആഘോഷവേളകളില്‍ അവരുമായുള്ള സമ്പര്‍ക്കം കാര്യക്ഷമമാക്കാന്‍ കൂടി ശ്രമിക്കുന്നുവെന്നും ട്രാഫിക് വകുപ്പ് അധികൃതര്‍ പറഞ്ഞു.

Latest